ആ ഫലസ്തീന്‍ കുട്ടി ചോദിച്ചു: 'നാട്ടില്‍ ചെന്നാല്‍ ഷാരൂഖ് ഖാനോട് ഞങ്ങളുടെ അന്വേഷണം അറിയിക്കാമോ?'

First Published Mar 27, 2019, 4:58 PM IST

'യാത്രയ്ക്കിടയില്‍' ഫോട്ടോ സീരീസ് ആരംഭിക്കുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ ഫലസ്തീന്‍ മണ്ണില്‍നിന്ന് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചി പകര്‍ത്തിയ ചിത്രങ്ങള്‍ ...
........................................................................................................................................................................................................................

നിങ്ങള്‍ക്ക് യാത്രകളും ക്യാമറയും ഹരമാണോ? യാത്രകള്‍ക്കിടയില്‍ കണ്ട മനുഷ്യരെയും സ്ഥലങ്ങളെയും ക്യാമറയില്‍ പകര്‍ത്താറുണ്ടോ? എങ്കില്‍,  ഫോട്ടോകളും ആ ഫോട്ടോകള്‍ക്ക് പിന്നിലെ കഥകളും ഞങ്ങള്‍ക്ക് അയക്കൂ. 2 ജിബിയില്‍ കൂടാത്ത jpg ഫോട്ടോകളും കുറിപ്പും നിങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.inഎന്ന വിലാസത്തില്‍ അയക്കണം. സബ്ജക്ട് ലൈനില്‍ യാത്രയ്ക്കിടയില്‍ എന്നെഴുതാന്‍ മറക്കരുത്. 

........................................................................................................................................................................................................................

'ആ കുട്ടികള്‍ ഇന്ന് ബാക്കിയുണ്ടാവുമോ?'

ഫലസ്തീനിലെ റോക്കറ്റാക്രമണങ്ങളില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലാദ്യം ഉയരുന്ന ആധി കലര്‍ന്ന ചോദ്യം ഇതാണ്. ഫലസ്തീന്‍ മണ്ണിലൂടെ  ക്യാമറയുമായി നടത്തിയ യാത്രയ്ക്കിടെ കണ്ടുമുട്ടിയത് നിരവധി കുട്ടികളാണ്. കളിചിരികളോടെ ക്യാമറയ്ക്കു മുന്നില്‍ നിന്ന നിഷ്‌കളങ്കമായ മനസ്സുകള്‍. ഏതു നിമിഷവും കൊല്ലപ്പെടാമെന്ന സാദ്ധ്യതയുടെ മുനമ്പില്‍ അവരെ തനിച്ചാക്കിയാണ് അന്ന് ഞങ്ങള്‍ മടങ്ങിയത്. ഫലസ്തീന്‍ എന്നാല്‍ ഇപ്പോള്‍ അവരൊക്കെയാണ്. അവിടെ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും ആ മുഖങ്ങളാണ്.

അവിചാരിതമായായിരുന്നു ആ സന്ദര്‍ശനം. കടുത്ത ഇസ്രായേല്‍ നിയന്ത്രണങ്ങള്‍ കാരണം ഫലസ്തീന്‍ മണ്ണില്‍ ചെല്ലുക എളുപ്പമല്ല. ജേണലിസ്റ്റുകളെ അതിനകത്ത് കയറ്റാന്‍ ഫലസ്തീന്‍ പൊലീസിനും ഇസ്രായേലി പൊലീസിനും ഭയവുമാണ്. അത്തരമൊരു സാഹചര്യത്തിലാണ് വീണുകിട്ടിയ ഒരവസരം ഉപയോഗിച്ച് അവിടെ ചെന്നത്. അസാധാരണമായിരുന്നു ആ അനുഭവം. കേട്ടറിഞ്ഞതൊന്നുമല്ല അവിടെ കാത്തിരുന്നത്. ഭാവനയില്‍ കാണാനാവുന്നതിനേക്കാള്‍ ഭീകരമായ ഒരവസ്ഥ. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ക്രൂരതകള്‍. സത്യങ്ങള്‍. അവിടെ ഏറ്റവും കണ്ടത്, ഫോട്ടോഗ്രാഫി പാടില്ല എന്ന മുന്നറിയിപ്പുകളാണ്.  സഞ്ചാരികളുടെ സംഘത്തിനൊപ്പം അവിടെ ചെല്ലുമ്പോള്‍ പലയിടത്തും ചോദ്യം ചെയ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന ടെലി ലെന്‍സും ക്യാമറയും ഏതാണ്ട് എല്ലായിടങ്ങളിലും എന്നെ ഒറ്റുകൊടുത്തു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.

