'സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്...'

By Web TeamFirst Published Oct 11, 2021, 3:50 PM IST
Highlights

''അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.'' മഞ്ജു ഫേസ്ബുക്കിൽ കുറിക്കുന്നു. 

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിനെക്കുറിച്ച് കണ്ണുനിറക്കുന്ന ഓർമ്മക്കുറിപ്പുമായി മ‍ഞ്ജു വാര്യർ. മരണമില്ലാത്ത ഓർമ്മയായി എന്നും മനസ്സിലുണ്ടാകും എന്ന വരികളോടെയാണ് മഞ്ജു അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെക്കുന്നത്. അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. മഞ്ജു ഫേസ്ബുക്കിൽ കുറിക്കുന്നു. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ മരക്കാർ എന്ന ചിത്രത്തിൽ. 

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു.  മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന,ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്. 'ദയ'യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ 'ഉദാഹരണം സുജാത', 'ജാക്ക് ആൻഡ് ജിൽ', ഏറ്റവും ഒടുവില്‍ 'മരയ്ക്കാറും' . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..'കൊടുമുടി വേണു!!' അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച,തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും....വേദനയോടെ വിട

click me!