അഞ്ച് പതിറ്റാണ്ടുകളായി ഒരു സമൂഹത്തോടൊപ്പം നിലകൊണ്ട സ്ത്രീ; ഈ പോരാട്ടം നിലനില്‍പ്പിന്...

First Published Jun 17, 2020, 1:25 PM IST

സൗത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ തദ്ദേശീയ സമൂഹമായ യാനോമാമി സമൂഹം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. കാരണം, കടന്നുകയറ്റവും മഹാമാരിയും അടക്കം പലതും അവരുടെ ജീവിതത്തില്‍ ഭീഷണിയായി മാറിയിട്ടുണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും അവരുടെ എണ്ണം കുറഞ്ഞുവരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വര്‍ധിച്ച തോതിലുള്ള വനനശീകരണം തദ്ദേശവാസികളുടെ നിലനില്‍പ്പിനെ ബാധിച്ചു. 1980 -നുശേഷം ആയിരക്കണക്കിന് സ്വര്‍ണഖനിത്തൊഴിലാളികളാണ് അവര്‍ക്കിടയിലേക്ക് കാട് കേറിയെത്തിയത്. ഇത് മീസില്‍സ്, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. ഇതു നയിച്ചതാകട്ടെ തദ്ദേശവാസികളുടെ മരണലേക്കായിരുന്നു. 2019 -ലുണ്ടായ കാട്ടുതീയും അവരുടെ നിലനില്‍പ്പിനു മേലുള്ള ഭീഷണിയായിത്തീര്‍ന്നു. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥയില്‍ ഇത് വലിയ മാറ്റമുണ്ടാക്കുമെന്നും തദ്ദേശസമൂഹങ്ങളെ ഇല്ലാതാക്കുമെന്നും ഭയപ്പെടുന്നുണ്ട് വിദഗ്ദ്ധര്‍. 

89 വയസ്സുകാരിയായ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമായ ക്ലൗഡിയ ആന്‍ഡുജ്വാര്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി യാനോമാമി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രാഫിയും ബോധവല്‍ക്കരണവുമായി അവര്‍ക്കൊപ്പം അവരിലൊരാളായി കഴിഞ്ഞയാളാണ് ക്ലൗഡിയ. എന്തൊക്കെയാണ് യാനോമാമി സമൂഹം നേരിടുന്ന പ്രശ്‍നങ്ങളെന്ന് ആഴത്തില്‍ പഠിക്കുകയും അടയാളപ്പെടുത്തുകയും അവര്‍ക്കൊപ്പം അവരുടെ പ്രശ്‍നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്‍ത സ്ത്രീ കൂടിയാണ് ക്ലൗഡിയ. ഏകദേശം ഇരുന്നൂറോളം ഫോട്ടോഗ്രാഫുകളും വീഡിയോ ഇന്‍സ്റ്റാളേഷനും ക്ലൗഡിയ തയ്യാറാക്കിയിട്ടുണ്ട്. അതെല്ലാം വലിയ രീതിയിലുള്ള ചര്‍ച്ചകളിലേക്കും വഴിവെച്ചിട്ടുണ്ട്. വെറും ഒരു ഫോട്ടോഗ്രഫി എന്നതിലുപരി മരിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനുവേണ്ടിയുള്ള പ്രതിരോധം കൂടിയാണ് ക്ലൗഡിയയെ സംബന്ധിച്ച് ഫോട്ടോഗ്രാഫി.
undefined
ക്ലൗഡിയയുടെ ജീവിതം: 1931 -ല്‍ വെസ്റ്റേണ്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ന്യൂചാറ്റലിലാണ് ക്ലൗഡിയ ജനിച്ചത്. സ്വിസ് ഫ്രഞ്ച് പ്രൊട്ടസ്റ്റന്‍റായ അമ്മയ്ക്കും ഹംഗേറിയന്‍ ജൂത വിഭാഗത്തില്‍ പെട്ട അച്ഛനും ജനിച്ച ഏക മകളായിരുന്നു ക്ലൗഡിയ. ഒറേഡിയയിലായിരുന്നു അവള്‍ കുട്ടിക്കാലം ചെലവിട്ടത്. അത് ഇപ്പോൾ ആധുനിക റൊമാനിയയുടെ ഭാഗമാണ്. എന്നാൽ, ഹംഗറിയും റൊമാനിയയും തമ്മിൽ പലതവണ കൈ മാറിയിരുന്ന സ്ഥലമായിരുന്നു അത്.. ഏത് രാജ്യത്തിന്‍റെ ഭാഗമായിരുന്നു താനെന്നത് പല സമയത്തും അവര്‍ക്കുതന്നെ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. 1944 -ല്‍ ക്ലൗഡിയയുടെ അച്ഛന്‍ ഡാചൗ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലടക്കപ്പെട്ടു. പോരാത്തതിന് റഷ്യന്‍ കടന്നുകയറ്റമുണ്ടാവുന്നതും ഈ സമയത്താണ്. ഇതേത്തുടര്‍ന്ന് ക്ലൗഡിയയും അമ്മയും സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള ഒരു അഭയാര്‍ത്ഥി ട്രെയിനില്‍ കയറി പലായനം ചെയ്‍തു. യുദ്ധം അമ്മയെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്ന് ക്ലൗഡിയ ഓര്‍ക്കുന്നു.
