Taliban: താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീ, കുറ്റവാളിക്ക് സമമെന്ന്

First Published May 17, 2022, 3:04 PM IST

ന്നാം താലിബാന്‍ (Taliban) ഭരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാകും രണ്ടാം താലിബാന്‍ ഭരണമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 2021 ഓഗസ്റ്റ് 15 ന് നടന്ന അമേരിക്കന്‍ (US) പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ (Afghanistan)  താലിബാന്‍ അധികാരമേറ്റത്. എന്നാല്‍, അധികാരമേറ്റ് അധികകാലം കഴിയും മുമ്പേ, തങ്ങളുടെ മുന്‍ നിലപാടുകള്‍ ആദ്യകാല നിലപാടുകള്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് പ്രവര്‍ത്തിയിലൂടെ ലോകത്തിന് വ്യക്തമാക്കി കൊടുക്കുകയാണ് താലിബാന്‍. രണ്ടാം തവണ അധികാരമേറ്റപ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.  ഈ സമയം വിദേശരാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലയ്ക്കാതിരിക്കാനാണ് തങ്ങളുടെ നിലപാടുകള്‍ മാറിയെന്ന് താലിബാന്‍ ഉദ്ഘോഷിച്ചത്. എന്നാല്‍, അധികാരമേറ്റ് ഏഴ് മാസങ്ങള്‍ കഴിയുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ കടുത്ത വിവേചനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുതുടങ്ങി. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വിലക്ക്. സ്ത്രീകളുടെ വസ്ത്രധാരണം തീരുമാനിക്കുന്നതും താലിബാന്‍. തുടങ്ങി സ്ത്രീകളുടെ നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പുരുഷസാന്നിധ്യം നിര്‍ബന്ധം. സ്ത്രീയെന്നാല്‍ രണ്ടാം താലിബാന് കീഴിയില്‍ കുറ്റവാളിക്ക് സമമെന്നാണ് ഇപ്പോള്‍ അഫ്ഗാനില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

1996-കളിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ആദ്യമായി അധികാരത്തിലേറിയത്. 2001 ല്‍ ആ ഭരണം അവസാനിച്ചു. പിന്നീട് 2021 ഓക്ടോബര്‍ 15 നാണ് അഫ്ഗാന്‍ ഭരണം താലിബാന്‍ തീവ്രവാദികള്‍ വീണ്ടും പിടിച്ചെടുക്കുന്നത്. അതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുമെന്നും ഇക്കാര്യത്തിലുള്ള തങ്ങളുടെ പഴയ തീവ്രവാദ ആശയങ്ങള്‍ ഉപേക്ഷിച്ചെന്നും താലിബാന്‍ വ്യക്തമാക്കിയത്. 

എന്നാല്‍, കഴിഞ്ഞ മെയ് 7 -ാം തിയതി സ്ത്രീകള്‍ പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ എല്ലാ മൂടുപടങ്ങളും ധരിച്ച് മുഖം മറച്ചിരിക്കണമെന്ന് താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. മുഖം മൂടിയ ഉത്തരവിനെ "സ്ത്രീകള്‍ക്കുള്ള ഉപദേശം" എന്നാണ് താലിബാൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.  

താലിബാന്‍റെ ഈ ഉപദേശം അനുസരിക്കാത്തവർക്കായി പ്രത്യേക ശിക്ഷകളും ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ടു. ഈ ഉത്തരവ് വന്ന ശേഷം നഗരത്തിലേക്കിറങ്ങിയ കാബൂളിൽ ഒരു ചെറുകിട ബിസിനസ്സ് ഉടമയായ സൊറയ, തന്‍റെ നഗരത്തിന് വന്ന മാറ്റം കണ്ട് ഞെട്ടി.