അവിടത്തെ യാഥാര്‍ത്ഥ്യങ്ങളുടെ നൂറിലൊന്നേ ഇതിലുള്ളൂ. എങ്കിലും നിങ്ങള്‍ കാണുന്ന ഈ മനുഷ്യരും അവര്‍ പറയുന്ന ജീവിതവും യാഥാര്‍ത്ഥ്യമാണ്. ഈ ചിത്രങ്ങളില്‍ ചിലത് 2014ല്‍ 'ഒലീവ് ഇലയിലെ ഇളംചോര' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചോരയിറ്റുന്ന ഒരൊറ്റ ചിത്രവും അതില്‍ ഇല്ലായിരുന്നു. ഫലസ്തന്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ അനിശ്ചിതത്വമായിരുന്നു അവ തുറന്നുകാണിക്കാന്‍ ശ്രമിച്ചത്.  അത് ബോധപൂര്‍വ്വം ചെയ്തതായിരുന്നു. കാരണം, ഓരോ യുദ്ധവും ആത്യന്തികമായി സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയാണ്. യുദ്ധത്തിനായി ഇടക്കിടെ മുറവിളികള്‍ ഉയരുന്ന നമ്മുടെ നാട്ടുകാരും അറിയണം എന്താണ് യുദ്ധങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതെന്ന കാര്യം. ഇതായിരുന്നു ആ പ്രദര്‍ശനത്തിന്റെ ഉദ്ദേശ്യം.

ഇനി കാണാം, ആ ചിത്രങ്ങള്‍.

