Mariupol: സൈനികരെ തിരികെ എത്തിക്കും, മരിയുപോള്‍ ഉപേക്ഷിക്കും : യുക്രൈന്‍

First Published May 17, 2022, 12:23 PM IST

ഫെബ്രുവരി 24 ന് റഷ്യ (Russia) ഏകപക്ഷീയമായി ആരംഭിച്ച യുദ്ധം മൂന്ന് മാസം പൂര്‍ത്തിയാക്കുമ്പോള്‍, ഏറ്റവും വലിയ പ്രതിരോധ കേന്ദ്രമായിരുന്ന മരിയുപോള്‍ (Mariupol) ഉപേക്ഷിക്കാന്‍ യുക്രൈന്‍ (Ukraine) തീരുമാനിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മരിയുപോള്‍ നഗരത്തിന്‍റെ നിയന്ത്രണം റഷ്യക്ക് വിട്ടുകൊടുത്ത്, തങ്ങളുടെ അവസാന ശക്തികേന്ദ്രത്തിൽ നിന്ന് ശേഷിക്കുന്ന എല്ലാ സൈനികരെയും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി യുക്രൈന്‍ സൈന്യം അറിയിച്ചു. യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ റഷ്യന്‍ സൈനികര്‍ മരിയുപോള്‍ ഉപരോധിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടക്കാന്‍ തയ്യാറല്ലാതിരുന്ന യുക്രൈന്‍റെ അസോവ് ബറ്റാലിയന്‍, മരിയുപോളിലെ ഉപേക്ഷിക്കപ്പെട്ട സീറ്റില്‍ പ്ലാന്‍റ് കേന്ദ്രമാക്കി ഗറില്ലാ പോരാട്ടം തുടരുന്നതിനിടെയാണ് മരിയുപോള്‍ ഉപേക്ഷിക്കാന്‍ യുക്രൈന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. 

മരിയുപോളില്‍ നിന്ന് യുക്രൈന്‍റെ അവസാന സൈനികനും മടങ്ങുന്നതോടെ യുദ്ധം ആരംഭിച്ച ശേഷം റഷ്യ പിടിച്ചടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട നഗരമാകും യുക്രൈന്‍ നഗരമാകും മരിയുപോള്‍. യുദ്ധം മൂന്ന് മാസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് യുക്രൈന്‍റെ പ്രധാനപ്പെട്ട തീരുമാനം എന്നതും ശ്രദ്ധേയമാണ്. 

റഷ്യ, യുക്രൈന് നേരെ ആയുധം ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം ഏറ്റവും രക്തരൂക്ഷിതമായ അക്രമണം നടന്നത് മരിയുപോളിലാണ്. യുക്രൈന്‍റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ തുറമുഖ നഗരം കീഴടക്കിയാല്‍ റഷ്യയ്ക്ക് തങ്ങള്‍ 2014 ല്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയിലേക്ക് കരമാര്‍ഗം പെട്ടെന്നെത്താന്‍ കഴിയും. 

മാത്രമല്ല, യുക്രൈനിലേക്കുള്ള 'സൈനിക നീക്കത്തിന്' പ്രധാന കാരണമായി റഷ്യ ആരോപിക്കുന്ന നവനാസി സ്വഭാവമുള്ള അസോവ് ബറ്റാലിയന്‍റെ ഏറ്റവും വലിയ ശക്തി കേന്ദ്രം കൂടിയാണ് മരിയുപോള്‍. 2014 മുതല്‍ ഇവിടം യുദ്ധ മേഖലയാണ്. എട്ട് വര്‍ഷത്തെ യുദ്ധത്തിനിടെ ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധകാലത്തെ ഫ്രാന്‍സിലെ ചില തെക്കന്‍ പ്രദേശങ്ങള്‍ പോലെയായി കഴിഞ്ഞെന്ന് വിദേശ യുദ്ധകാര്യ ലേഖകര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

നഗരത്തിൽ പതിനായിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയതായി യുക്രൈന്‍ ആരോപിച്ചു. മരിയുപോളിലെ ഏതാണ്ട് മുഴുവന്‍ കെട്ടിടങ്ങള്‍ക്കും യുദ്ധത്തില്‍ കേടുപാട് പറ്റി. ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. ബാക്കിയുള്ളവ ഉപയോഗ ശൂന്യമായി. 

റഷ്യ, മരിയുപോളിന് നേര്‍ക്കുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ നൂറുകണക്കിന് സാധാരണക്കാരും കുട്ടികളും പരിക്കേറ്റ സൈനികരും നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട അസോവ്സ്റ്റൽ സ്റ്റീൽ (Azovstal steelworks) പ്ലാന്‍റിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. സൈനികര്‍ സ്റ്റീല്‍ പ്ലാന്‍റില്‍ തടവിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇവരെ പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ആവശ്യപ്പെട്ടിരുന്നു. 

ഒരു ഈച്ച പോലും അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്‍റില്‍ നിന്ന് രക്ഷപ്പെടരുതെന്നായിരുന്നു പുടിന്‍റെ ഉത്തരവ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി സ്റ്റീല്‍ പ്ലാന്‍റിലെ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ, ജല വിതരണ ശൃംഖലയെല്ലാം റഷ്യ തകര്‍ത്തു. അതോടൊപ്പം സ്റ്റീല്‍ പ്ലാന്‍റ് ലക്ഷ്യമാക്കി നിരവധി മിസൈല്‍ അക്രമണങ്ങളും റഷ്യ നടത്തിയിരുന്നു. 

