ലൂക്കാ മോഡ്രിച്ച് രക്ഷകനായി; ക്രൊയേഷ്യയ്‌ക്ക് ജയം

By Web DeskFirst Published Jun 11, 2016, 10:52 PM IST
Highlights

പാരീസ്: യൂറോ കപ്പില്‍ ക്രൊയേഷ്യയ്‌ക്ക് ജയം. ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിയ്ക്കെതിരെ ഒരൊറ്റ ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് നാല്‍പ്പത്തിയൊന്നാം മിനിട്ടിലാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ കുറിച്ചത്. പാരീസിലെ പാര്‍ക്ക് ദേ പ്രന്‍സസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തകര്‍പ്പനൊരു വോളിയിലൂടെയാണ് ലൂക്ക മോഡ്രിച്ച് എന്ന പത്താം നമ്പരുകാരന്‍ കളിയുടെ ഫലം നിശ്ചയിച്ച ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാം സ്ഥാനത്താണ്. വാശിയേറിയ പോരാട്ടത്തില്‍ ജയിച്ചത് ക്രൊയേഷ്യ ആണെങ്കിലും പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം തുര്‍ക്കിയ്ക്കായിരുന്നു. ക്രൊയേഷ്യ ലീഡു നേടിയതോടെ നിരന്തര ആക്രമണം കെട്ടഴിച്ചെങ്കിലും തുര്‍ക്കിയ്‌ക്ക് ലക്ഷ്യം കാണാനായില്ല. കളിയുടെ അവസാന മിനിട്ടുകളില്‍ ക്രൊയേഷ്യ ലീഡു വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും തുര്‍ക്കി ഗോളി വേല്‍കാന്‍ ബാബാകാന്റെ അസാമാന്യ സേവുകള്‍ ലൂക്കാ മോഡ്രിച്ചിനും കൂട്ടര്‍ക്കും വിലങ്ങുതടിയായി. തുര്‍ക്കിയുടെ യുവതാരം എംറേ മോര്‍ പകരക്കാരനായി കളത്തില്‍ ഇറങ്ങിയപ്പോള്‍ ഗ്യാലറികള്‍ ഒന്നടങ്കം അദ്ദേഹത്തെ സ്വാഗതം ചെയ്‌തത് കളിയിലെ വ്യത്യസ്‌ത മുഹൂര്‍ത്തമായി. പതിനെട്ടുകാരനായ എംറെ മോര്‍ തുര്‍ക്കി ഫുട്ബോളിന്റെ വരുകാല സൂപ്പര്‍താരമായാണ് അറിയപ്പെടുന്നത്.

click me!