"എന്‍റെ മുഖം മറയ്ക്കാൻ ആവശ്യപ്പെട്ട് തെരുവിലെ ആളുകൾ എന്നെ സമീപിക്കുന്നത് എന്‍റെ ഹൃദയത്തെ തകർക്കുന്നു," സോറയ ബിബിസി ന്യൂസിനോട് പറഞ്ഞു. "ഞാൻ സന്ദർശിച്ച തയ്യൽക്കാരൻ പോലും അവരോട് സംസാരിക്കുന്നതിന് മുമ്പ് എന്‍റെ മുഖം മറയ്ക്കാൻ എന്നോട് ആവശ്യപ്പെട്ടു." 

തന്‍റെ കുട്ടിക്കാലത്ത് താലിബാന്‍ ആവശ്യപ്പെട്ടത് പോലെ വീണ്ടും ബുർഖ ധരിക്കേണ്ടിവരുമെന്ന് അവര്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഷോപ്പ് അസിസ്റ്റന്‍റര്‍മാർ എന്തൊക്കെയാണ് വിൽക്കുന്നത്, സ്തീകള്‍ക്കായി തയ്ച്ചെടുത്ത വസ്ത്രങ്ങളുടെ നീളം ഉചിതമാണോ. ആര്‍ഭാടങ്ങളുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് മേൽനോട്ടം വഹിക്കാൻ താലിബാൻ പ്രതിനിധികൾ സ്ത്രീകളുടെ വസ്ത്രക്കടകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞെന്ന് സോറയ പരാതിപ്പെടുന്നു.  

"എനിക്ക് ഭയമായിരുന്നു," സൊറയ പറയുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, ആദ്യമായി അവർ പുറത്തിറങ്ങി. പക്ഷേ അപ്പോഴേക്കും സ്ത്രീ സുരക്ഷയുടെ പേരില്‍ താലിബാന്‍ തീവ്രവാദി ഭരണകൂടം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു.

സർക്കാർ ജോലികളിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്നും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായിരുന്നു ഇതില്‍ ആദ്യത്തേത്. മഹ്‌റമോ പുരുഷ രക്ഷിതാവോ ഇല്ലാതെ 45 മൈൽ (72 കി.മീ) യാത്ര ചെയ്യുന്നതിൽ നിന്നും താലിബാന്‍ സ്ത്രീകളെ വിലക്കി. അതോടൊപ്പം മൂടുപടമിടാത്ത സ്ത്രീയ വാഹനങ്ങളില്‍ കയറ്റരുതെന്നും നിയമം കൊണ്ടുവന്നു. 

മൂടുപടം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ശാസനകൾ തങ്ങളുടെ മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണമാണെന്ന് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ പറയുന്നു. "ഇന്ന് അഫ്ഗാനിസ്ഥാനിൽ ഒരു സ്ത്രീ എന്നത് ഒരു കുറ്റകൃത്യം പോലെയാണ്." താലിബാന്‍റെ രണ്ടാം വരവില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സന പറയുന്നു. 

'വസ്ത്രധാരണം അതെന്തായാലും ഞാന്‍ എന്‍റെ വീട് വിടില്ല, എങ്കിലും ഈ സാഹചര്യം നിരാശാജനകമാണെന്നും സന കൂട്ടിച്ചേര്‍ക്കുന്നു. മിക്ക അഫ്ഗാൻ സ്ത്രീകളും ഇതിനകം തലയും കഴുത്തും മറയ്ക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഹിജാബ് ധരിക്കുന്നു. ഹിജാബ് കഴുത്തും തലയും മറയ്ക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു. 

താലിബാന്‍റെ പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്ത്രീകൾ ഒന്നുകിൽ മുഖം മറയ്ക്കുന്ന പൂർണ്ണ നിഖാബ് ധരിക്കണം. എന്നാല്‍ കണ്ണുകള്‍ മൂടേണ്ടതില്ല. അതല്ലെങ്കിൽ കണ്ണുകള്‍, വല പോലുള്ള കണ്ണികള്‍ കൊണ്ട് മൂടുന്നതും ശരീരം മുഴുവനും മുഖവും മൂടുന്ന ബുര്‍ഖ ധരിക്കണം. 

സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അവരുടെ മഹ്റമോ പുരുഷ രക്ഷിതാവോ അടുത്ത പുരുഷ ബന്ധുവോ ആയിരിക്കും. അവർക്ക് തങ്ങളുടെ സ്ത്രീകള്‍ കൃത്യമായ തരത്തിലാണോ വസ്ത്രധാരണം ചെയ്യുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 

അല്ലാത്തപക്ഷം അവര്‍ താലിബാന്‍ വിധിക്കുന്ന ശിക്ഷ നേരിടേണ്ടിവരും. ശിക്ഷയുടെ ഭാഗമായി മതകോടതിയിലേക്ക് അയക്കുകയോ മൂന്ന് ദിവസത്തേക്ക് ജയിലില്‍ അടയ്ക്കുകയോ ചെയ്യാം. ജോലിയുള്ള സ്ത്രീകളെ ജോലിയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിരിച്ച് വിടാം. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കാണാന്‍ പോകണമെങ്കില്‍ സ്ത്രീകളുടെ കൂടെ ഒരു പുരുഷ ബന്ധുകൂടി ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പുതിയ നിയന്ത്രണങ്ങളുടെ ആഘാതം അനുഭവിക്കുന്ന ചില സ്ത്രീകൾ തങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തി പോലും അന്താരാഷ്ട്രാ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാബൂളില്‍ ഒരു സംഘം സ്ത്രീകള്‍ പരമ്പരാഗത അഫ്ഗാൻ വസ്ത്രങ്ങൾ ധരിച്ച് പുതിയ വസ്ത്ര നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 'കഴിഞ്ഞ എട്ട് മാസമായി താലിബാൻ ഞങ്ങളുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത ഈ രാജ്യത്ത് നിലനില്‍ക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങൾ പരിഹരിക്കാന്‍ താലിബാൻ താത്പര്യപ്പെടുന്നില്ല.' പ്രതിഷേധത്തിനെത്തിയ മറിയം ബിബിസിയോട് പറഞ്ഞു. 

പുതിയ നിയന്ത്രണം കൊണ്ടുവന്ന ശേഷമുള്ള ആദ്യത്തെ ചൊവ്വാഴ്ച പ്രതിഷേധത്തിനായി തെരുവിലിറങ്ങാന്‍ ശ്രമിച്ചവരെ താലിബാന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞതായി പ്രതിഷേധക്കാര്‍ ബിബിസിയോട് പറഞ്ഞു.  "അവർ എന്നെ അതേ സ്ഥലത്ത് രണ്ട് മണിക്കൂർ നിർത്തി, അവർ എന്‍റെ മൊബൈൽ ഫോണ്‍ ബലം പ്രയോഗിച്ച്  കൈക്കലാക്കി. ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി." പ്രതിഷേധത്തിന് എത്തിയിരുന്ന ഹാജിറ പറയുന്നു. 

എന്നാല്‍, സ്ത്രീകളുടെ പുതിയ വസ്ത്രനിയമത്തെ കുറിച്ച് സംസാരിക്കാന്‍ താലിബാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. "പുതിയ കൽപ്പന വന്ന ആദ്യ ദിവസം ഞാൻ എന്‍റെ 12 വയസ്സുള്ള മകനുമായി മനഃപൂർവ്വം എന്‍റെ സാധാരണ വസ്ത്രം ധരിച്ച്, മുഖം കാണിച്ച് കൊണ്ട് നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പോയി. അവരെ പ്രകോപിക്കുക തന്നെയായിരുന്നു ഉദ്ദേശം. കാബൂളിലെ വനിതാ അവകാശ പ്രവർത്തകയായ അനൗഷ പറയുന്നു. 

