Skin Care Tips : വേനൽക്കാലത്തെ ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിലുണ്ട് പരിഹാരം

First Published Mar 29, 2022, 2:14 PM IST

ഈ വേനൽക്കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ. മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ് ഇങ്ങനെ വിവിധ ചർമ്മ പ്രശ്നങ്ങൾ അലട്ടാം. വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോ​ഗിച്ച് ചർമ്മ പ്രശ്നങ്ങൾ അകറ്റാം.
 

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും കറ്റാർവാഴ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
 

ശുദ്ധമായ വെളിച്ചെണ്ണ​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. 

മുഖത്തെ ചുളിവുകൾ തടയാനും ചര്‍മ്മം തിളങ്ങാനും മികച്ചതാണ് വാഴപ്പഴം. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 
 

മുഖത്ത്​ വെയിലേറ്റ്​ വീഴുന്ന കറുത്ത പാടുകൾ മാറ്റാനും അൾട്രാവയലറ്റ്​ കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കാനും തണുത്ത ഗ്രീൻ ടീ ബാഗ്​ ഉപയോഗിക്കാം. ടീ ബാഗ്​ 30 മിനിറ്റ്​ ഫ്രഡ്​ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കുന്നത് കണ്ണിലെ നീർക്കെട്ട്​ കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും. 

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും. 

click me!