'ഞാന്‍ പ്രകാശന്‍' റിവ്യൂ: ചോരാതെ ചിരി

By Nirmal SudhakaranFirst Published Dec 21, 2018, 6:44 PM IST
Highlights

ഫഹദ് ഫാസില്‍ എന്ന നടന്‍റെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ഫഹദിന് പകരം മറ്റാരെങ്കിലും അവതരിപ്പിച്ചാല്‍ 'പ്രകാശന്' ഇപ്പോഴുള്ള രസം പകരാനാവുമോ എന്നത് സംശയമാണ്. ഫഹദിന്‍റെ രണ്ടാമത് സത്യന്‍ അന്തിക്കാട് ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഇന്ത്യന്‍ പ്രണയകഥയിലെ അയ്‍മനം സിദ്ധാര്‍ഥനമുമായി പാത്രാവിഷ്കരണത്തില്‍ പ്രകാശന് ചില സാമ്യങ്ങളൊക്കെ കണ്ടെത്താമെങ്കിലും ഫഹദിന്‍റെ പ്രകടനത്തില്‍ അതില്ല.

ഒന്നുകില്‍ ആക്ഷേപഹാസ്യ സ്വഭാവത്തില്‍ സമൂഹത്തിന് നേര്‍ക്കയയ്ക്കുന്ന നോട്ടം, അല്ലെങ്കില്‍ അതേ സമൂഹത്തില്‍ ജീവിക്കുന്ന ചില മനുഷ്യരുടെ ദുരാഗ്രഹമോ അപകര്‍ഷതയോ ജീവിക്കാനുള്ള നെട്ടോട്ടമോ. പലകാലങ്ങളില്‍ ആഘോഷിക്കപ്പെട്ട സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകളുടെ പ്ലോട്ടുകള്‍ ഇവയില്‍ ഏതെങ്കിലുമൊക്കെയായിരുന്നു. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും അവയില്‍ ചില ചിത്രങ്ങള്‍ക്ക് നേരെ ഉയര്‍ന്നെങ്കിലും ഒരു കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാന്‍ വഴിയില്ല, ശ്രീനിവാസന്‍ തിരക്കഥകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴും കാലത്തെ അടയാളപ്പെടുത്താറുണ്ട് എന്ന കാര്യത്തില്‍. നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊന്നിക്കുമ്പോള്‍ പഴയ 'ലെഗസി' കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കുമാവുമോ എന്നതായിരുന്നു ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ഉയര്‍ത്തിയ കൗതുകം. ടൈറ്റില്‍ റോളിലെത്തുന്നത് ഫഹദ് ഫാസിലാണ് എന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

'പ്രകാശന്‍' എന്ന പേര് പഴഞ്ചനാണെന്ന വിലയിരുത്തലില്‍ ഗസറ്റില്‍ പരസ്യം നല്‍കി 'പി ആര്‍ ആകാശ്' എന്ന് പേര് മാറ്റിയ ആളാണ് ഫഹദിന്‍റെ നായകന്‍. ബിഎസ്‍സി നഴ്‍സിംഗ് പാസ്സായ ആളാണെങ്കിലും അയാള്‍ ജോലിക്കൊന്നും പോകുന്നില്ല. കേരളത്തില്‍ നഴ്‍സിംഗ് മേഖലയിലെ താരതമ്യേന കുറഞ്ഞ വേതനമാണ് ജോലിക്ക് പോകാതിരിക്കാന്‍ അയാള്‍ പറയുന്ന ഒരു കാരണം. മറ്റൊന്ന്, അത് സ്ത്രീകള്‍ ചെയ്യേണ്ട ജോലിയാണെന്നും പുരുഷനായ താന്‍ അതിന് അനുയോജ്യനല്ലെന്നതുമാണ്. അതേസമയം  ഇതേ തൊഴില്‍ വിദേശത്ത് ചെയ്‍ത് മോഹിപ്പിക്കുന്ന വേതനം നേടണമെന്നുമുണ്ട് പ്രകാശന്. സ്‍കൂള്‍ മാഷായിരുന്ന അച്‍ഛന്‍ മുന്‍പുപയോഗിച്ചിരുന്ന ഗ്ലോബിലേക്ക് നോക്കി യൂറോപ്പിലേക്ക് സ്ഥിരം സ്വപ്‍നാടനം നടത്താറുള്ള പ്രകാശന്‍റെ ജീവിതത്തിലെ, സംഭവബഹുലമായ ഒരു ചെറിയ കാലയളവിനെ പിന്തുടരുകയാണ് ചിത്രം. 

