
ഇന്ത്യയെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സുശാന്ത് സിംഗ് രജ്‍പുത്തിന്റേത്. സുശാന്തിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ ചില പ്രശ്‍നങ്ങള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താരങ്ങള്‍ അടക്കമുള്ളവര്‍ സൂചിപ്പിക്കുന്നു. അയാൾ തന്ന ചില വേഷങ്ങളിലൂടെ ഒരുപാട് പേർ അയാളെ ഓർമ്മിച്ചേക്കാം. പ്രശ്‌നം അവിടെയുണ്ട് എന്ന് അംഗീകരിക്കുന്നിടത്ത് നിന്ന് മാത്രമെ നമുക്ക് എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളുവെന്നും പറഞ്ഞ് ജിതിൻ രാജ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ജിതിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
2019ൽ രാജീവ് മസന്ത് അവതരിപ്പിച്ച Newcomers round table എന്ന ചാറ്റ് ഷോയിലെ ഒരുഭാഗത്ത് ചങ്കിപാണ്ഡെയുടെ മകൾ അനന്യാ പാണ്ഡെ നെപോട്ടിസത്തെ പറ്റി സംസാരിക്കുകയാണ്. ആളുകൾ നെപ്പോട്ടിസത്തിന്റെ പേരിൽ എന്നെ ഇഷ്‍ടപ്പെടുന്നില്ലെന്ന് എനിക്കറിയാം. എന്റെ അച്ചൻ ചങ്കി പാണ്ഡെയാണെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നുണ്ട്. എല്ലാവർക്കും അവരുടേതായ struggle ഉണ്ടെന്നും അനന്യാ പാണ്ഡെ പറയുന്നു.
ആ ചർച്ചയിൽ പക്ഷേ പതിവ് താരപുത്രന്മാരിൽ നിന്നും പുത്രിമാരിൽ നിന്നും വ്യത്യസ്‍തനായ ഒരു താരം കൂടിയുണ്ടായിരുന്നു. ഖലി ബോയ് എന്ന ചിത്രത്തിലെ എംസി ഷേർ എന്ന കഥാപാത്രത്തിലൂടെ അയാളെ നമ്മൾ അറിയും.സിദ്ധാർഥ് ചതുർവേഥി. ബോളിവുഡിൽ ഗോഡ്‌ഫാദർമാർ ആരും ഇല്ലാതെ fame കിട്ടിയ താരമാണ്. അയാൾ ഇതിന് നൽകിയ മറുപടി നെപോട്ടിസം എന്നത് സിനിമാ എന്നത് മാത്രം സ്വപ്‌നം കാണുന്നവരുടെ മുന്നിൽ എത്രത്തോളം വെല്ലുവിളി ഉയർത്തുന്നു എന്നത് തെളിയിക്കുന്നതായിരുന്നു.
രണ്ടേ രണ്ട് വരിയിൽ അയാൾ ആ വലിയ ചിത്രം തുറന്നുകാട്ടി. നിങ്ങളുടെ പ്രയാസങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവോ അത് ഞങ്ങളുടെ സ്വപ്‌നങ്ങൾ സത്യമാകുന്ന ഇടമാണ്. അതാണതിന്റെ വ്യത്യാസം. ബോളിവുഡ് എന്ന സ്വജനപക്ഷവാദത്തിന് പേരുകേട്ട ഇൻഡസ്ട്രിയെ ഒരൊറ്റ വാക്കിലാണ് അയാൾ അന്നവിടെ തുറന്നുകാട്ടിയത്.
ഒരു താരത്തിന്റെ മകൻ/മകൾ/മറ്റ് ബന്ധങ്ങൾ ആവുന്നത് കൊണ്ട് സിനിമയിൽ അഭിനയിക്കുന്നത് തെറ്റാണെന്നല്ല. ഇത്തരം രാവണൻ കോട്ടകൾ ഒരു ഇൻഡസ്ട്രിയെ ചുരുക്കം കുടുംബങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്നു. ബോളിവുഡിൽ ഗോഡ് ഫാദർമാരില്ലാതെ വിജയിക്കാൻ സാധിക്കില്ല എന്നത് തന്നെ പരസ്യമായ രഹസ്യമാണ്. ഇന്നിപ്പോൾ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തിന് ശേഷം ശേഖർ കപൂർ, രൺവീർ ഷൂരി എന്നിവരുടെ വാക്കുകളും ബോളിവുഡിന്റെ മാഫിയകൾക്ക് നേരെയാണ് വിരൽചൂണ്ടുന്നതും.
ബോളിവുഡിന്റെ ഗേറ്റ്‌കീപ്പേഴ്‌സ് ആണെന്ന് സ്വയം കരുതുന്നവരെ പറ്റി നമ്മൾ എന്തെങ്കിലും പറഞ്ഞിരിക്കണം എന്ന് തോന്നുന്നു. യാതൊന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത അവരുടെ വൃത്തിക്കെട്ട കളികളെ പറ്റി. തലമുറകളായി അവരുടെ മടിതട്ടിൽ എത്തികൊണ്ടിരിക്കുന്ന അധികാരത്തെ പറ്റി. ആരായിരിക്കണം താരമെന്നും ആരുടെ കരിയർ ആണ് നശിപ്പിക്കേണ്ടതെന്നും തീരുമാനിക്കാൻ കരുത്തരായവരെ പറ്റി.