ഫലസ്തീന്‍ മണ്ണില്‍ ഒരു ക്യാമറയുടെ സഞ്ചാരം. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചി പകര്‍ത്തിയ ചിത്രങ്ങള്‍
undefined
ഇബ്രാഹിം നബി മസ്ജിദിലേക്കുള്ള വഴിയിലാണ് അവനെ കണ്ടത്. കുറച്ചു മിഠായികളുമായി അവന്‍ ഞങ്ങളുടെ അടുതേക്ക് വരികയായിരുന്നു. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ചിരിച്ചു. പിന്നെ കൈയിലുള്ള മിഠായികള്‍ ഞങ്ങള്‍ക്കുനേരെ നീട്ടി. പണം കൊടുത്തപ്പോള്‍ വാങ്ങിയില്ല. അവന്‍ പറഞ്ഞു, നിങ്ങള്‍ ഇന്ത്യക്കാരല്ലേ, പണം വേണ്ട. നാട്ടിലെത്തുമ്പോള്‍ അമിതാബ് ബച്ചനോടും ഷാരൂഖ് ഖാനോടും ഞങ്ങളുടെ അന്വേഷണം പറഞ്ഞാല്‍ മതി!'. ഇന്ത്യയെന്നാല്‍ അവന് ബച്ചനും ഷാരൂഖുമാണ്. അവിടെയുള്ള മറ്റു പലര്‍ക്കുമതെ.
undefined
കുറച്ചുകാലം മുമ്പു വരെ ഫലസ്തീനികള്‍ തിങ്ങി പാര്‍ത്തിരുന്ന സ്ഥലമായിരുന്നു ഈ കുന്നിന്‍ ചെരിവ്. അവിടെയുള്ളവരെയെല്ലാം ഇസ്രായേല്‍ ടാങ്കറുകളും ട്രക്കുകളും തീപ്പുക തുപ്പി ആട്ടിയോടിക്കുകയായിരുന്നു. ഇവിടെയിപ്പോള്‍ ഇസ്രായേലി വാസകേന്ദ്രങ്ങളാണ്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നിര്‍മിച്ച കുടിയേറ്റങ്ങളെല്ലാം നിയമവിരുദ്ധമെന്നാണ് ഐക്യ രാഷ്ട്രസഭയുടെ നിലപാട്. എന്നാല്‍, എല്ലാ സമാധാന ശ്രമങ്ങള്‍ക്ക് ശേഷവും ഇസ്രായേല്‍ പറയുന്നത് ഇനിയും തങ്ങള്‍ കുടിയേറും എന്ന് തന്നെയാണ്.
undefined
ഖബറുകളുടെ ദേശമാണിന്ന് ഫലസ്തീന്‍. മരണം അത്ര അരികില്‍ നില്‍ക്കുന്ന ഒരു ദേശം. ഫലസ്തീനിലെ ഖബറിസ്ഥാനുകളിലൊന്നാണിത്. ജീവിക്കാന്‍ ഇടമില്ലാത്തവര്‍ക്ക് മരിച്ചുറങ്ങാനുള്ള ഇടം.
undefined
സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളായി ജീവിക്കെണ്ടിവരിക. വേട്ട മൃഗങ്ങളെപ്പോലെ ആക്രമിക്കപ്പെടുക. ഫലസ്തീന്‍ ജനതയുടെ ആത്മാഭിമാനത്തിന് നേരെത്തന്നെയാണ് ഓരോ വെടിയുണ്ടയും വന്നു പതിക്കുന്നത്. ഇബ്രാഹിം മസ്ജിദിനടുത്തുള്ള തെരുവിലാണ് ഈ കാഴ്ച.
undefined
ഫലസ്തീനിനും ഇസ്രായേലിനുമിടയില്‍ കെട്ടിയ ഈ വന്‍മതില്‍ ഫലസ്തീനികളുടെ വലിയ മുറിവാണ്. താമസസ്ഥലത്തിനിടയിലൂടെ നിര്‍മിച്ച ഈ വന്മതിലിന് അപ്പുറവും ഇപ്പുറവും കടക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഉത്തരവ് വേണം. ഉത്തരവു മാത്രം പോരാ, അത് കണ്ട് അപ്പുറം കടത്തിവിടാന്‍ ഇസ്രായേല്‍ സൈന്യം കനിയുകയും വേണം. അത്തരമൊരു രേഖയുമായി കടലാസുമായി ഇസ്രായേല്‍ സൈനികരുടെ കനിവിനായ് കാത്തു നില്‍ക്കുകയാണ് ഈ അമ്മ. ഓരോ ഫലസ്തീനിയുടെയും കണ്ണീരിനിടയിലൂടെയാണ് ഈ വന്മതില്‍ ഉയര്‍ന്നത്.
undefined