താനൊരു നിരീശ്വരവാദിയാണെന്ന് പറയുന്ന ഷെയ്‌ക്ബ, തന്‍റെ വസ്ത്രധാരണ രീതി മാറ്റാനുള്ള ഏത് സമ്മർദത്തിനും എതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്നു.  യൂണിവേഴ്‌സിറ്റിയിലേക്കുള്ള വഴിയിൽ, ശരിയായ വസ്ത്രം ധരിക്കാത്തതിന് ഒരു താലിബാൻ ഉദ്യോഗസ്ഥൻ അവളെ നേരത്തെ തടഞ്ഞിരുന്നു. 

"അത് വളരെ ചൂടുള്ള കാലമാണന്ന് ഞാൻ അവനോട് ന്യായവാദത്തിന് ശ്രമിച്ചു, പക്ഷേ അവൻ നിർബന്ധിച്ചപ്പോൾ എനിക്ക് സ്വയം മറയ്ക്കേണ്ടി വന്നു," അവൾ പറയുന്നു. അഫ്ഗാനിസ്ഥാനിലെ സമൂഹത്തിൽ നിന്നും കുടുംബത്തിലെ പുരുഷൻമാരില്‍ നിന്നും വസ്ത്രങ്ങളുടെ കാര്യത്തിൽ പൊരുത്തപ്പെടാൻ തനിക്ക് എപ്പോഴും സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്ന് ഷെയ്‌ക്ബ കൂട്ടിചേര്‍ത്തു. 

എനിക്ക് ഒരേ സമയം എന്‍റെ കുടുംബത്തിലെ പുരുഷന്മാരോടും താലിബാൻ ഉദ്യോഗസ്ഥരോടും പോരാടേണ്ടിവരുന്നു. എനിക്ക് ഭയമാണ്, പക്ഷേ ഇതിനെതിരെ പോരാടുകയല്ലാതെ എനിക്ക് മറ്റ് മാർഗ്ഗമില്ല." ഷെയ്‌ക്ബ നയം വ്യക്തമാക്കുന്നു. 

ഷെയ്‌ക്ബയ്ക്ക് നേരത്തെ ഇറാനിൽ പഠിക്കാൻ സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, വിമാനത്തില്‍ കയറുന്നതിൽ നിന്ന് താലിബാന്‍ അവളെ തടഞ്ഞു. കാരണം അവളുടെ കൂടെ പുരുഷ സഹായി ഇല്ലായിരുന്നു. കഴിഞ്ഞ മാർച്ചിൽ, മഹ്‌റമില്ലാതെ സ്ത്രീകൾ ആഭ്യന്തരമോ അന്താരാഷ്ട്രമോ ആയ വിമാനങ്ങളിൽ കയറുന്നത് തടയാൻ താലിബാൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. 

റോഡ് മാർഗം ദീർഘദൂരം സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷ ബന്ധു കൂടെയുണ്ടെങ്കിൽ മാത്രമേ വാഹന സൗകര്യം നൽകാവൂ എന്നാണ് താലിബാന്‍റെ മറ്റൊരു സ്ത്രീ നിയമം. "എന്‍റെ കൂടെ ആരെയും ഇറാനിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് ഞാൻ താലിബാനോട് വിശദീകരിക്കാൻ ശ്രമിച്ചു, പക്ഷേ അവർ ചെവിക്കൊണ്ടില്ല. " ഷൈക്ബ പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ താലിബാനെതിരെ അന്താരാഷ്ട്ര സമൂഹം കൂടുതൽ സമ്മർദ്ദം ചെലുത്താൻ സമയമായെന്ന് ഹെറാത്ത് യൂണിവേഴ്സിറ്റി ബിരുദധാരിയായ നജ്മ കരുതുന്നു. "ഇത് എന്‍റെ ഹൃദയത്തെ തകർക്കുന്നു, എനിക്ക് വളരെ ബലഹീനത തോന്നുന്നു. കാരണം ഈ മണ്ടൻ നിയമങ്ങൾ അനുസരിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല." അവൾ പറയുന്നു.

click me!