യുക്രൈന്‍ അധിനിവേശം; 3,00,000 റിസര്‍വ് സൈനികരെ ആവശ്യമുണ്ടെന്ന് പുടിന്‍, രാജ്യം വിടാനൊരുങ്ങി റഷ്യക്കാര്‍

Published : Sep 22, 2022, 10:47 AM ISTUpdated : Sep 22, 2022, 01:01 PM IST

ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയെന്ന് അറിയപ്പെടുന്ന റഷ്യ പരാജയം നേരിടുകയാണ്. പുടിന്‍റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്ന് റഷ്യയില്‍ നിന്ന് തന്നെ പ്രതിസ്വരങ്ങള്‍ ഉയരുന്നതിനിടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. എന്നാല്‍, ഏകാധിപതിയായ ഭരണാധികരിയുടെ പുതിയ സൈനിക തന്ത്രത്തിനെതിരെ രാജ്യത്ത് വ്യാപകപ്രതിഷേധം ഉയരുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുടിന്‍റെ പുതിയ സൈനിക റിക്രൂട്ട്മെന്‍റിനെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ നൂറ് കണക്കിന് പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 

PREV
115
യുക്രൈന്‍ അധിനിവേശം; 3,00,000 റിസര്‍വ് സൈനികരെ ആവശ്യമുണ്ടെന്ന് പുടിന്‍, രാജ്യം വിടാനൊരുങ്ങി റഷ്യക്കാര്‍

റഷ്യൻ മനുഷ്യാവകാശ സംഘടനയായ ഒവിഡി-ഇൻഫോയുടെ കണക്കനുസരിച്ച് മൊത്തം 1,300-ലധികം പേരെ ഇതിനകം റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. സെന്‍റ് പീറ്റേഴ്‌സ്ബർഗിലും മോസ്‌കോയിലുമാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഇർകുട്‌സ്കിലും മറ്റ് സൈബീരിയൻ നഗരങ്ങളിലും യെക്കാറ്റെറിൻബർഗിലും ഡസന്‍ കണക്കിന് പ്രതിഷേധക്കാരും തടവിലായി. 

215

റിസര്‍വ് സൈനികരോട് സൈന്യത്തിന്‍റെ ഭാഗമാകാന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയിൽ നിന്നുള്ള വിമാന ടിക്കറ്റുകള്‍ അതിവേഗം വിറ്റുതീർന്നു. സാമൂഹിക മാധ്യമങ്ങളില്‍, റഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാനായെത്തിയവരുടെ വാഹനങ്ങളുടെ കിലോമീറ്റര്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് 'റഷ്യയില്‍ നിന്ന് ഏങ്ങനെ പുറത്ത് കടക്കാം' എന്ന വാചകമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

315

യുക്രൈന്‍ യുദ്ധത്തിനായി കഴിഞ്ഞ ഫെബ്രുവരി 24 ന് മുമ്പ് റഷ്യന്‍ സേന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ഏതാണ്ട് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും അടുത്ത് റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരുന്നതായി യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എത്ര സൈനികരാണ് യുക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുത്തതെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

415

അധിനിവേശം ഏഴ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യയ്ക്ക് യുക്രൈന്‍റെ മണ്ണില്‍ ഭീമമായ നഷ്ടമാണ് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. 75,000 ത്തിനും 80,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടന്ന് യുക്രൈന്‍ അവകാശപ്പെടുമ്പോള്‍ വെറും 5,000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജീവഹാനി സംഭവിച്ചതെന്ന് റഷ്യയുടെ അവകാശവാദം. 

515

എന്നാല്‍, റഷ്യയ്ക്ക് കനത്ത നാശമാണ് യുദ്ധമുഖത്ത് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് 3,00,000 റിസര്‍വ് സൈനികര്‍ കൂടി സേനയുടെ ഭാഗമാകണമെന്ന പുടിന്‍റെ ശാസനം. റഷ്യ പുറത്ത് വിട്ട കണക്കിന്‍റെ ഏത്രയോ മടങ്ങ് സൈനികരെ റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധഭൂമിയില്‍ നഷ്ടപ്പെട്ടെന്ന് യുദ്ധരംഗത്തെ വിദഗ്ദരും പറയുന്നു. എന്നാല്‍, പുതിയ പ്രഖ്യാപനത്തില്‍ കാര്‍ക്കശ്യമില്ലെന്നാണ് റഷ്യന്‍ ഔദ്ധ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

615

റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് തെക്ക് കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സോപാര്‍ജിയ ആണവ നിലയം ഉള്‍പ്പെടുന്ന സോപാര്‍ജിയയിലും റഷ്യന്‍ വിമത ശക്തിപ്രദേശങ്ങളായ ഡോണ്‍ബാസ്, ലുഹാന്‍സ് മേഖലയിലും നിര്‍ബന്ധിത ഹിതപരിശോധന നടത്തി നിയമപരമായി തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ. 