undefined
അവിടെ എത്തി താമസിച്ചുപോരവേയാണ് ഒരു കത്ത് ക്ലൗഡിയയേയും അമ്മയേയും തേടിയെത്തുന്നത്. ആ കത്ത് റെഡ് ക്രോസില്‍ നിന്നുമുള്ളതായിരുന്നു. ഓഷ്‍വിറ്റ്‍സില്‍ തന്‍റെ അച്ഛനടക്കം ആ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു എന്നതായിരുന്നു കത്തിലെ ഉള്ളടക്കം എന്ന് ക്ലൗഡിയ ഓര്‍ക്കുന്നു. ഡാചൗവില്‍ വെച്ച് അവളുടെ അച്ഛന്‍ കൊല്ലപ്പെട്ടു. ആ നഷ്‍ടത്തിന്‍റെ ആഴം ഇപ്പോഴും ഈ 89 -ാമത്തെ വയസ്സിലും അവരുടെ ശബ്‍ദത്തില്‍ വിങ്ങലായി നിലനില്‍ക്കുന്നുണ്ട്. ഒരു വംശത്തെ തന്നെ ഉന്മൂലനം ചെയ്യുകയെന്നത് എന്തും വലിയ ക്രൂരതയാണ് എന്നത് ജീവിതകാലം മുഴുവന്‍ ക്ലൗഡിയയുടെ ഉള്ളിലുണ്ട്. യൂറോപ്പില്‍ തനിക്കേതെങ്കിലും തരത്തിലൊരു ഭാവിയുണ്ടെന്ന് ക്ലൗഡിയക്ക് തോന്നിയേ ഇല്ല. അങ്ങനെ കുട്ടിയില്‍ നിന്നും മുതിര്‍ന്നപ്പോള്‍ അവള്‍ ന്യൂയോര്‍ക്കിലേക്ക് പോയി. പിന്നീട്, സാവോ പോളോയില്‍ സെറ്റില്‍ ചെയ്‍തു. ഓരോ സ്ഥലങ്ങളിലൂടെയുമുള്ള യാത്രയും ജീവിതവുമാണ് ഫോട്ടോഗ്രഫിയോടുള്ള അവളുടെ ഇഷ്‍ടത്തിന് കരുത്തായത്. തന്‍റേതെന്ന് തോന്നാത്ത, തികച്ചും അന്യഗ്രഹജീവിയെന്ന് തോന്നിപ്പിക്കുന്ന ആ അവസ്ഥയില്‍ ലോകത്തിനോട് തനിക്ക് സംവദിക്കാനാവുക ഫോട്ടോഗ്രഫിയിലൂടെയാണെന്ന് തിരിച്ചറിയുകയായിരുന്നു ക്ലൗഡിയ.
undefined
1970 -കളില്‍ ഒരു പ്രാദേശിക നരവംശ ശാസ്ത്രജ്ഞന്‍റെ കൂടെയുള്ള പര്യവേഷണ യാത്രയിലാണ് അവളാദ്യമായി ബ്രസീലിലെത്തുന്നതും അവിടെയുള്ള യാനോമാമി വംശജരെ കാണുന്നതും. ''ആദ്യമായി അവരെന്നെ കണ്ടപ്പോള്‍ ഞാനൊരു പുരുഷനാണോ സ്ത്രീയാണോ എന്നവര്‍ക്ക് മനസിലായില്ല. കാരണം, എനിക്ക് വസ്ത്രങ്ങളുണ്ടായിരുന്നു. അവര്‍ക്കതില്ലായിരുന്നു. അവരെന്നെ തൊട്ടുനോക്കി, പിന്നീട് എന്‍റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. അങ്ങനെ വസ്ത്രമില്ലാതായപ്പോള്‍ ഞാനൊരു സ്ത്രീയാണ് എന്ന് അവര്‍ക്ക് മനസിലാവുകയും ആ യാനോമാമി സ്ത്രീകളുടെ കൂടെ കഴിയാന്‍ എന്നെ അനുവദിക്കുകയും ചെയ്‍തു...'' ക്ലൗഡിയ ബിബിസി -യോട് പറഞ്ഞു.
