കമ്മാരസംഭവം; സംഭവമാകുവാന്‍ ഇനിയും ബാക്കിയുണ്ട്

By Vipin PanappuzhaFirst Published Apr 14, 2018, 2:48 PM IST
Highlights
  • രതീഷ് അന്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാര സംഭവം. ദിലീപ് നായക കഥാപാത്രമായി എത്തുന്പോള്‍ തമിഴ്താരം സിദ്ധാര്‍ത്ഥ്, ബോബി സിംഹ, നമിത പ്രമോദ് എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

രതീഷ് അന്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാര സംഭവം. ദിലീപ് നായക കഥാപാത്രമായി എത്തുന്പോള്‍ തമിഴ്താരം സിദ്ധാര്‍ത്ഥ്, ബോബി സിംഹ, നമിത പ്രമോദ് എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുരളീഗോപിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്. തിരുവനന്തപുരം ഏരീസ് പ്ലക്സില്‍ ഏതാണ്ട് ഹൗസ്ഫുള്ളയാ സദസ്സിലാണ് ചിത്രം കണ്ടത്. ചരിത്രം എന്ന് പറഞ്ഞ് നാം പഠിച്ചതോ കേട്ടതോ, എത്രത്തോളം സത്യമാണ് എന്നതാണ് ചിത്രത്തിന്‍റെ ഒറ്റവാചകത്തില്‍ പറയാവുന്ന തീം. അതിനോട് ഏറിയും കുറഞ്ഞും ചിത്രം പ്രേക്ഷകന് മുന്നില്‍ എത്തിക്കാന്‍ അണിയറക്കാര്‍ വിജയിച്ചു എന്ന് പറയമെങ്കിലും, വിയോജിപ്പുകള്‍ തോന്നുന്ന മേഖലകളും പലരിലും ഉണ്ടാക്കാം.

കേരളത്തിലെ മാറിമാറി വരുന്ന ഇടതു, വലത് ഭരണത്താല്‍ ഉഴലുന്ന ഒരു കൂട്ടം അബ്കാരികള്‍ ചരിത്രത്തിന്‍റെ ഏടുകളുടെ സഹായത്തോടെ കേരളത്തിന്‍റെ ഭരണം പിടിക്കാന്‍ ഒരു ഹീറോയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കുന്നു. അതിന് അവര്‍ കണ്ടെത്തുന്നയാളാണ് കമ്മാരനും, അയാള്‍ തുടങ്ങിയ ഇന്ത്യന്‍ ലിബറേഷന്‍ പാര്‍ട്ടിയും. അതിന്‍റെ ചരിത്രം സിനിമയാക്കി, കമ്മാരനെ ഹീറോയാക്കുവനാണ് ശ്രമം. അതിനായി രണ്ട് ഭാഗങ്ങളിലായി കമ്മാരന്‍റെ ചരിത്രം കമ്മാരന്‍ പറയുന്നതും, അത് സിനിമയാകുന്നതും ചിത്രത്തില്‍ കാണിക്കുന്നു. ഈ രണ്ട് സംഭവങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും, ആ സംഘര്‍ഷം സൃഷ്ടിക്കുന്ന വഴിത്തിരിവുകളുമാണ് കമ്മാര സംഭവത്തിന്‍റെ കാതല്‍ എന്ന് പറയാം. ചിത്രത്തിന്‍റെ ഏറെക്കുറേ ഭാഗങ്ങളും 1940 കളുടെ അന്ത്യപാദത്തില്‍ എന്ന രീതിയിലാണ് പ്രേക്ഷകന് മുന്നില്‍ എത്തുന്നത്.