ജീവിതത്തെ ഗൗരവത്തിലെടുക്കാത്ത, 'ഉഴപ്പന്മാരാ'യ നായകന്മാര്‍ സാഹചര്യങ്ങളുടെയോ മറ്റ് കഥാപാത്രങ്ങളുടെയോ സ്വാധീനത്താല്‍ ജീവിതാവബോധം നേടി 'നേര്‍വഴി'യ്ക്കെത്തുന്നത് മുന്‍പും സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ പലവട്ടം കണ്ടിട്ടുണ്ട്. വിശേഷിച്ചും അദ്ദേഹം സ്വയം രചന നിര്‍വ്വഹിച്ചുതുടങ്ങിയ 2006ന് ശേഷം. വിനോദയാത്രയിലും ഇന്ത്യന്‍ പ്രണയകഥയിലും ജോമോന്‍റെ സുവിശേഷങ്ങളിലുമൊക്കെ ഈ പ്ലോട്ട് കണ്ടു. ഈ കഥാതന്തു തന്നെയാണ് ഞാന്‍ പ്രകാശനിലും. പക്ഷേ ശ്രീനിവാസന്‍റെ രചനയില്‍ ഫഹദ് നായകനാവുമ്പോള്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല, ആസ്വാദ്യകരവുമാവുന്നു 'പ്രകാശന്‍'.

രചനയിലെ ശ്രീനിവാസന്‍ സ്‍പര്‍ശം അനുഭവപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തുടക്കം. ചുറ്റുപാടുകളുമായി ചേര്‍ത്ത് അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ സത്യന്‍ അന്തിക്കാടിന്‍റെ സമീപകാല ചിത്രങ്ങളിലേക്കാളൊക്കെ വേഗത്തില്‍ വിശ്വാസ്യത നേടിയെടുക്കുന്നുണ്ട്. വേതനം കുറവെങ്കിലും വൈറ്റ് കോളര്‍ ജോലി മാത്രം നോക്കിപ്പോകുന്ന മലയാളി പൊതുബോധത്തിനുള്ള പരിഹാസമാണ് ചിത്രത്തിന്‍റെ ആദ്യഭാഗം. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിനിധാനം ഇപ്പോള്‍ മിക്ക മലയാളചിത്രങ്ങളിലും ഒരു വഴിപാട് പോലെ വന്നുപോകാറുണ്ടെങ്കില്‍ തന്‍റെ പ്ലോട്ടിനെ വിശദീകരിക്കാന്‍ വേണ്ടിയാണ് ശ്രീനിവാസന്‍ അത് ഉപയോഗിച്ചിരിക്കുന്നത്. 

കല്യാണസദ്യ കഴിക്കാന്‍ തിക്കിത്തിരക്കുന്ന പ്രകാശനെ പ്രത്യക്ഷപ്പെടുത്തിയ ടീസറിലെ ഊര്‍ജ്ജം നിലനിര്‍ത്തിയിട്ടുണ്ട് ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന പ്രകാശനും അതിനായി അയാള്‍ തേടുന്ന കുറുക്കുവഴികളുമൊക്കെയായി ശ്രീനിവാസന്‍റെ തിരക്കഥയില്‍ കൃത്യമായ ഇടവേളകളില്‍ പുതിയ അപ്രതീക്ഷിതത്വങ്ങളും അതില്‍ നിന്നുണ്ടാവുന്ന രസവും ചിരിയുമുണ്ട്. ഈ ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന നര്‍മ്മരംഗങ്ങള്‍ക്കൊക്കെ സാമൂഹികമായ ഉള്‍ക്കാഴ്‍ച ചേരുന്ന ശ്രീനിവാസന്‍ ടച്ചുണ്ട്. എന്നാല്‍ രണ്ടാംപകുതിയില്‍ ചിത്രം സത്യന്‍ അന്തിക്കാടിന്‍റെ സമീപകാല ശൈലിയിലേക്ക് നീങ്ങുന്നുണ്ട്. പ്രകാശനെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക ആക്ഷേപഹാസ്യം എന്നതില്‍ നിന്ന് പ്രകാശന്‍ എന്ന വ്യക്തിയിലേക്ക് ശ്രദ്ധയൂന്നുന്നു ഇടവേളയ്ക്ക് ശേഷം ചിത്രം. എന്നാല്‍ നായകന്‍റെ പാത്രാവിഷ്‍കരണത്തിലെ ഭംഗിയും ഫഹദിലെ നടന്‍റെ സാന്നിധ്യവും കാരണം ഈ 'ഷിഫ്റ്റിംഗ്' വിരസമാവുന്നില്ല.