undefined
ആമസോണിലെ ആദ്യകാലത്ത് പകര്‍ത്തിയ അവരുടെ പോര്‍ട്രെയിറ്റുകള്‍ പ്രസിദ്ധീകരിച്ചു വരുന്നത് ഫോട്ടോജേണലിസത്തിനും റിപ്പോര്‍ട്ടിനും പ്രാധാന്യം നല്‍കിയിരുന്ന Realidade എന്ന മാഗസിനിലാണ്. എന്നാല്‍, വെറുതെ ചിത്രം പകര്‍ത്തുന്നതിനു പകരം ആത്മസമര്‍പ്പണത്തോടെ, ആത്മാര്‍ത്ഥതയോടെ അവരെ പഠിച്ചെങ്കില്‍ മാത്രമേ അവരുടെ യഥാര്‍ത്ഥ ചിത്രം തനിക്ക് പകര്‍ത്താന്‍ പറ്റൂവെന്ന് ക്ലൗഡിയക്ക് തോന്നി. അങ്ങനെ അവര്‍ അവര്‍ക്കൊപ്പം ജീവിക്കാനും അവരിലേക്ക് കൂടുതല്‍ ഇടപഴകാനും തുടങ്ങി. അതോടെ അവരുടേത് മാത്രമായ ആചാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം ക്ലൗഡിയക്ക് കൂടി പങ്കെടുക്കാനായി. പുറത്തുനിന്നുള്ള ആരേയും പങ്കെടുപ്പിക്കാത്ത അവരുടെ ചടങ്ങുകളില്‍ പക്ഷേ ക്ലൗഡിയക്ക് പങ്കെടുക്കാമായിരുന്നു. അങ്ങനെ അവരുടേതായ സാമൂഹികവും രാഷ്ട്രീയവും ആത്മീയവുമായ ജീവിതത്തെ ലോകത്തിന് മുന്നിലെത്തിക്കാനായി ക്ലൗഡിയയുടെ ക്യാമറക്കണ്ണുകള്‍ അവ ഒപ്പിയെടുത്തു. മനുഷ്യരെ മാത്രമല്ല, അവരുടെ വേറിട്ട സംസ്‍കാരത്തെ കൂടി ഒപ്പിയെടുക്കുന്നതായിരുന്നു ക്ലൗഡിയയുടെ ചിത്രങ്ങള്‍. അവര്‍ പ്രപഞ്ച ശക്തികളില്‍ വിശ്വസിക്കുകയും അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നടത്തുകയും ചെയ്‍തു. വനം, ആത്മാക്കള്‍ എന്നിവയെല്ലാം അവരുടെ സംസ്‍കാരവുമായി ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു. ഇതെല്ലാം തന്നെ ക്ലൗഡിയ പകര്‍ത്തിയെടുത്തു. പരിസ്ഥിതിയുമായി വളരെയടുത്ത ബന്ധത്തോടെ ജീവിച്ചുപോകുന്നവരാണ് യാനോമാമി സമൂഹം. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നതാണ് അവരുടെ പാരമ്പര്യം.
undefined
പോരാട്ടം തുടങ്ങുന്നു: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സമാനതകളില്ലാത്ത ഭീഷണികളിലൂടെയാണ് യാനോമാമി സമൂഹം കടന്നുപോകുന്നത്. 1970 -കളുടെ മധ്യത്തിൽ, ബ്രസീലിന്റെ സൈനിക സ്വേച്ഛാധിപത്യം പെരിമെട്രൽ നോർട്ട് എന്ന ട്രാൻസ്-ആമസോണിയൻ മോട്ടോർവേയുടെ നിർമ്മാണം ആരംഭിച്ചു. അത് യാനോമാമി ദേശങ്ങളുടെ തെക്കേ അറ്റത്തെ പ്രദേശങ്ങളെ മുറിച്ചുമാറ്റുന്ന ഒന്നായിരുന്നു. മാത്രവുമല്ല, പുറത്തുനിന്നുള്ളവരുടെ വരവോടെ അവര്‍ക്കുമേലെയുള്ള അതിക്രമം വര്‍ധിച്ചു, രോഗവും. ''എനിക്ക് ബ്രസീലുകാരോട് പോരാടാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഹൈവേ നിര്‍മ്മാണത്തിനെത്തുന്നവരുമായി അകലം സൂക്ഷിക്കാന്‍ ഞാന്‍ യാനോമാമി സമൂഹത്തിലുള്ളവരോട് അപേക്ഷിച്ചു. പക്ഷേ, അത് പ്രായോഗികമായിരുന്നില്ല. തൊഴിലാളികളില്‍ പലരും ട്യൂബര്‍ക്കുലോസിസ്, മീസില്‍സ് തുടങ്ങിയ രോഗമുള്ളവരായിരുന്നു. അവരിലൂടെ പ്രദേശത്താകെ മീസില്‍സ് എന്ന മഹാമാരി വ്യാപിച്ചു തുടങ്ങി. അതില്‍ കുറേയേറെ യാനോമാമികള്‍ മരിച്ചു. ഗ്രാമം തന്നെ ഇല്ലാതാവുന്ന അവസ്ഥയായി.'' ക്ലൗഡിയ പറയുന്നു.
