
പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ പുരുഷന്മാർ നിർബന്ധമായും ശ്രദ്ധിക്കണം
പുരുഷന്മാരിൽ ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സാധാരണയായി 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയാണ് ഇത് ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. 40 വയസ്സിന് താഴെയുള്ളവരെ പോലും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നതായി ഡോക്ടർമാർ പറയുന്നു.
മിക്ക ആളുകൾക്കും പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്താണെന്ന് അറിയില്ല. കൂടാതെ പലരും അസാധാരണമായ ലക്ഷണങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന് ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നു.
പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥി, മൂത്രാശയത്തിന് താഴെയും മലാശയത്തിന് മുന്നിലുമാണ് സ്ഥിതി ചെയ്യുന്നത്. ഓരോ 100 പുരുഷന്മാരിലും 13 പേർക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരുമെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.
കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, അവരിൽ തന്ന്നെ പ്രായം കുറഞ്ഞവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇതിനൊപ്പം പുകവലിയും പൊണ്ണത്തടിയും ഉണ്ടെങ്കിൽ അതും കാരണമായേക്കാം. പ്രാരംഭ ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അത് പുരോഗമിക്കുമ്പോൾ, നിങ്ങൾക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങാം.
കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, വേദനാജനകമായ സ്ഖലനം, ഉദ്ധാരണക്കുറവ്, മൂത്രത്തിൽ രക്തം അല്ലെങ്കിൽ ശുക്ലം കാണുക ഇവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിച്ചിട്ടുണ്ടെങ്കിൽ ശരീരഭാരം കുറയുകയും വിശപ്പ് കുറയുകയും ചെയ്തേക്കാം.
മലാശയത്തിനുള്ളിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസാധാരണതകൾ പരിശോധിക്കുന്ന ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (ഡിആർഇ), രക്തത്തിലെ PSA അളവ്, അൾട്രാസൗണ്ട്, എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ ടെസ്റ്റുകളിലൂടെ രോഗ സാധ്യതയും ക്യാൻസർ വ്യാപനവും കണ്ടെത്താം.
പ്രോസ്റ്റേറ്റിൽ നിന്നുള്ള ടിഷ്യു സാമ്പിളുകൾ ബയോപ്സി ചെയ്യുന്നത് വഴി ക്യാൻസർ ഗ്രേഡും എത്ര വികസിക്കാൻ സാധ്യതയുണ്ടെന്നും നിര്ണയിക്കാം.