പ്രിയപ്പെട്ട ടോംസും, പിന്നെ ബോബനും മോളിയും

First Published Apr 28, 2020, 1:37 PM IST

മലയാളികളെ അന്നും ഇന്നും എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനും മോളിയുടെ സ്രഷ്ടാവ് കാർട്ടൂണിസ്റ്റ് ടോംസ് നമ്മെ വിട്ടു പിരിഞ്ഞിട്ടു ഏപ്രിൽ 27 -ന് നാല് വർഷം തികഞ്ഞു.

മലയാളികളുടെ മനസ്സില്‍ കുസൃതിയുടെ രൂപമായി ചേക്കേറിയ ബോബന്റെയും മോളിയുടെയും പിതാവിനു വിട. ആറു പതിന്റാണ്ട് കാലം വരകളിലൂടെയും വാക്കുകളിലൂടെയും ചിരിക്കാനും ചിന്തിക്കാനും അവസരമൊരുക്കിയ ഉത്സവമായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. മലയാളി വായനക്കാരെ അറബികളെ പോലെ പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് വായിക്കാന്‍ പഠിപ്പിച്ച വ്യക്തിയായിരുന്നു കാര്‍ട്ടൂണിസ്റ്റ് ടോംസ്. അത്രയ്ക്ക് ജനകീയവുമായിരുന്നു. 'മനോരമ വാരിക'യുടെ അവസാന പുറത്ത് വന്നിരുന്ന ടോംസിന്റെ ബോബനും മോളിയും. ജന്‍മം കൊണ്ട് കുട്ടനാട്ടുകാരനായത് കൊണ്ടായിരിക്കാം ഗ്രാമീണതയും നിഷ്കളങ്കതയും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളില്‍ പ്രതിഫലിക്കുന്നത്. തന്റെ കഥാപാത്രങ്ങളെ കൂടുതലും ടോംസ് കണ്ടെത്തിയതും ജന്മനാട്ടില്‍ നിന്ന് തന്നെ.
undefined
ശങ്കേഴ്സ് വീക്കിലിയിലെ കാര്‍ട്ടൂണിസ്റ്റ് കൂടിയായിരുന്ന ജ്യേഷ്ഠന്‍ പീറ്റര്‍ തോമസിന്റെ വരകളോടു തോന്നിയ ആരാധനയാണ് ടോംസിനെ മാവേലിക്കര സ്കൂള്‍ ഓഫ് ആര്‍ട്സിലെത്തിച്ചത്. അവിടുത്തെ പഠനത്തിനു ശേഷം കുടുംബദീപത്തില്‍ പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചു. പിന്നീടു ഡെക്കാന്‍ ഹെറാള്‍ഡിലും ശങ്കേഴ്സ് വീക്കിലിയിലും സ്വന്തമായ ഒരു ഇടം കണ്ടെത്തി. ഒരു കാര്‍ട്ടൂണിസ്റ്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും ടോംസ് കരുതിയതല്ല. താല്പര്യം സംഗീതത്തോടായിരുന്നു. ബിരുദപഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന കാലത്ത് ടോംസിനെ കാണാന്‍ എത്തിയിരുന്ന അയല്‍വീട്ടിലെ കൃസൃതികളായ ഇരട്ട സഹോദരങ്ങളാണ് (യഥാര്‍ത്ഥ ബോബനും മോളിയും) തന്നെ കാര്‍ട്ടൂണിസ്റ്റാക്കിയതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മുപ്പതാം വയസ്സില്‍ മഷിത്തുമ്പില്‍ പിറന്നുവീണ ബോബനും മോളിയും ടോംസിന്റെ തലവര തന്നെ മാറ്റി; ഒപ്പം കേരളത്തിലെ ഏറ്റവും ജനകീയമായ കാര്‍ട്ടൂണ്‍ കാര്‍ട്ടൂണ്‍ പരമ്പരയ്ക്കും അത് തുടക്കം കുറിച്ചു.
undefined
