യൂറോയില്‍ ഇറ്റലിക്കും സ്വീഡനും തോല്‍വി; പോര്‍ച്ചുഗലിനു സമനില

By Asianet NewsFirst Published Jun 23, 2016, 1:58 AM IST
Highlights

യൂറോകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിക്കും സ്വീഡനും തോല്‍വി. ഇറ്റലിയെ അയര്‍ലന്‍ഡ് ഞെട്ടിച്ചപ്പോള്‍ ബെല്‍ജിയം സ്വീഡനെ തോല്‍പിച്ചു. ഏകപക്ഷീയമായ ഓരോ ഗോളുകള്‍ക്കായിരുന്നു ഇരുടീമുകളുടെയും ജയം. സ്വീഡന്റെ തോല്‍വിയോടെ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.

ആവേശപ്പോരാട്ടത്തില്‍ ഹംഗറി പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടു തകര്‍പ്പന്‍ ഗോളുകളാണു പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സോള്‍ട്ടന്‍ ഗെരയുടെ ഗോളില്‍  ഹംഗറിയാണ് ആദ്യം ഗോള്‍ നേടിയത്. നാനിയിലൂടെ പോര്‍ച്ചുഗല്‍ ഒപ്പമെത്തി. ബലാസ് സുദ്‌സാകിന്റെ ഗോളുകള്‍ ഹംഗറിക്കു വീണ്ടും ലീഡ് നേടിയെങ്കിലും രണ്ടു തവണയും റൊണാള്‍ഡോ  പോര്‍ച്ചുഗലിന് സമനില നല്‍കി. പിന്‍കാലുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ  ആദ്യഗോള്‍. ഹങ്കറിക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരായി പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍  ക്രോയേഷ്യയെയും ഹങ്കറി  ബല്‍ജിയത്തെയും നേരിടും.

ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ച് ഗ്രൂപ്പ് എഫില്‍നിന്നു രണ്ടാം സ്ഥാനക്കാരായ ഐസ്‌ലന്‍ഡും പ്രീക്വാര്‍ട്ടറിലെത്തി. ഇഞ്ചുറി ടൈമില്‍ ട്രോസ്റ്റന്റെ ഗോളാണ് ഐസ്‌ലന്‍ഡിന് അട്ടിമറിജയം നല്‍കിയത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പായ നിമിഷത്തിലായിരുന്നു ട്രോസ്റ്റന്റെ അപ്രതീക്ഷിത ഗോള്‍.  യൂറോ ചരിത്രത്തില്‍ ഐസ്‌ലന്‍ഡിന്റെ ആദ്യ ജയംകൂടിയാണിത്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ഐസ്‌ലന്‍ഡിന്റെ എതിരാളികള്‍.

 

click me!