താഴ്‌മയോടെ ജനവിധി അംഗീകരിക്കുന്നുവെന്ന് മോദി, കോണ്‍ഗ്രസിന് അഭിനന്ദനം

By Web TeamFirst Published Dec 11, 2018, 10:35 PM IST
Highlights

ലോക്‌സഭാ  തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്നറിയപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: ലോക്‌സഭാ  തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്നറിയപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മോദി. ജനവിധി താഴ്‌മയോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ഛത്തീസ്‌ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വിശ്രമമില്ലാതെ ബിജെപി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ഭാവിയില്‍ ഞങ്ങള്‍ക്ക് തിരുത്താനും ഇതിലും ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനുമുള്ള ഊര്‍ജമാണ് ഇന്നത്തെ ഫലമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ അറിയിച്ചു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി. മൂന്ന് ലാപ്പുകളിലായി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. ആകെ 90 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പിടിച്ചത്.  68 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചപ്പോള്‍ 16 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 

മറ്റുള്ളവര്‍ ആറ് സീറ്റിലും വിജയം കണ്ടെത്തി. അതേസമയം രാജസ്ഥാനില്‍ 164 സീറ്റുകളുണ്ടായിരുന്ന ബിജെപി 73 സീറ്റുകളിലേക്ക് കൂപ്പുകുത്തി. കോണ്‍ഗ്രസിന് ഇവിടെ 99 സീറ്റുകളുണ്ട്.  ബിഎസ്പി ആറ് സീറ്റുകളും മറ്റുള്ളവര്‍ 21 സീറ്റും ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ വൈകുകയാണെങ്കിലും കോണ്‍ഗ്രസിന് തന്നെയാണ് മുന്നേറ്റം. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും 113 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ഇരു സംസ്ഥാനങ്ങളിലും ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റുകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടിടത്തും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.
 

click me!