2014 മുതല്‍ യുദ്ധം നടക്കുന്ന ഈ മേഖലയില്‍ അസംഖ്യം കിടങ്ങുകളും ഭൂഗര്‍ഭ അറകളുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ രഹസ്യ മാര്‍ഗ്ഗങ്ങളില്‍ കടന്ന് റഷ്യന്‍ സൈന്യത്തിന് യുക്രൈന്‍ സൈനികരെ പിടികൂടുകയെന്നത് ഏറെ ശ്രമകരമാണ്. അത്രമാത്രം സങ്കീര്‍ണ്ണമാണ് ഈ പ്രദേശത്തെ കിടങ്ങുകളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ആയിരക്കണക്കിന് സാധാരണക്കാരും രണ്ടായിരത്തോളം യുക്രൈന്‍ പട്ടാളക്കാരുമായിരുന്നു സ്റ്റീല്‍ പ്ലാന്‍റിലുണ്ടായിരുന്നതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലൂടെ നിരവധി പേരെ പ്രദേശത്ത് നിന്നും യുക്രൈന്‍ ഒഴിപ്പിച്ചു. ഇപ്പോള്‍ പരിക്കേറ്റ ഏതാനും സൈനികരും കുറച്ച് സാധാരണക്കാരുമാണ് ഇവിടെയുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

ഉരുക്കുശാലയില്‍ നിന്നും പരിക്കേറ്റ  53 യുക്രൈന്‍ സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നോവോസോവ്സ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 211 യുക്രൈന്‍ സൈനികരെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കും കൊണ്ടുപോയതായി ഉക്രേനിയൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മല്യാർ പറഞ്ഞു.

"മരിയുപോൾ" പട്ടാളം അതിന്‍റെ പോരാട്ട ദൗത്യം നിറവേറ്റിയെന്നും നമ്മുടെ കാലത്തെ നായകന്മാരാണ് മരിയുപോളിലെ പട്ടാളക്കാതെന്നും യുക്രൈന്‍ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. റഷ്യ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ച് കൊണ്ടുപോയവരെല്ലാം റഷ്യയുമായുള്ള തടവുകാരുടെ കൈമാറ്റത്തിലൂടെ തിരികെ രാജ്യത്തെത്തുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. 

ഏകദേശം 600 സൈനികർ സ്റ്റീൽ പ്ലാന്‍റിനുള്ളിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ബാക്കിയുള്ളവരെ കൂടി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് യുക്രൈന്‍ സൈന്യം പറഞ്ഞു. "ഞങ്ങളുടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," യുക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്കി പറഞ്ഞു. 

"അവരിൽ ഗുരുതരമായി പരിക്കേറ്റവരുണ്ട്. അവർക്ക് പരിചരണം ലഭിക്കുന്നു. യുക്രൈന് യുക്രൈന്‍ വീരന്മാരെ ജീവനോടെ വേണം." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെയും കൊണ്ടു പോകുന്ന 'Z' എന്നെഴുതിയ റഷ്യന്‍ സൈനിക വാഹനങ്ങളാണ് ഡോണ്‍ബോസ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ റഷ്യയിലെ ഇപ്പോഴത്തെ സ്ഥിരം കാഴ്ച.

നവനാസികളില്‍ നിന്ന് യുക്രൈനെ മോചിപ്പിക്കാനുള്ള  "പ്രത്യേക സൈനിക നടപടി" എന്നാണ് മൂന്ന് മാസങ്ങള്‍ക്കിപ്പുറവും റഷ്യ, യുക്രൈന്‍ അക്രമണത്തെ അഭിസംബോധന ചെയ്യുന്നത്. യാതൊരു പ്രകോപനവുമില്ലാതെയുള്ള ആക്രമണത്തിന് റഷ്യ നല്‍കുന്ന ഏക ഉത്തരമാണ് ഈ നവനാസി ആരോപണം. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യുക്രൈനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അവകാശപ്പെടുന്നു. 

ആദ്യ ദിനങ്ങളില്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വടക്ക് പടിഞ്ഞാറ് നിന്നും വടക്ക് കിഴക്ക് നിന്നും റഷ്യയുടെ നൂറ് കണക്കിന് കവചിത വാഹനങ്ങളും സൈനിക ടാങ്കുകളും നീങ്ങിയെങ്കിലും ഒന്നരമാസം നീണ്ട പോരാട്ടത്തിനിടെ റഷ്യന്‍ സൈന്യം നിരുപാധികം പിന്മാറി. എന്നാല്‍, ഇതിനിടെ ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക കെട്ടിടങ്ങളും റഷ്യന്‍ സേന മിസൈല്‍, ബോംബാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. 

എന്നാല്‍, നിരുപാധിക പിന്മാറ്റം നടത്തിയ റഷ്യന്‍ സേന, പിന്നീട് മരിയുപോള്‍ ഉള്‍പ്പെടുന്ന ഡോണ്‍ബോസ്കോ പ്രദേശമായ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് യുദ്ധമാരംഭിച്ചു. നീണ്ട ഒന്നരമാസക്കാലം നാല് പാടുനിന്നും റഷ്യന്‍ സൈന്യം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖല അക്രമിച്ചു. ഇതിനൊടുവിലാണ്, മരിയുപോളില്‍ നിന്ന് പിന്മാറാന്‍ യുക്രൈന്‍ തീരുമാനിച്ചത്. 

click me!