നോണ്‍ ലീനിയര്‍ നരേറ്റീവ്, ആ സങ്കേതം വഴങ്ങാത്തവര്‍ പോലും എടുത്ത് പ്രയോഗിക്കുന്ന കാലത്ത് ലീനിയര്‍ നരേറ്റീവിലെ ലളിതമായ കഥപറച്ചിലാണ് പ്രകാശന്‍റേത്. അതേസമയം പ്രകാശന്‍റെ കഥ വെളിപ്പെടുന്നത് എപ്പിസോഡിക് സ്വഭാവത്തിലുമാണ്. വിവിധ പ്രായക്കാരായ നാല് സ്ത്രീകഥാപാത്രങ്ങളുമായുള്ള പരിചയം പ്രകാശന്‍റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അതിനാല്‍ത്തന്നെ സ്ത്രീകഥാപാത്രങ്ങള്‍ക്കെല്ലാം പ്രാധാന്യവുമുണ്ട്. എന്നാല്‍ ഒരു സറ്റയര്‍ നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമത്തില്‍ ചില കഥാപാത്രങ്ങളൊക്കെ ആഴക്കുറവ് അനുഭവപ്പെടുത്തുന്നുണ്ട്. കഥയുടെ നിര്‍ണായക സന്ധിയില്‍ അപ്രതീക്ഷിതത്വം വരുത്താന്‍ നിയോഗിക്കപ്പെട്ട സലോമി (നിഖില വിമല്‍) അത്തരത്തില്‍ ബോധ്യപ്പെടാതെ പോകുന്നു. 

ഫഹദ് ഫാസില്‍ എന്ന നടന്‍റെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. ഫഹദിന് പകരം മറ്റാരെങ്കിലും അവതരിപ്പിച്ചാല്‍ 'പ്രകാശന്' ഇപ്പോഴുള്ള രസം പകരാനാവുമോ എന്നത് സംശയമാണ്. ഫഹദിന്‍റെ രണ്ടാമത് സത്യന്‍ അന്തിക്കാട് ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഇന്ത്യന്‍ പ്രണയകഥയിലെ അയ്‍മനം സിദ്ധാര്‍ഥനമുമായി പാത്രാവിഷ്കരണത്തില്‍ പ്രകാശന് ചില സാമ്യങ്ങളൊക്കെ കണ്ടെത്താമെങ്കിലും ഫഹദിന്‍റെ പ്രകടനത്തില്‍ അതില്ല. സിദ്ധാര്‍ഥനേക്കാള്‍ താഴ്ന്ന ഒരു മീറ്ററിലും അതേസമയം ചടുലതയോടെയുമാണ് പ്രകാശന്‍റെ ഭാവവിനിമയങ്ങള്‍. ടൈറ്റില്‍സില്‍ പരിചയപ്പെട്ടതിന് ശേഷം കാണിയെ ഇടര്‍ച്ചകളൊന്നുമില്ലാതെ കൂടെക്കൂട്ടുന്നുണ്ട് ഫഹദ്. കരിയറില്‍ രണ്ടാമതാണ് ഒരു ശ്രീനിവാസന്‍ തിരക്കഥയില്‍ ഫഹദ് കഥാപാത്രമാവുന്നത് (പത്മശ്രീ ഭരത് ഡോ. സരോജ്കുമാറാണ് ആദ്യ ചിത്രം). ഗോപാല്‍ജിയെന്ന ശ്രീനിവാസന്‍ കഥാപാത്രവുമായുള്ള ഫഹദിന്‍റെ സ്ക്രീന്‍ കെമിസ്ട്രിയും കൊള്ളാം.

സത്യന്‍ അന്തിക്കാടിന്‍റെ സമീപകാല ചിത്രങ്ങളില്‍ സാങ്കേതികമായി മികച്ച നിലവാരമുള്ള ചിത്രവുമാണ് ഞാന്‍ പ്രകാശന്‍. എസ് കുമാറിന്‍റെ ഫ്രെയ്‍മുകള്‍ കെ രാജഗോപാല്‍ നന്നായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അറ്റ്മോസ് മിക്സിംഗും നിലവാരമുള്ളതാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിയെടുക്കുന്ന സ്ഥലങ്ങളൊക്കെ സൗണ്ട്സ്കേപ്പിന്‍റെ മികവിനാല്‍ നന്നായി അനുഭവിക്കാനാവുന്നുണ്ട്. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പതിനാറ് വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന പ്രകാശന്‍ ഒരു ഫീല്‍ഗുഡ് സിനിമയാണ്. തീയേറ്ററിലേക്ക് പോകുമ്പോള്‍ ലോജിക്കും ഒപ്പം കൊണ്ടുപോകാവുന്ന സിനിമ. 

click me!