Finland Border: ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലേക്ക് ആണവശേഷിയുള്ള ഇസ്‌കന്ദർ മിസൈലുകളുമായി റഷ്യ

First Published May 18, 2022, 2:42 PM IST

ഫെബ്രുവരി 24 ന് യുക്രൈന്‍ അക്രമണത്തിന് റഷ്യയുടെ മുന്നിലുണ്ടായിരുന്ന പ്രധാന കാരണം, യുക്രൈന്‍, യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്‍റെ ഭാഗമാകാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു. അതിന് മറയായി, യുക്രൈനിയന്‍ ഭരണകൂടം നവനാസി സംഘത്തിന്‍റെ പിടിയിലാണെന്നും നവനാസികളില്‍ നിന്നും യുക്രൈന്‍ ഭരണകൂടത്തെ  മോചിപ്പിക്കാനുള്ള സൈനിക നടപടി മാത്രമാണ് തങ്ങളുടെത് എന്നുമായിരുന്നു പുടിന്‍റെ യുക്രൈന്‍ ആക്രമണ ന്യായീകരണം. റഷ്യ, യുക്രൈന്‍ അധിനിവേശം ആരംഭിച്ച് ഏതാണ്ട് മൂന്ന് മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, യൂറോപ്പിന്‍റെ വടക്കന്‍ കിഴക്കന്‍ മേഖലയില്‍ റഷ്യ പുതിയൊരു യുദ്ധമുഖം തുറക്കുകയാണോയെന്ന ആശങ്കയിലാണ് ലോകം. റഷ്യയുടെ യുദ്ധ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബാലാബലത്തിലേക്ക് ലോകത്തെ വീണ്ടും എത്തിക്കുമോയെന്ന ഭയവും നിലനില്‍ക്കുന്നു. യുക്രൈന്‍ ആക്രമണം റഷ്യ കടുപ്പിച്ചതിനെ തുടര്‍ന്നാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ അംഗത്വത്തിനായി ശ്രമം ആരംഭിച്ചത്. 

Finland Prime Minister Sanna Marin

രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് പ്രധാനമായും സാക്ഷ്യം വഹിച്ച മണ്ണാണ് യൂറോപ്പിന്‍റെത്. ഹിറ്റ്ലറിന്‍റെ ആത്മഹത്യയോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. എന്നാല്‍, അപ്പോഴേക്കും ഒരുമിച്ച് നിന്ന് പൊരുതിയ രണ്ട് പ്രധാന രാജ്യങ്ങള്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പേരില്‍ വിരുദ്ധ ചേരികളായി തിരിഞ്ഞിരുന്നു. 

Russian President Vladimir Putin

യുഎസിന്‍റെ നേതൃത്വത്തില്‍ മുതലാളിത്ത രാജ്യങ്ങള്‍ നാറ്റോ സൈനിക സഖ്യവുമായി മുന്നോട്ട് പോയപ്പോള്‍, യുഎസ്എസ്ആറിന്‍റെ നേതൃത്വത്തില്‍ സോവിയറ്റ് രാഷ്ട്രീയം ഉയര്‍ത്തിയ രാജ്യങ്ങള്‍ മറുചേരിയിലും സംഘടിക്കപ്പെട്ടു. ഇരു ചേരികളും ലോക കമ്പോളത്തിനായി മത്സരിച്ചപ്പോള്‍, ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ  നേതൃത്വത്തില്‍ ഇന്ത്യ അടക്കം വളരെ കുറച്ച് രാജ്യങ്ങള്‍ ചേരി ചേരാ നയം സ്വീകരിച്ചു. 

Finland President Sauli Niinisto

യുഎസ്എസ്ആറിന്‍റെ രാഷ്ട്രീയ പരാജയവും തുടര്‍ന്ന് റഷ്യയുടെ പതനവും സോവിയേറ്റ് സൈനിക സഖ്യത്തിന്‍റെ പ്രസക്തിയെ തന്നെ ഇല്ലാതാക്കി. ഇതോടെ ലോകത്ത് അതുവരെ നിലനിന്നിരുന്ന ശീതയുദ്ധത്തിനും അയവുവന്നു. എന്നാല്‍, യുഎസ്എസ്ആറിന്‍റെ പതനത്തോടെ സൈനിക എതിരാളിയെ നഷ്ടമായെങ്കിലും യുഎസ് തങ്ങളുടെ സൈനിക സഖ്യമായ നാറ്റോ പിരിച്ച് വിടാന്‍ തയ്യാറായില്ല. 

രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം പുതിയ ലോകക്രമത്തിലേക്ക് കടന്നു. യൂറോപ്പിലെ പല പ്രധാനപ്പെട്ട രാജ്യങ്ങളും യുഎസ് സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമായി. യൂറോപ്യന്‍ രാജ്യമായിരിക്കെ തന്നെ റഷ്യയുമായി അതിര്‍ത്തി പങ്കിട്ട പല രാജ്യങ്ങളും നാറ്റോയില്‍ അംഗത്വമെടുക്കാന്‍ അക്കാലത്ത് ശ്രമിച്ചിരുന്നെങ്കിലും റഷ്യയുടെ നിര്‍ബന്ധത്തിന് വഴി അപേക്ഷ നല്‍കുന്നത് ഒഴിവാക്കുകയായിരുന്നു. 

പരസ്പരം അക്രമിക്കില്ലെന്നായിരുന്നു അന്ന് തങ്ങളുടെ അയല്‍രാ‍ജ്യങ്ങള്‍ക്ക് റഷ്യ നല്‍കിയ ഉറപ്പ്. എന്നാല്‍, കലാക്രമേണ ലോകരാഷ്ട്രീയ ഗതിവിഗതികളില്‍ കാര്യമായ വ്യതിചനലങ്ങള്‍ പിന്നീട് ഉടലെടുത്തു. ഇതിന്‍റെ തുര്‍ച്ചയായി, റഷ്യന്‍ ഏകാധിപതിയുടെ അപ്രമാധിത്വത്തെ വെല്ലുവിളിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കി, നാറ്റോ അംഗത്വത്തിനായി അപേക്ഷ നല്‍കാന്‍ തയ്യാറായി. 

ഇതിനെതിരെ റഷ്യ പലതവണ യുക്രൈന് മുന്നറിയിപ്പ് നല്‍കിയെങ്കിലും തങ്ങള്‍ സ്വതന്ത്രപരമാധികാര രാജ്യമാണെന്നും തീരുമാനങ്ങള്‍ തങ്ങള്‍ സ്വയമെടുത്തോളാം എന്നതായിരുന്നു യുക്രൈന്‍റെ നിലപാട്. ഇതേ തുടര്‍ന്ന് 2021 നവംബര്‍ അവസാനത്തോടെ റഷ്യ, യുക്രൈനെതിരെ സൈനിക നീക്കത്തിന് ശ്രമിക്കുകയാണെന്ന യുഎസ് ഇന്‍റലിജന്‍സിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നുതുടങ്ങി. 

ഒടുവില്‍ 2022 ഫെബ്രുവരി 24 ന് റഷ്യയുടെ സൗഹൃദരാജ്യമായ ബെലൂറസ് വഴി വടക്ക് നിന്നും തെക്ക് കഴിക്ക് നിന്നും റഷ്യയുടെ കവചിത വാഹന വ്യൂഹങ്ങള്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി പട നീക്കം ആരംഭിച്ചു. എന്നാല്‍, റഷ്യ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍. 

ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയെ എതിരിടാന്‍ ഒളിപ്പോരാളികളെ അതിനകം യുക്രൈന്‍ പരിശീലിപ്പിച്ചിരുന്നു. സൈനികരെ കൂടാതെ, പൊതുജനങ്ങളും ആയുധമെടുത്ത് പോരാടാന്‍ ആരംഭിച്ചതോടെ റഷ്യയുടെ പല സൈനീക നീക്കങ്ങളും തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടു. അതോടൊപ്പം യൂറോപ്യന്‍ യൂണിയനില്‍ നിന്നും നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്നും ഏറ്റവും പുതിയ സൈനിക ആയുധങ്ങള്‍ നിര്‍ലോഭമായി യുക്രൈനിലേക്ക് ഒഴുകി. 

ഒന്നര മാസത്തോളം യുക്രൈന്‍ തലസ്ഥാനമായ കീവിന് നേരെ സൈനിക നീക്കം നടത്തിയെങ്കിലും യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് പട്ടണങ്ങളില്‍ ഒന്ന് പോലും പിടിച്ചെടുക്കാന്‍ റഷ്യയുടെ അതിപ്രശസ്തമായ സൈന്യത്തിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് 'കീവ് തങ്ങളുടെ ലക്ഷ്യമല്ലെ'ന്ന് പ്രഖ്യാപിച്ച റഷ്യന്‍ സൈന്യം, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറാന്‍ ഭാഗങ്ങളില്‍ നിന്ന് പിന്മാറി. 

ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈനിലെ വടക്ക് പടിഞ്ഞാന്‍ യുദ്ധമുഖത്തുണ്ടായിരുന്ന മുഴുവന്‍ സൈനികരെയും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിച്ച റഷ്യ, തങ്ങളുടെ വിമതരുടെ കൈവശമുള്ള ഡോണ്‍ബോസ് മേഖലയില്‍ യുദ്ധം കടുപ്പിച്ചു. യുക്രൈന്‍റെ കരിങ്കടല്‍ തീരപ്രദേശവും കിഴക്കന്‍ അതിര്‍ത്തിയിലും ശക്തമായ അക്രമണം നടന്നു. 

ഏതാണ്ട് 82 ദിവസം ശക്തമായി പോരാടിയ അസോവ് ബറ്റാലിയന്‍ മരിയുപോളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ അകറ്റി നിര്‍ത്തി. എന്നാല്‍, മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്‍റില്‍ അഭയം തേടിയ സാധാരണക്കാരുടെയും പരിക്കേറ്റ സൈനികരുടെയും ജീവന്‍ രക്ഷിക്കാനായി യുക്രൈന്‍, മരിയുപോളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. 

ഇതേ സമയത്താണ്, റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ പ്രതിസന്ധിയിലായ ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോ സൈനിക സഖ്യത്തിന്‍റെ ഭാഗമാകുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. യുക്രൈന് നേരെ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയുള്ള റഷ്യയുടെ അക്രമണം ഇരുരാജ്യങ്ങളെയും മാറ്റി ചിന്തിപ്പിച്ചു. 

ഫിന്‍ലാന്‍ഡും സ്വീഡനും നാറ്റോയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപുറകെ റഷ്യയുടെ പ്രതികരണവുമെത്തി. അത്തരം ഏതൊരു നീക്കവും ഭവിഷ്യത്ത് വരുത്തിവെക്കുമെന്നായിരുന്നു പുടിന്‍റെ മറുപടി. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനും നാറ്റോ അംഗത്വവുമായി മുന്നോട്ട് പോകാനുമാണ് ഫിന്‍ലാന്‍ഡിന്‍റെയും സ്വഡന്‍റെയും തീരുമാനം. 

റഷ്യയുമായി 1300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഫിന്‍ലാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഫിന്‍ലാന്‍ഡ് അതിര്‍ത്തിയിലേക്ക് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കന്ദർ മിസൈലുകൾ റഷ്യ അയച്ചു കഴിഞ്ഞു. ഒരു ഡസനിലധികം റഷ്യന്‍ സൈനിക വാഹനങ്ങളാണ് റഷ്യ-ഫിന്‍ലാന്‍ഡ് അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയത്. 

ഫിന്നിഷ് അതിര്‍ത്തിയിലുള്ള റഷ്യന്‍ നഗരമായ വൈബോര്‍ഗിലേക്കാണ് ഈ സൈനിക നീക്കമെന്ന് വീഡിയോ പങ്കിട്ട് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍ അ‍ജ്ഞാതനായ ഒരാള്‍ 'വൈബോർഗിലോ മറ്റേതെങ്കിലും അതിര്‍ത്തി മേഖലയിലോ റഷ്യ ഒരു പുതിയ സൈനിക യൂണിറ്റ് രൂപീകരിക്കാൻ പോകുകയാണെന്ന്' പറയുന്നു. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ റഷ്യ ഇതിനകം വ്യാപകമായി വിന്യസിച്ചതായി കരുതപ്പെടുന്നു.

ഇങ്ങനെ വിന്യസിക്കപ്പെട്ട  ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ ആണവ പേര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.  യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇസ്‌കന്ദറിനെ ഏറ്റവും ഗുരുതരമായ ഭീഷണിയായാണ് കാണുന്നതെന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മുതിർന്ന യുഎസ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.

റഷ്യ അതിര്‍ത്തിയില്‍ ആണവായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാൾ നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്. 