കേരളത്തിന്‍റെ ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തേക്ക് ചില ഒളിയന്പുകള്‍ എയ്യുന്ന രീതിയിലാണ് തിരക്കഥ. എന്നാല്‍ പലപ്പോഴും ലോജിക്കായ പക്ഷം തിരക്കഥയില്‍ നഷ്ടപ്പെടുന്നുണ്ട്. അത് പ്രധാനമായും ക്ലൈമാസിനോട് അടുക്കുന്പോള്‍ മനസിലാകുകയും ചെയ്യും. നായക നടന് വേണ്ടി എഴുതിവച്ചത് എന്ന് തോന്നുന്ന ചില ഡയലോഗുകള്‍ ശരിക്കും ഏച്ചുകെട്ടാണ് എന്ന് പറയാതെ വയ്യ. എങ്കിലും ചിത്രത്തിന്‍റെ ഒരു ടൈം ലൈന്‍ പരിശോധിച്ചാല്‍ ആദ്യഭാഗത്ത് കമ്മാരന്‍ പറയുന്ന കഥ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ എത്തുന്പോള്‍ ഒരു സൂപൂഫാണെന്ന് പ്രേക്ഷകന് അനുഭവപ്പെടുന്ന രീതിയില്‍ സംവിധായകന്‍റെ ഇടപെടല്‍ നടന്നില്ലെന്ന് തോന്നും. ഒന്നാം പകുതിയും രണ്ടാം പകുതിയും തമ്മിലുള്ള ഈ പൊരുത്തക്കേട് തന്നെയാണ് ചതിയില്‍ പടച്ച ചരിത്രം എന്ന അനുഭവം ഒരു ഘട്ടത്തിലും ചിത്രം ഉളവാക്കാത്തതിന് കാരണം എന്ന് തോന്നാം.

ചിത്രത്തിന്‍റെ സാങ്കേതിക മേഖലയിലേക്ക് വന്നാല്‍ മികച്ച രീതിയിലുള്ള ഒരു ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ വളരെ മനോഹരമായി തന്നെ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. അതിന് സഹായകരമായ രീതിയിലുള്ള മികച്ച ഗ്രാഫിക്സ് വര്‍ക്കാണ് കമ്മാരസംഭവത്തിന്‍റെത്. കലാസംവിധാനം, സുനിലിന്‍റെ ക്യാമറ, സുരേഷിന്‍റെ എഡിറ്റിംഗ് എന്നിവയ്ക്കൊപ്പം, ഗോപിസുന്ദറിന്‍റെ പാശ്ചാത്തല സംഗീതവും മികച്ച അനുഭവം നല്‍കുന്നുണ്ട്.

അഭിനേതാക്കളില്‍ എല്ലാവരും തങ്ങളുടെ റോളുകള്‍ മനോഹരമാക്കുന്നുണ്ട്. മൂന്ന് വ്യത്യസ്ത റോളുകളില്‍ എത്തുന്ന ദിലീപ് കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് വിലയിരുത്താം. സിദ്ധാര്‍ത്ഥ് കമ്മാര സംഭവത്തില്‍ അഭിനയത്തിന്‍റെ രണ്ട് അറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതിലെ വ്യത്യാസം ഈ താരം സ്ക്രീനില്‍ പ്രകടമാക്കുന്നുണ്ട് എന്നതാണ് സത്യം.

കമ്മാര സംഭവം എന്ന ചിത്രം കണ്ടിറങ്ങുന്ന, താര ആരാധകര്‍ ഒരു പടത്തിന് മൂന്നുപടം കണ്ടു എന്ന രീതിയില്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ടെങ്കിലും. ചിത്രത്തിന്‍റെ പ്രമോഷന്‍ പോസ്റ്ററുകളില്‍ കണ്ട വാചകങ്ങളുടെ ഒരു വിപൂലീകരണമാണ് കമ്മാരസംഭവത്തിലുള്ളത്. ചതിയന്മാരുടെ മാത്രമാണോ ചരിത്രം, ഇത്രയും കാലം പഠിച്ച ചരിത്രത്തില്‍ ഒന്നും ശരിയില്ലെ തുടങ്ങിയ എതിര്‍ചോദ്യങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ന്നുവരാവുന്ന ചിത്രമാണ് കമ്മാരസംഭവം. ചരിത്രം മാറ്റിയെഴുതുന്ന കാലത്ത് പ്രത്യേകിച്ച് അത് ചെയ്യണം. അതിനാല്‍ തന്നെ ഹൈമാര്‍ക്ക് കൊടുത്തു പാസാക്കിയെടുക്കേണ്ട വെറും അവധിക്കാല ചിത്രം അല്ല കമ്മാരസംഭവം എന്ന് പറയേണ്ടിവരും.

click me!