തോമസ് മുള്ളര്‍- അപകടകാരിയായ മിഡ്‌ഫീല്‍ഡര്‍

By Web DeskFirst Published Jun 30, 2016, 1:52 AM IST
Highlights

താരസമ്പന്നമാണ് ജര്‍മ്മന്‍ നിര. ജോക്വം ലോയുടെ കീഴില്‍ പാരിസില്‍ എത്തിയ ജര്‍മ്മനി തന്നെയാണ് ഇത്തവണ യൂറോ കപ്പിലെ ഫേവറിറ്റുകള്‍. ഒരുപിടി സൂപ്പര്‍താരങ്ങള്‍ തന്നെയാണ് ജര്‍മ്മനിയുടെ കരുത്ത്. പ്രതിരോധത്തിലും ആക്രമണത്തിലും മദ്ധ്യനിരയിലും ഒന്നിനൊന്ന് മികച്ചവരുണ്ട് ജര്‍മ്മനിക്ക്. അവരില്‍ പ്രധാനിയാണ് തോമസ് മുള്ളര്‍ എന്ന അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍. ക്ലബ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി കളിക്കുന്ന മുള്ളര്‍ ഇക്കഴിഞ്ഞ സീസണില്‍ 32 ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. എതിരാളികളെ കബളിപ്പിച്ച് അതിവേഗം പന്തുമായി കുതിക്കുന്ന തോമസ് മുള്ളര്‍, ജര്‍മ്മന്‍ തേരോട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ ലോകകപ്പുകളിലും യൂറോ കപ്പിലുമൊക്കെ ഫുട്ബോള്‍ ലോകം അത് കണ്ടതാണ്. എന്നാല്‍ അടുത്തിടെ ദേശീയ ടീമിനുവേണ്ടിയുള്ള മുള്ളറുടെ പ്രകടനം പെരുമയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന വിമര്‍ശനം നിലവിലുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കുകയെന്ന ലക്ഷ്യമാണ് പാരീസില്‍ തോമസ് മുള്ളര്‍ക്കു ഉള്ളത്. ഇത്തവണ കിരീടം ലക്ഷ്യം വെയ്‌ക്കുന്ന ജര്‍മ്മന്‍ നിരയിലെ ഏറ്റവും അപകടകാരിയായ മിഡ‌്ഫീല്‍ഡര്‍ തന്നെയാണ് തോമസ് മുള്ളര്‍. തരംകിട്ടുമ്പോള്‍ ഗോളടിക്കാനും, ഗോളടിപ്പിക്കാനുമുള്ള മുള്ളറുടെ കഴിവിനെ എതിരാളികള്‍ ഭയക്കുന്നു. മദ്ധ്യനിരയില്‍ ചടുലവേഗത്തില്‍ കളി നെയ്‌തെടുക്കുന്ന മുള്ളറെ തടുക്കാനാകും, എതിര്‍ പ്രതിരോധനിര ഏറെ ബുദ്ധിമുട്ടുക.

click me!