ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം; അക്കാദമിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി എ കെ ബാലൻ

By Web TeamFirst Published Oct 5, 2020, 7:36 PM IST
Highlights

നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ല. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 
 

തിരുവനന്തപുരം: മോഹിനിയാട്ട നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ബാലൻ. സംഭവത്തെക്കുറിച്ച് അക്കാദമിയോട് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

'ശാസ്ത്രീയ നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം തുടങ്ങി മറ്റു കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ശ്രീ. രാമകൃഷ്ണന്‍ 28-9-2020 ന് അക്കാദമിയില്‍ വന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അത് അന്നേ ദിവസം തന്നെ 1900-ാം നമ്പരായി തപാലില്‍ ചേര്‍ത്ത് ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ല.' മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

അക്കാദമിയുടെ വിശദീകരണത്തിൻ മേൽ തയ്യാറാക്കുന്ന റിപ്പോർട്ട് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നൽകിയില്ലെന്ന ആർഎൽവി രാമകൃഷ്ണന്റെ ആരോപണം സമൂഹമാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരള സംഗീത നാടക അക്കാദമി നടത്തുന്ന 'സര്‍ഗഭൂമിക' പരിപാടിയില്‍ ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയോട് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 3-10-2020 നു തന്നെ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് -19 കാരണം കലാ അവതരണം നടത്താന്‍ അവസരങ്ങള്‍ ഇല്ലാതായ കലാകാരന്മാർക്കും കലാകാരികള്‍ക്കും അതിനു അവസരം നല്‍കാനും ചെറുതായെങ്കിലും സാമ്പത്തികസഹായം നല്‍കാനും ലക്ഷ്യമിട്ടാണ് കേരള സംഗീത നാടക അക്കാദമി 'സര്‍ഗഭൂമിക' പരിപാടി നടത്തുന്നത്. കോവിഡ്-19 പ്രോട്ടോകോള്‍ അനുസരിച്ചാണ് പരിപാടി ചിത്രീകരിക്കുന്നത്. പരമാവധി പേര്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ചെറു സംഘടനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരം നല്‍കിയിട്ടുള്ളത്. ലഘു നാടകങ്ങള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, മറ്റു കേരളീയ കലകള്‍ എന്നിവയുടെ അവതരണമാണ് ആദ്യഘട്ടത്തില്‍ ചിത്രീകരിക്കുന്നത്. 

ശാസ്ത്രീയ നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം തുടങ്ങി മറ്റു കലകളുടെ അവതരണത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ശ്രീ. രാമകൃഷ്ണന്‍ 28-9-2020 ന് അക്കാദമിയില്‍ വന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അത് അന്നേ ദിവസം തന്നെ 1900-ാം നമ്പരായി തപാലില്‍ ചേര്‍ത്ത് ഫയലില്‍ സൂക്ഷിച്ചിട്ടുണ്ട്. നൃത്ത വിഭാഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈ വിഭാഗത്തിലേക്ക് ആരെയും തെരഞ്ഞെടുത്തിട്ടുമില്ല. നൃത്തകലയിലെ ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍റെ പ്രാഗല്‍ഭ്യത്തെ പൊതു സമൂഹം ഇതിനകം തന്നെ അംഗീകരിച്ചതാണ്. ശ്രീ. രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് തന്നെയായിരിക്കും ഗവണ്‍മെന്‍റ് സ്വീകരിക്കുക.

നൃത്ത അവതരണ അനുമതി നിഷേധിച്ചുവെന്ന തോന്നലില്‍ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശ്രീ. രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചാലക്കുടി എംഎല്‍എ ശ്രീ. ബി.ഡി. ദേവസ്സിയെ വിവരം അറിയിച്ചു. ഇതനുസരിച്ച് ആവശ്യമായ ഇടപെടല്‍ എംഎല്‍എ നടത്തുകയും ചെയ്തു. രാമകൃഷ്ണന്‍റെ ആരോഗ്യനിലയെ കുറിച്ച് ഞാന്‍ നേരിട്ട് ആശുപത്രി ഡയറക്ടറോട് അന്വേഷിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

കേരള സംഗീത നാടക അക്കാദമി നല്‍കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടിന് മുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

 

click me!