715

2014 ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തപ്പോഴും റഷ്യ ഈ തന്ത്രമാണ് ഉപയോഗിച്ചത്. അന്താരാഷ്ട്രാ പ്രതിഷേധം മറികടക്കുന്നതിനായി, അധിനിവേശ പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്തി സ്വന്താക്കാനാണ് റഷ്യന്‍ പദ്ധതി. ഹിതപരിശോധനാ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 3,00,000 റിസര്‍വ് സൈനികരോട് സൈന്യത്തിന്‍റെ ഭാഗമാകാന്‍ പുടിന്‍ ആവശ്യപ്പെട്ടതും. 

815

ഹിതപരിശോധനയ്ക്കെതിരെ യുക്രൈനും സുഹൃത്ത് രാജ്യങ്ങളും മുന്നോട്ട് വന്നു. എന്നാല്‍, " റഷ്യൻ പ്രദേശം സംരക്ഷിക്കാൻ ലഭ്യമായ എല്ലാ മാര്‍‌ഗ്ഗങ്ങളും ഉപയോഗിക്കു"മെന്ന് പുടിന്‍ ആവര്‍ത്തിച്ചു. യുദ്ധമുഖത്ത് ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രൈനില്‍ റഷ്യന്‍ സേനയ്ക്കേറ്റ പരാജയത്തില്‍ പ്രസിഡന്‍റ് അസംതൃപ്തനാണെന്ന് പുടിന്‍റെ അവസാന വാര്‍ത്താ സമ്മേളനങ്ങളെ അടിസ്ഥാനപ്പെടുത്തി യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 

915

എന്നാല്‍, പ്രസിഡന്‍റിന്‍റെ പുതിയ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധമുയര്‍ത്തി തെരുവിലേക്കിറങ്ങിയപ്പോള്‍, പ്രസിഡന്‍റിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മോസ്കോ പ്രോസിക്യൂട്ടറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. സായുധ സേനയെ അപകീർത്തിപ്പെടുത്തുന്നതിനോ യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് "വ്യാജ വാർത്തകൾ" പ്രചരിപ്പിക്കുന്നതിനോ പ്രായപൂർത്തിയാകാത്തവരെ പ്രതിഷേധത്തിന് പ്രോത്സാഹിപ്പിക്കുന്നതിനോ എതിരായ നിയമങ്ങൾ പ്രകാരം അവർക്കെതിരെ ശക്തമായ കേസെടുക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

1015

ഇതോടെ രാജ്യത്ത് പ്രസിഡന്‍റിന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്താല്‍ ജയില്‍വാസം ഉറപ്പാണെന്ന അവസ്ഥ സംജാതമായി. യുക്രൈന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരിയിലും ഇത്തരത്തില്‍ നിയമം കൊണ്ട് വന്നിരുന്നെങ്കിലും അന്നും ആയിരക്കണക്കിനാളുകള്‍ പ്രതിഷേധമുയര്‍ത്തി തെരുവുകളിലെത്തിയിരുന്നു. ഇവരെയെല്ലാം റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. സമാനമായ അവസ്ഥയാണ് ഇപ്പോള്‍ റഷ്യയിലെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

1115

യുദ്ധവിരുദ്ധ പ്രതിപക്ഷ ഗ്രൂപ്പായ 'വെസ്‌ന' വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും റഷ്യയിലുടനീളം നിരവധി അറസ്റ്റുകൾ റിപ്പോർട്ട് ചെയ്തതായി ടെലിഗ്രാമിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു. യെക്കാറ്റെറിൻബർഗിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പിൽ പോലീസ്, പ്രതിഷേധക്കാരെ ഒരു ബസിലേക്ക് പിടിച്ച് കയറ്റുന്നത് കാണാം. വെസ്ന  "മോഗിലൈസേഷൻ വേണ്ട" എന്ന മുദ്രാവാക്യമുയര്‍ത്തി. - റഷ്യൻ ഭാഷയിൽ "മൊഗില" എന്നാൽ ശവക്കുഴി എന്നാണ് അർത്ഥം. 