വരകള്‍ സ്വന്തം വീട്ടില്‍ മാത്രമൊതുങ്ങിയ നാളുകള്‍; ഒരിക്കല്‍ ഈ ചിത്രങ്ങള്‍ കാണാനിടവന്ന സുഹൃത്ത് ജോസഫ് പള്ളിക്കുളം ആണ്‌ ഇത് പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ ആദ്യം നിര്‍ദേശിക്കുന്നത്. എന്നാല്‍, ആദ്യകാലത്ത് അയച്ച ചിത്രങ്ങളെല്ലാം തിരിച്ചുവന്നു. പിന്നീട്, അതേ ബോബനും മോളിയും അവര്‍ക്കൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ് ഇട്ടുണ്ണന്‍, ഭാര്യ മജിസ്ട്രേറ്റ് മറിയ, പൂവാലന്‍ അപ്പിഹിപ്പി, ആശാന്‍, ഉണ്ണിക്കുട്ടന്‍, മൊട്ട തുടങ്ങിയവരും നമുക്ക് പരിചിതരായി. ഇവര്‍ക്കൊപ്പം ചേര്‍ന്ന് ബോബനും മോളിയും നാട്ടുകാര്യങ്ങളില്‍ പങ്കാളികളായി. ഈ കഥാപാത്രങ്ങളിലൂടെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യം വിട്ടുവീഴ്ചകളില്ലാതെ തന്റെ കാര്‍ട്ടൂണുകളിലൂടെ ടോംസ് നമുക്ക് മുന്നില്‍ വരച്ചു നിരത്തി.
undefined
ടോംസ് തന്റെ ആത്മകഥയില്‍ മരണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. "പ്രകൃതി മനുഷ്യന് നല്‍കിയിരിക്കുന്നത് ഒരു വലിയ അനുഗ്രഹമാണ്. മരിക്കുന്നത് മനുഷ്യന്‍ അറിയുകയില്ല. അതിനു മുമ്പ് ബോധം മറയുന്നതു കാരണം മരണവേദന എന്നുള്ളതു ഉണ്ടായിരിക്കുകയില്ല. കത്തോലിക്കര്‍ക്ക് അച്ചന്മാര്‍ ഓതിത്തന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. മരണസമയത്ത് എന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി പ്രാണന്‍ പിടയുമ്പോള്‍ ദയാപരനായ ഈശോയെ, ഞങ്ങളെ കാത്തുകൊള്ളണമേ എന്ന്. മരണസമയത്ത് ഒരു ഞരമ്പും വലിഞ്ഞുമുറുകുകയില്ല. ഒരു പ്രാണനും പിടയുകയുമില്ല. മരണമെന്നു പറയുന്നത് ഒരു ലോംഗ് ലോംഗ് സ്ലീപ് ആണ്. ഉച്ചയൂണുകഴിഞ്ഞ് നമ്മള്‍ ഒന്ന് ഉറങ്ങിയെന്നു കരുതുക. ഉറക്കമുണര്‍ന്നതിനുശേഷം സ്വയം ഒന്നു ചിന്തിച്ചു നോക്കൂ. എപ്പഴാ ഉറങ്ങിയതെന്ന്. ഒരു പിടിയും കിട്ടുകയില്ല.അതുപോലെതന്നെയാണ് മരണവും. സാവധാനം ഇഴുകി ഇഴുകി നാം ഉറങ്ങുന്നു. എന്നന്നേക്കുമുള്ള ഒരു നീണ്ട ഉറക്കം. ഉറങ്ങുന്നതിനുമുമ്പ് ഉറക്കത്തിലേക്ക് ഇഴുകിവീഴുന്ന അര്‍ദ്ധബോധാവസ്ഥയിലേക്കുള്ള ഒരു നിര്‍വൃതിയുണ്ടല്ലോ, അതാണ് ഒരുവന്റെ ജീവിതത്തില്‍ ഏറ്റവും സുഖകരമായ അനുഭൂതി; ആ അനുഭൂതിയാണ് മരണസമയത്തും. ചുരുക്കിപ്പറഞ്ഞാല്‍ മരണത്തിലേക്ക് വഴുതിവീഴുന്ന സുഖത്തേക്കാള്‍ വലിയൊരു സുഖമില്ല. മരണസമയത്ത് അപ്പനോട് മക്കള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം തുറസ്സായ മുറിയില്‍ ഒറ്റയ്ക്ക് കിടത്തിയിട്ട് മക്കളും ബന്ധുക്കളും മാറുക. ശേഷം ലതാ മങ്കേഷ്‌കറുടെയോ സൈഗാളിന്റെയോ ഗാനം ശബ്ദം കുറച്ച് അരികില്‍ വെച്ചുകൊടുത്തിട്ടു സമാധാനമായി മരിക്കാന്‍ അനുവദിച്ചാല്‍ മക്കള്‍ക്ക് പുണ്യം കിട്ടും. ഞാന്‍ മരിക്കുന്നതിനുമുമ്പ് എന്റെ മക്കളോടും പറയും മരിക്കുന്നതിനു മുമ്പ് ഇതുപോലൊരു മുറിയില്‍ സൈഗാളിന്റെ സോജ രാജകുമാരി എന്ന ഗാനം വെച്ചുതരണമെന്ന്. അതു കേട്ടുകൊണ്ട് മരിക്കുന്നതിലും സുഖപ്രദമായി ജീവിതത്തില്‍ എന്തുണ്ട്."
undefined
ഇനി ആ ചടുലമായ വരകളുടെ ഉടമ സൈഗാളിന്റെ സോജ രാജകുമാരി എന്ന ഗാനം പതിയെയുള്ള ശബ്ദത്തില്‍ കേട്ട് ദീര്‍ഘമായി ഉറങ്ങട്ടെ, വിട.(കടപ്പാട് ദ്വിജിത്ത് സി. വി ഫേസ്ബുക്ക്)
undefined
click me!