ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന ഈ കമ്യൂണിസ്റ്റ് രാജ്യത്തെ ചായം പൂശി നന്നാക്കാനിറങ്ങിയ ഒരു പ്രധാനമന്ത്രി

First Published Oct 13, 2020, 3:11 PM IST

ദക്ഷിണ പൂർവ യൂറോപ്പിലെ ബാൽക്കൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു രാജ്യമായ അൽബേനിയ 1992 വരെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിലായിരുന്നു. 

undefined
കമ്യൂണിസ്റ്റ് നേതാക്കൾ മാറിമാറി ഭരിച്ചപ്പോഴൊക്കെയും കൊടിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണ്ടു കിടക്കാനായിരുന്നു ഈ രാജ്യത്തിന്റെ യോഗം. പൊട്ടിപ്പൊളിഞ്ഞ, പെയ്ന്റടർന്നു വീണുകൊണ്ടിരുന്നു പഴഞ്ചൻ കെട്ടിടങ്ങൾ നിറഞ്ഞ ഈ നാടിനെ മറ്റുള്ള യൂറോപ്യൻ രാജ്യങ്ങൾ വിളിച്ചിരുന്ന പരിഹാസപ്പേരു 'കമ്യൂണിസ്റ്റ് വെളിമ്പറമ്പ്'(Communist Dumpyard) എന്നായിരുന്നു.
undefined
ഈ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ടിറാനയിൽ 2000 -ൽ ഒരു മേയർ തെരഞ്ഞെടുപ്പ് നടന്നു. അതിൽ അവർ ജയിപ്പിച്ചുവിട്ടത്, ഒരു അറിയപ്പെടുന്ന കലാകാരൻ കൂടിയായ എഡി രാമയെ ആയിരുന്നു. അത് അൽബേനിയയുടെ ചരിത്രം തന്നെ മാറ്റിമറിക്കാൻ പോകുന്ന ഒരു ജനവിധിയായിരുന്നു. അതുവരെ പൂപ്പലും പായലും കേറി നിറം മങ്ങിക്കിടന്നിരുന്ന അൽബേനിയയിലെ കെട്ടിടങ്ങളെല്ലാം തന്നെ ഓറഞ്ചും, പച്ചയും, നീലയും, മഞ്ഞയും നിറങ്ങളിൽ റീഡിസൈൻ ചെയ്ത് എഡി രാമ ആ നഗരത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റിയത് കണ്ണുകൾക്ക് ഒരുത്സവം തന്നെയാണ്. ഈ നഗരത്തിലെ ഏറ്റവും വിരസമായ നാൽക്കവലകൾ പോലും എഡി രാമയുടെ കരസ്പർശമേറ്റതോടെ ആരും നോക്കിനിന്നുപോകുന്ന ലാൻഡ് മാർക്കുകൾ ആയി മാറിക്കഴിഞ്ഞിട്ടുണ്ട്.
undefined
അൽബേനിയയുടെ രാഷ്ട്രീയ ചരിത്രം ഏറെ സങ്കീർണ്ണമായ ഒന്നാണ്. ഗ്രീക്ക് റോമൻ സാമ്രാജ്യങ്ങളുടെ കാലം തൊട്ടുതന്നെ അധിനിവേശങ്ങളും ഏറെ അൽബേനിയയെ അവരുടെ അധീനതയിൽ ആക്കിയിട്ടുണ്ട്. 1930 -കളിൽ ബെനിറ്റോ മുസ്സോളിനിയുടെ ഇറ്റലി അൽബേനിയയെ തങ്ങളുടെ അധീനതയിലാക്കുന്നു.
undefined
രണ്ടു വർഷങ്ങൾക്കുള്ളിൽ എൻവേർ ഹോക്സ്ഹാ എന്ന ഒരു അറിയപ്പെടുന്ന സ്റ്റാലിനിസ്റ്റ് അൽബേനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് വരുന്നു. ടിറാന ആയിരുന്നു അതിന്റെ ഹെഡ് ക്വാർട്ടേഴ്‌സ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ അധിനിവേശമുണ്ടായതോടെ അൽബേനിയയിൽ കാര്യങ്ങൾ കൂടുതൽ വഷളായിത്തുടങ്ങി. രാജ്യത്തിനു പുറത്ത് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട് നടക്കുമ്പോൾ അകത്ത് അൽബേനിയയിലെ ചെറു ഗ്രൂപ്പുകളും നാസികളും ഒക്കെ പരസ്പരം അങ്കം വെട്ടുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ നാസികൾ പിന്മാറി. അത് എൻവേർ ഹോക്സ്ഹായുടെ അധികാരത്തിലേക്കുള്ള ആരോഹണത്തിലാണ് ചെന്ന് കലാശിക്കുന്നത്. ആന്റി ഫാസിസ്റ്റ് കോൺഗ്രസ് എന്ന പാർട്ടി പുതുതായി രൂപീകരിക്കപ്പെട്ട ജനാധിപത്യ അൽബേനിയയുടെ പ്രസിഡന്റായി എൻവേർ ഹോക്സ്ഹായുടെ പേര് പ്രഖ്യാപിച്ചു. അന്നേ ദിവസം എൻവേർ ഹോക്സ്ഹയും സംഘവും ചേർന്ന് ടിറാനയിൽ അവശേഷിച്ചിരുന്ന പ്രതിഷേധ സ്വരങ്ങളുടെ ഉടമകളായിരുന്ന 400 -ലധികം പേരെ വെടിവെച്ചും വെട്ടിയും കൊന്നു തീർത്ത് ജനാധിപത്യ അൽബേനിയയുടെ സ്ഥാപനം പൂർത്തിയാക്കി.
undefined
എൻവേർ ഹോക്സ്ഹക്ക് സോവിയറ്റ് യൂണിയന്റെയും സഖ്യകക്ഷികളുടെയും പിന്തുണയുണ്ടായിരുന്നു. അടുത്ത 41 വർഷത്തേക്ക് ആ രാജ്യം ഭരിച്ചത് അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ആയിരുന്നു. അതി നിഷ്‌ഠുരമായിരുന്നു ഹോക്സ്ഹയുടെ ഭരണം. പതിനായിരക്കണക്കിന് വരുന്ന സ്വന്തം പൗരന്മാരെ വിശേഷിച്ചൊരു കുറ്റവും ചെയ്യാതെ തന്നെ രാഷ്ട്രീയ തടവുകാരെന്നു പ്രഖ്യാപിച്ച് തുറുങ്കിലടച്ച്, പുറം രാജ്യങ്ങളിൽ നിന്നൊക്കെ തികഞ്ഞ അകലം പാലിച്ചുകൊണ്ടുള്ള വല്ലാത്തൊരു ഉരുക്കുമുഷ്ടി ഭരണമായിരുന്നു ആ കമ്യൂണിസ്റ്റ് നേതാവിന്റേത്.
undefined
അങ്ങനെ ദീർഘകാലത്തെ കമ്യൂണിസ്റ്റ് ഭരണത്തിൽ കഴിഞ്ഞ ശേഷമാണ്, 2000 -ൽ ടിറാനയിലെ ജനങ്ങൾ ഒന്ന് മാറി ചിന്തിച്ചത്. കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയെ തോല്പിച്ച് അവർ കലാകാരൻ കൂടിയായ എഡി രാമയെ മേയറാക്കി. ആകെമൊത്തം ഒരു മന്ദിപ്പിലാണ്ടു കിടന്നിരുന്ന തന്റെ നഗരത്തെ ഒന്നുയിർത്തെഴുന്നേൽപ്പിക്കാൻ എന്തുവഴി എന്ന എഡി രാമയുടെ ചിന്തയാണ്, പൂപ്പലും പായലും പിടിച്ചു കിടക്കുന്ന കെട്ടിടങ്ങളെ വർണങ്ങളാൽ ഒന്ന് പരിചരിച്ചെടുത്ത് ആകെ ഒരു ഉന്മേഷം സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
undefined
ഈ റിജുവനേഷൻ പാക്കേജിന്റെ സ്‌പോൺസർമാർ ആയിരുന്ന യൂറോപ്യൻ യൂണിയൻ ആദ്യമൊക്കെ കടും നിറങ്ങൾ തെരഞ്ഞെടുക്കാനുള്ള എഡി രാമയുടെ തീരുമാനത്തെ എതിർത്ത്. അവരോട് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറില്ലായിരുന്ന രാമ പറഞ്ഞത് ഇങ്ങനെ, "കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായുള്ള കമ്യൂണിസ്റ്റ് ഭരണത്തിൽ ഞങ്ങളുടെ ജീവിതങ്ങൾ നിറം മങ്ങി, ഇരുൾ വീണു കിടക്കുകയായിരുന്നു. ഇനിയും അത് വയ്യ. വെളിച്ചം വീശുന്ന ബഹുവർണങ്ങളിൽ തന്നെയായിരിക്കും ഈ കെട്ടിടങ്ങൾ റീബ്രാൻഡ് ചെയ്യപ്പെടുക"
undefined
എഡി രാമയുടെ പുതുനിറങ്ങൾ ടിറാന നഗരത്തിലെ ഗലികളുടെ പുറം കാഴ്ച മാത്രമല്ല മെച്ചപ്പെടുത്തിയത്, ചുറ്റുപാടുകൾ ഇങ്ങനെ വർണ്ണാഭമായതോടെ അവിടങ്ങളിൽ താമസിച്ചിരുന്ന ജനങ്ങളുടെ മനസ്സുകളിലും ഉന്മേഷം നിറഞ്ഞു തുളുമ്പി.
undefined
ആളുകൾക്ക് വല്ലാത്തൊരു സുരക്ഷിതത്വ ബോധം തോന്നിത്തുടങ്ങി. ഈ പെയിന്റടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒറ്റയടിക്കങ്ങു പിടിച്ചുയർത്തുകയൊന്നും ഉണ്ടായില്ല എങ്കിലും, കാര്യമായ ഉണർവ്വ് അതിനുമേകി. എഡി രാമയുടെ പ്രവൃത്തികൾക്കുള്ള അംഗീകാരമെന്നോണം, ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം തീരാനയുടെ മേയർ ആയിരുന്ന ശേഷം, ജനങ്ങൾ അദ്ദേഹത്തെ അൽബേനിയയുടെ പ്രധാനമന്ത്രിയായും പിന്നീട് തെരഞ്ഞെടുത്തു, 2013 -ൽ.
undefined
ഇന്ന് 2020 -ലും അൽബേനിയ ഭരിക്കുന്നത് എഡി രാമ തന്നെയാണ്. കമ്യൂണിസത്തിന്റെ കാലത്ത് പതിറ്റാണ്ടുകളോളം മാറാലകെട്ടി, പായൽമൂടി നിന്നിരുന്ന കെട്ടിടങ്ങളിൽ ഇന്ന് ബഹുവര്ണഡിസൈനുകളുണ്ട്. അവിടത്തെ ജനങ്ങളുടെ ഉള്ളിൽ ഇന്ന് കൂടുതൽ പ്രസരിപ്പുമുണ്ട്. പ്രധാനമന്ത്രി തന്റെ ആർട്ടിസ്റ്റിക്ക് കഴിവുകൾ പ്രയോജനപ്പെടുത്തി നേരിട്ട് ചെയ്ത നവീകരണങ്ങൾക്ക് ശേഷം അൽബേനിയ ഇന്ന് തെക്കു കിഴക്കൻ യൂറോപ്പിലെ അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
undefined
click me!