1215

സൈനികരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് റഷ്യക്കാരിൽ നിന്ന് ചൊവ്വാഴ്ച രാവിലെ മുതൽ 6,000 അന്വേഷണങ്ങൾ അഗോറയുടെ ഹോട്ട്‌ലൈനിലേക്ക് ലഭിച്ചതായി റഷ്യൻ മനുഷ്യാവകാശ ഗ്രൂപ്പായ അഗോറയുടെ അഭിഭാഷകനായ പവൽ ചിക്കോവ് അറിയിച്ചു. ഇതിനിടെ, തുർക്കിയിലെ ഇസ്താംബുൾ, അർമേനിയയിലെ യെരേവാൻ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള റഷ്യന്‍ വിമാനങ്ങൾ നിർത്തലാക്കി. ലഭ്യമായ വിമാനങ്ങളിലെ സീറ്റുകള്‍ക്ക് ഇരട്ടിയിലേറെ വിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. 

1315

പുടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന് പുറത്തേക്കുള്ള വിമാന ടിക്കറ്റിന് ആവശ്യക്കാരേറിയതോടെ മോസ്കോയിൽ നിന്ന് ഇസ്താംബൂളിലേക്കോ ദുബായിലേക്കോ ഉള്ള വിമാനങ്ങളുടെ നിരക്ക് വൺ-വേ ഇക്കോണമി ക്ലാസ് നിരക്കിന് 9,200 യൂറോ (9,119 ഡോളർ) വരെ എത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവിന് കിഴക്കുള്ള വലിയ പ്രദേശം യുക്രൈന്‍ സൈന്യം കഴിഞ്ഞ ദിവസം തിരിച്ച് പിടിച്ചതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. 

1415

റഷ്യയെ അനുകൂലിക്കുന്ന വിമത പ്രദേശങ്ങളിലെയും മറ്റ് റഷ്യന്‍ അനുകൂല സൈനിക ഗ്രൂപ്പുകളും പുടിന്‍റെ പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തി. രാജ്യത്തിന്‍റെ അഖണ്ഡത സംരിക്ഷിക്കേണ്ടത് തങ്ങളുടെയും ആവശ്യമാണെന്നായിരുന്നു പ്രാദേശിക ഗവർണർമാർ അവകാശപ്പെട്ടത്. "ഞങ്ങളെ ദുർബലപ്പെടുത്തുകയോ വിഭജിക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യില്ല," ഉലിയാനോവ്സ്ക് ഗവർണർ അലക്സി റസ്കിഖ് പറഞ്ഞപ്പോള്‍, റഷ്യയുടെ "പരമാധികാരം, സുരക്ഷ, പ്രദേശിക സമഗ്രത" എന്നിവ ഉറപ്പാക്കാൻ സൈന്യത്തെ അണിനിരത്തൽ ആവശ്യമാണെന്ന് ചെല്യാബിൻസ്‌ക് ഗവർണർ അലക്‌സി ടെക്‌സ്‌ലറും അവകാശപ്പെട്ടു. 

1515

എന്നാൽ, സൈന്യത്തിലേക്കുള്ള പ്രസിഡന്‍റിന്‍റെ വിളി, റഷ്യന്‍ യുവാക്കളില്‍ ഭയം നിറയ്ക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  "അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പുടിൻ പിന്നോട്ട് പോകില്ലെന്നും അവസാന റഷ്യൻ പൗരനുമൊത്ത് തന്‍റെ മണ്ടൻ പോരാട്ടം തുടരുമെന്നും ഇപ്പോൾ വ്യക്തമാണ്." സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ മാറ്റ്വി പറഞ്ഞു. "സമാഹരണത്തിന്‍റെ ഈ ഘട്ടത്തിൽ എന്നെ റിക്രൂട്ട് ചെയ്യരുത്, പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാകില്ല എന്നതിന് യാതൊരു ഉറപ്പുമില്ലെ"ന്നും അദ്ദേഹം ഭയപ്പെടുന്നു.   "തീർച്ചയായും എല്ലാവരും ഭയപ്പെടുന്നു, എല്ലാവരും സൈനിക സമാഹരണത്തെ കുറിച്ച് വ്യത്യസ്തമായ വിവരങ്ങൾ പങ്കുവയ്ക്കുന്നു. എന്താണ് ശരിയെന്നും അല്ലാത്തതെന്നും കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ആരും സർക്കാരിനെ വിശ്വാസത്തിലെടുക്കുന്നില്ലെ"ന്നും യുകെയിൽ താമസിക്കുന്ന റഷ്യക്കാരിയായ 31 കാരി എവ്‌ജെനി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories