'കാതലേ...കാതലേ'യുടെ കന്നഡ; യൂട്യൂബിൽ തരം​ഗമായി '99'ലെ ആദ്യ ഗാനം

By Web TeamFirst Published Mar 6, 2019, 11:36 AM IST
Highlights

തെന്നിന്ത്യയിലാകെ തരംഗം തീർത്ത ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. '99' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി.    

വിജയ് സേതുപതിയും തൃഷയും ഒന്നിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് '96'. കഴിഞ്ഞ വർഷം സംഗീത പ്രേമികൾക്ക് ലഭിച്ച ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ‘കാതലേ കാതലേ’. തെന്നിന്ത്യയിലാകെ തരംഗം തീർത്ത ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. '99' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി.    

'സൂര്യനേ...'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. യൂട്യൂബിൽ എത്തി മണിക്കൂറുകൾക്കകം തന്നെ ആസ്വാദക മനം കവർന്നിരിക്കുകയാണ് ​ഗാനം. ഇതുവരെ നാല് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. കവിരാജിന്റെ വരികൾക്ക് അർജുൻ ജന്യയാണ് ഈണം പകർന്നിരിക്കുന്നത്. വിജയ് പ്രകാശ് ആണ് ആലാപനം. അർജുൻ ജന്യയുടെ 100-ാമത് ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗോൾഡൻ സ്റ്റാർ എന്നറിയപ്പെടുന്ന ഗണേഷും ഭാവനയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം രാമു ഫിലിംസാണ് നിർമ്മിക്കുന്നത്.

ചിത്രം തെലുങ്കിലേക്കും റീമേക്കിന് ഒരുങ്ങുന്നുമുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തും. സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. തമിഴിൽ ഈണം നൽകിയ ഗോവിന്ദ് വസന്ത തന്നെയായിരിക്കും തെലുങ്കിലും പാട്ടുകൾക്ക് ഈണം നൽകുക. 

വിവാഹ ശേഷം അഭിനയ ജീവിതത്തിന് ഇടവേള നൽകിയ ഭാവനയുടെ ശക്തമായ തിരിച്ചു വരവാകും 99. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോൺ ആണ് ഭാവനയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2018 ജനുവരിയിലായിരുന്നു ഭാവനയും ചലച്ചിത്ര നിർമ്മാതാവ് നവീനും തമ്മിലുള്ള വിവാഹം.  

click me!