മാതാപിതാക്കള്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതിനാല്‍ അനാഥരായി നടക്കുന്ന ഒരു പാട് കുട്ടികളെ ഫലസ്തീനില്‍ കണ്ടു. ചെറുപ്പത്തിലേ ജീവിതഭാരം പേറേണ്ടിവരുന്ന കുരുന്നുകള്‍. തെരുവില്‍ കച്ചവടം നടത്താന്‍ പോലും അവര്‍ക്ക് ഇസ്രയേല്‍ പട്ടാളത്തെയും ഫലസ്തീന്‍ പൊലീസിനെയും ഒരുപോലെ പേടിക്കണം. ടൂറിസ്റ്റ് ബസുകളില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചതിനാണ് ഈ ബാലനെ പിടിച്ചു പുറത്തേക്കിടുന്നത്.
undefined
രണ്ടു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നതിന്റെ പിറ്റേന്ന്, മസ്ജിദുല്‍ അഖ്്‌സയിലേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങുമ്പോഴാണ് വഴിയരികില്‍ ഈ യുവാവിനെയും മകളെയും കണ്ടത്. പാവക്കുഞ്ഞുമായി പിതാവിനൊപ്പം കളിക്കുകയായിരുന്നു അവള്‍. ക്യാമറ കണ്ടാവാം പാവക്കുഞ്ഞിനെ എനിക്ക് നന്നായികാണാന്‍ തിരിച്ചുവെച്ച് നിഷ്‌കളങ്കമായി ചിരിച്ചു, അവള്‍. ക്യാമറ ഷട്ടര്‍ ഒന്നുരണ്ടു തവണ മിന്നല്‍വേഗത്തില്‍ അടഞ്ഞു. എന്നാല്‍ ഓര്‍മ്മയുടെ ഷട്ടര്‍ ഇപ്പോഴും അടയാതെ കിടക്കുകയാണ്.
undefined
നിരവധി പ്രവാചകരുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് ഫലസ്തീന്‍ അറിയപ്പെടുന്നത്. ചരിത്രത്താളുകളില്‍ വളരെയധികം പരാമര്‍ശിക്കപ്പെട്ട ഈ ഭൂമിയിലിപ്പോള്‍ മരണത്തിന്റെ പാദസ്പര്‍ശമാണ്.
undefined
. യാത്രയ്ക്കിടയില്‍ ഫലസ്തീനീല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നടന്ന ഒരു ചിത്രകല ക്യാമ്പില്‍ കയറി നോക്കി. കോളേജ് വിദ്യാര്‍ത്ഥിനികള്‍ സങ്കടിപ്പിച്ച ആ ചിത്രങ്ങളിലെല്ലാം അവിടുത്തെ കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. ഈ മനുഷ്യരുടെ ആധികള്‍ എന്നാണു നമുക്ക് അതേയര്‍ത്ഥത്തില്‍ മനസ്സിലാക്കാനാവുക?
undefined
ഡോം ഓഫ് ദി റോക്കിനടുത്ത് മുന്തിരിയില വില്‍ക്കാനെത്തിയതാണ് ഈ ബാലന്‍. അവന്റെ കണ്ണുകള്‍ നോക്കൂ. അവ നമ്മോട് എന്തൊക്കെയോ പറയുന്നില്ലേ?
undefined
ഫലസ്തീന്‍ മണ്ണിലൂടെ സഞ്ചരിക്കുമ്പോള്‍ എറ്റവുമേറെ കണ്ടത് ചക്രക്കസേരകളാണ്. വീടുകള്‍ക്കും കടകള്‍ക്കും മുന്നിലെല്ലാം കാണാം, നിര്‍ത്തിയിട്ട വീല്‍ ചെയറുകള്‍. കാലങ്ങളായി തുടരുന്ന അതിക്രമങ്ങളില്‍ കൊല്ലപ്പെടാതെ ബാക്കിയായവരാണ് വികലാംഗരായി ശിഷ്ടകാലം ജീവിക്കുന്നത്. വികലാംഗരുടെ ക്യാമ്പുകള്‍ക്ക് നേരെ പോലും ആക്രമണങ്ങള്‍ പതിവാണെന്ന് പറയുന്നു ഈ മനുഷ്യര്‍.
undefined
ഈ കെട്ടിടങ്ങള്‍ക്കു മുകളില്‍ ശൂന്യതയില്‍ വലിച്ചു കെട്ടിയത് ഒരു വലയാണ്. ആ വലയില്‍ മാലിന്യങ്ങളും. തങ്ങളുടെ കച്ചവടസ്ഥലത്തേക്ക് ഇസ്രായേലികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനാലാണ് ഫലസ്തീന്‍ കച്ചവടക്കാര്‍ ഈ വല വലിച്ചുകെട്ടിയത്. ആ വല കാണിച്ചു തന്ന് ഈ ഫലസ്തീന്‍ യുവാവ് പറയുന്നത് ഒരു കാര്യമാണ്: 'മനുഷ്യനെ മാലിന്യങ്ങളെക്കാളും താഴെയായി കാണുന്നവരില്‍നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?'
undefined
യുദ്ധഭൂമിയിലെ ഫോട്ടോ പകര്‍ത്തല്‍ മരണത്തിലൂടെയുള്ള നടത്തമാണ്. മരണം മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് ഓരോ സംഘര്‍ഷഭൂമിയിലും ഫോട്ടോഗ്രാഫര്‍ നില്‍ക്കുന്നത്. സത്യമെന്തെന്ന് ലോകത്തെ കാണിക്കാനായി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ ധീരത കാട്ടുന്ന നൂറ്കണക്കിന് ഫോട്ടോഗ്രാഫര്‍മാരുടെ പ്രതിനിധിയാണ് ഈ മനുഷ്യനും.
undefined
ഈ കണ്ണുകളില്‍ നിന്നും പലതും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. ഒരു ഫലസ്തീനിയുടെ ജീവിതം മുഴവന്‍ അതിലുണ്ട്. എത്രയെത്ര സ്‌ഫോടനങ്ങളും ആക്രമണങ്ങളും മരണങ്ങളും കണ്ടതാണ് ആ കണ്ണുകളെന്നോ. എപ്പോഴോ ഉണ്ടായേക്കാവുന്ന ഒരു കച്ചവടത്തിന് കാത്തു കാത്തിരുന്നു നരച്ചുപോയതല്ല ഈ മുത്തച്ഛന്‍. ജീവിതമാണ് അയാളെ ഇങ്ങനെയാക്കിയത്.
undefined
മരണം ഒരിക്കലും ഫലസ്തീനിക്ക് വിദൂരമായ ഒന്നല്ല. ഏതുസമയത്തും അതു സംഭവിക്കാം. ഒരു മിസൈല്‍. ഒരു സ്‌ഫോടനം. അല്ലെങ്കില്‍ ഒരു വെടിയുണ്ട. ഏതുനിമിഷവും കൊല്ലപ്പെടാനുള്ള സാദ്ധ്യതയുടെ മുനമ്പിലാണ് ഇവരുടെ ജീവിതം. ലോകം കാണേണ്ടത് ഈ കരച്ചിലുകളാണ്.
undefined
പിതാവിനെ ശത്രുക്കള്‍ കൊന്നു. ജീവിക്കാന്‍ അമ്മ വീട്ടിലിരുന്നു നെയ്തുണ്ടാക്കുന്നതാണ് ഇത്. നിങ്ങള്‍ ഇത് വാങ്ങിയാല്‍ എന്റെ വീട്ടില്‍ ഒരു നേരം ഭക്ഷണം കഴിക്കാമെന്ന് പറയുമ്പോള്‍ അവന്റെ ശബ്ദമിടറി. നിസ്സഹായതയും അപമാനവുമെല്ലാം ചേര്‍ന്ന വിങ്ങല്‍. സന്ദര്‍ശകര്‍ക്കുമുന്നില്‍ കൈനീട്ടേണ്ടി വരുന്ന ഈ കുഞ്ഞുങ്ങള്‍ ഫലസ്തീനില്‍ സര്‍വ്വസാധാരണമാണ്.
undefined
നിരന്തര സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള ജീവിതത്തില്‍ ആര്‍ക്കാണ് പുതുവസ്ത്രങ്ങളെക്കുറിച്ചാലോചിക്കാനുള്ള നേരം? ഉപരോധം മൂലം പട്ടിണി പതിവായ നാട്ടില്‍ ജോലി തേടിയിരിക്കുന്ന ഒരു തയ്യല്‍ക്കാരനാണ് ഈ വൃദ്ധന്‍.
undefined
മരണം ഒരിക്കലും ഫലസ്തീനിക്ക് വിദൂരമായ ഒന്നല്ല. ഏതുസമയത്തും അതു സംഭവിക്കാം. ഒരു മിസൈല്‍. ഒരു സ്‌ഫോടനം. അല്ലെങ്കില്‍ ഒരു വെടിയുണ്ട. ഏതുനിമിഷവും കൊല്ലപ്പെടാനുള്ള സാദ്ധ്യതയുടെ മുനമ്പിലാണ് ഇവരുടെ ജീവിതം. ഓരോ മരണത്തിലും നഷ്ടം സംഭവിക്കുന്നത് ഉറ്റവര്‍ക്ക് മാത്രമാണ്. ലോകം കാണേണ്ടത് ഈ കരച്ചിലുകളാണ്.
undefined
ജറുസലേമില്‍ താമസിച്ച ഹോട്ടലിലെ ഒരു ചിത്രം. പഴയ ഫലസ്തീനാണാ ചിത്രത്തില്‍. സംഘര്‍ഷങ്ങളില്ലാത്ത, സന്തോഷഭരിതമായ തെരുവ്. സ്വതന്ത്രമായി വ്യാപാരത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍. ഇങ്ങനെയായിരുന്നു ഒരിക്കല്‍ ഈ നാടെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ കലാകാരന്‍.
undefined
click me!