സ്വീഡനും ഫിൻലൻഡും യുഎസിന്‍റെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിൽ  ചേരുകയാണെങ്കിൽ, ബ്ലാറ്റിക് കടൽ പ്രതിരോധം ശക്തിപ്പെടുത്താൻ റഷ്യ ആണവ, ഹൈപ്പർസോണിക് മിസൈലുകൾ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന് റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇതിനിടെ ഫിന്‍ലാന്‍ഡും റഷ്യയും നയതന്ത്രയുദ്ധം ആരംഭിച്ച് കഴിഞ്ഞു. രണ്ട് റഷ്യൻ നയതന്ത്രജ്ഞരെ ഫിന്‍ലാന്‍ഡ് പുറത്താക്കിയതിന് പിന്നാലെ ഫിൻലാന്‍ഡ് എംബസിയിലെ രണ്ട് ജീവനക്കാരെ റഷ്യയും പുറത്താക്കി. ഫിൻലാൻഡ് റഷ്യയുമായി ഏറ്റുമുട്ടലിന്‍റെ വഴി സ്വീകരിച്ചതായി റഷ്യ ആരോപിച്ചു. ഇത് ഞങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയല്ല. എന്നാൽ ഈ പ്രദേശങ്ങളിലേക്ക് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തീർച്ചയായും ഞങ്ങളുടെ പ്രതികരണത്തെ പ്രകോപിപ്പിക്കും," ഇരുരാജ്യങ്ങളുടെയും നാറ്റോ പ്രവേശനത്തെ കുറിച്ച് പുടിന്‍ അഭിപ്രായപ്പെട്ടു. 

നാറ്റോയിൽ ചേരുന്നതിന്‍റെ അനന്തരഫലങ്ങൾ അവര്‍ അനുഭവിക്കുമെന്ന് റഷ്യ വ്യക്തമാക്കി, “പത്ത് സെക്കൻഡിനുള്ളിൽ” ഫിൻലൻഡിനെ ഈ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്നും റഷ്യ അവകാശപ്പെട്ടു. യുക്രൈന്‍ അക്രമണ വേളയില്‍ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, 22 -ാം സ്ഥാനത്തുള്ള യുക്രൈനെ ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധവിദഗ്ദര്‍ കണക്കുകൂട്ടിയത്. 

എന്നാല്‍, രാജ്യത്തിന്‍റെ പ്രതിരോധത്തിന്‍റെ കുന്തമുനയായി പ്രസിഡന്‍റ് സെലെന്‍സ്കി മുന്നില്‍ നിന്ന് യുദ്ധം നയിച്ചപ്പോള്‍, മൂന്ന് മാസത്തെ യുദ്ധത്തിന് ശേഷവും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞത് യുക്രൈനിലെ ഏക പ്രധാനപ്പെട്ട പട്ടണമായ മരിയുപോള്‍ മാത്രമാണ്. റഷ്യയെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ യുക്രൈനെ സഹായിച്ചതാകട്ടെ നാറ്റോ സഖ്യ രാജ്യങ്ങളില്‍ നിന്ന് ഇടതടവില്ലാതെ ഒഴുകിയെത്തിയ ആയുധങ്ങളും. 

യുക്രൈനിനെക്കാള്‍ കഠിനമായും റഷ്യയ്ക്ക് ഫിന്‍ലാന്‍റെന്നാണ് യുദ്ധ വിദഗ്ദരുടെ കണക്ക് കൂട്ടല്‍, ഇതിനായി അവര്‍ ചൂണ്ടിക്കാണിക്കുന്നതാകട്ടെ രണ്ടാം ലോകമഹായുദ്ധകാലത്തെ ഫിന്നിഷ് സൈനികരുടെ വീരോചിതമായ പോരാട്ടവും. മാത്രമല്ല, റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യവും ശക്തമായ ചാര സംവിധാനവും ഫിന്‍ലാന്‍ഡിന്‍റെ കൈമുതലായി കരുതുന്നു. 

യുക്രൈനിലെ വിശാലവും തുറസായതുമായ മൈതാനങ്ങളേക്കാൾ കഠിനമായ പോരാട്ട ഭൂമിയാണ് ഫിന്‍ലാന്‍ഡിലേത്. കനത്ത വനങ്ങളും തടാകങ്ങളും തെക്കൻ ദ്വീപസമൂഹവും അടങ്ങുന്ന ഈ രാജ്യത്ത് പുറത്ത് നിന്നുള്ളവര്‍ക്ക് യുദ്ധം ചെയ്ത് വിജയം നേടുകയെന്നത് ഏറെ കുറെ അപ്രാപ്യമായ ഒന്നാണ്. മാത്രമല്ല, തങ്ങളുടെ സങ്കീര്‍ണ്ണമായ ഭൂപ്രദേശത്ത് യുദ്ധം ചെയ്യാന്‍ ഫിന്നിഷ് സൈനികര്‍ അതി സമര്‍ത്ഥരുമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!