നിനക്കെന്തു സംഭവിച്ചു എന്നത് മറ്റ് ചിലരുടെ പ്രവർത്തികൾ കൊണ്ടുണ്ടായതാണെന്ന് പറയുന്നത് ഇന്ത്യയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന സംവിധായകരിൽ ഒരാളായ ശേഖർ കപൂർ. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് സുശാന്ത് ആയിരുന്നു. ബോളിവുഡ് താരകുടുംബമെന്ന പ്രവിലേജുകളിലേക്ക് ജനിച്ചുവീണ ആളുകൾ ഇന്ന് രാത്രി നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചിന്തിച്ചുനോക്കണം എന്ന് മാത്രമാണ് അനുഭവ് സിൻഹ പറയുന്നത്.
ഇത്രയും പ്രതികരണങ്ങൾ കണ്ടുകഴിയുമ്പോൾ സുശാന്തിന്റെ പഴയൊരു ട്വീറ്റിലേക്ക് പോവുക. 2019 അഭിഷേക് ചൗബെയുടെ സോഞ്ചിരിയ പുറത്തിറങ്ങിയ സമയത്താണെന്ന് തോന്നുന്നു. നിങ്ങൾ മരിക്കുന്ന ഒരു സിനിമ ബിഗ്‌സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്ന ആരാധികയോട്. എനിക്ക് ഇവിടെ ഗോഡ്‌ഫാദർമാർ ആയി ആരുമില്ല. ഞാൻ ഇവിടെ നിലനിൽക്കുന്നത് കാണണമെങ്കിൽ നിങ്ങൾ സിനിമ കാണു എന്നാണ് സുശാന്ത് മറുപടി നൽകുന്നത്. ഇന്നിപ്പോൾ ആലോചിച്ചുനോക്കുമ്പോൾ അയാളെ ഒതുക്കുവാൻ ശ്രമിക്കുന്ന ഒരുപാട് പേരെ കാണാനാവും. ഒപ്പം ഒരു നടനെന്ന രീതിയിൽ എത്രമാത്രം Struggle ചെയ്‌താണ് സുശാന്ത് നിലനിന്നതെന്നും ആ ട്വീറ്റ് നിങ്ങളെ ബോധ്യപ്പെടുത്തും.
ഒരു കോഫീ വിത്ത് കരൺ എപ്പിസോഡിൽ അയാളെ നിങ്ങൾക്ക് കാണാനാവില്ല, ഏത് മസാല ചിത്രത്തിനും നൽകുന്ന ഫിലിം ഫെയർ അവാർഡുകൾ, നോമിനേറ്റ് ചെയ്യപ്പെടുന്നതല്ലാതെ കിട്ടിയ അവസരങ്ങൾ തീരെ കുറവ്.
ഒന്നോ രണ്ടോ ആഴ്‌ചകൾ കഴിയുമ്പോൾ ഈ വിഷയവും ഇല്ലാതാവും. അയാൾ തന്ന ചില വേഷങ്ങളിലൂടെ ഒരുപാട് പേർ അയാളെ ഓർമ്മിച്ചേക്കാം. ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിലെ പ്രശ്‌നത്തെ തുടർന്ന് ആത്മഹത്യ ചെയ്‌തപ്പോൾ,രോഹിത് വെമുലയുടെ മരണത്തിൽ എല്ലാം നമ്മൾ ചർച്ചയാക്കിയത് വിഷാദരോഗത്തെ/ആത്മഹത്യ പ്രവണതയേ മാത്രം ആയിരുന്നില്ല. അതിന്റെയെല്ലാം Root causes ജാതിയോ മതമോ എല്ലാമാണെന്ന് നമ്മൾക്ക് എളുപ്പം പിടികിട്ടി.
ഇവിടെ വിഷാദരോഗത്തെ പറ്റിയും ഞങ്ങളുണ്ടാവുമായിരുന്നല്ലോ എന്ന് താരങ്ങളും മാധ്യമങ്ങളും പറയുമ്പോൾ( നല്ലത് തന്നെ വിഷാദരോഗവും മാനസിക ആരോഗ്യവും നമ്മൾ എല്ലാ കാലത്തും ചർച്ചയാക്കുക തന്നെ വേണം) അത് കൃത്യമായി ചർച്ച നെപ്പോട്ടിസം എന്നതിലേക്ക് എത്തരുതെന്ന് ആഗ്രഹിച്ച് ചെയ്യുന്നത് പോലെ തന്നെയാണെന്ന് തോന്നിപോകുന്നു. വിഷയത്തിൽ പ്രശ്‌നം കിടക്കുന്നത് അവിടെ തന്നെയാണെന്ന്.
ബോളിവുഡ് ചിന്തിക്കേണ്ടതും അവിടെ തന്നെ. ഒന്നും ഇവിടെ മാറാൻ പോകുന്നില്ലെന്ന് അറിയാതെയല്ല. പ്രശ്‌നം അവിടെയുണ്ട് എന്ന് അംഗീകരിക്കുന്നിടത്ത് നിന്ന് മാത്രമെ നമുക്ക് എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളു. ഒന്നുമില്ലെങ്കിലും കുറച്ച് മാഫിയകൾ മാത്രം ഭരിക്കുന്ന ഇടമാണ് ബോളിവുഡ് എന്നതെങ്കിലും നമ്മൾ അറിയണം. അവിടെ സുശാന്തുമാർ ഇനിയും ഉണ്ടായേക്കാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