undefined
താന്‍ തന്‍റേതെന്ന് കരുതിപ്പോന്ന ഒരു സമൂഹം ഇല്ലാതാവുന്നത് കാണാനുള്ള ശേഷി ക്ലൗഡിയക്കില്ലായിരുന്നു. അവര്‍ സാവോ പോളോയിലേക്ക് തിരികെപ്പോന്നു. നരവംശശാസ്ത്രജ്ഞരെയും എത്‍നോഗ്രാഫേഴ്‍സിനെയും ഡോക്ടര്‍മാരെയും കണ്ടു. ഹൈവേ നിര്‍മ്മാണം യാനോമാമി സമൂഹത്തെ എങ്ങനെ ഇല്ലാതാക്കുമെന്ന് അവരെ ബോധ്യപ്പെടുത്തി. അധികാരികളെയും അത് ബോധ്യപ്പെടുത്തണമെന്ന് അപേക്ഷിച്ചു. സമീപകാലത്ത് ബിരുദം നേടിയ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരോട് തനിക്കൊപ്പം ആമസോണ്‍ കാടുകളിലേക്ക് വരാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. അതാണ് യാനോമാമി സമൂഹത്തിനിടയിലുള്ള ആദ്യത്തെ ഓര്‍ഗനൈസ്‍ഡ് ഹെല്‍ത്ത് പ്രൊജക്ട്. പക്ഷേ, അതൊട്ടും എളുപ്പമായിരുന്നില്ല. അതിന്‍റെ പ്രധാനകാരണം അവര്‍ക്കൊന്നും പേരുകളില്ല എന്നതായിരുന്നു. അവര്‍ പരസ്‍പരം സഹോദരാ, സഹോദരി, അമ്മേ എന്നെല്ലാം വിളിച്ചുപോന്നു. അങ്ങനെ ഡോക്ടര്‍മാര്‍ അവര്‍ക്കോരോരുത്തര്‍ക്കും നമ്പറുകള്‍ നല്‍കി. ആ നമ്പറുകള്‍ പതിച്ച നെക്ക്ലേസുകള്‍ ഓരോരുത്തര്‍ക്കും നല്‍കി. അതുവഴിയായിരുന്നു തുടര്‍ നടപടികള്‍. ക്ലൗഡിയയുടെ ഒരു ഫോട്ടോസീരീസില്‍ ഇങ്ങനെ നമ്പറുകള്‍ പതിച്ച മാലകള്‍ ധരിച്ചവരെ കാണാം. രോഗത്തോട് പോരാടണമെങ്കില്‍ കൃത്യമായ ജനസംഖ്യയും വേണമായിരുന്നു. ആ സമയത്തെല്ലാം ക്ലൗഡിയയുടെ മനസിലൂടെ കടന്നുപോയത് വംശീയ ഉന്മൂലത്തിന്‍റെ രക്തസാക്ഷികളായി മാറിയ തന്‍റെ കുടുംബക്കാരെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.
undefined
ഹെല്‍ത്ത് പ്രൊജക്ട്, ഫോട്ടോഗ്രഫിയില്‍നിന്നും ആക്ടിവിസത്തിലേക്കുള്ള, നിയമപോരാട്ടത്തിലേക്കുള്ള ക്ലൗഡിയയുടെ യാത്രയുടെ തുടക്കമായിരുന്നു. ആ കുറച്ചുകാലം അവരുടെ ക്യാമറ പോലും ഉപേക്ഷിക്കപ്പെട്ടുകിടന്നു. 1978 -ല്‍ ക്ലൗഡിയ യാനോമാമി നേതാക്കളെയും പ്രദേശത്തെ ആക്ടിവിസ്റ്റുകളെയും ഉള്‍പ്പെടുത്തി ആദ്യത്തെ ഓര്‍ഗനൈസ്‍ഡ് യാനോമാമി ഗ്രൂപ്പുണ്ടാക്കി. അവകാശപോരാട്ടം തന്നെയായിരുന്നു ഗ്രൂപ്പിന്‍റെ ലക്ഷ്യം. Comissão Pró-Yanomami എന്ന് പേരിട്ട ഗ്രൂപ്പിന്‍റെ ആദ്യത്തെ പോരാട്ടം യാനോമാമി ഭൂമിയിലുള്ള തങ്ങളുടെ അവകാശം ഉറപ്പിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. അതിനായി അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ അവര്‍ക്ക് വേണ്ടിയിരുന്നു. അതിനായി ക്ലൗഡിയ താന്‍ പകര്‍ത്തിയ ചിത്രങ്ങളുപയോഗിച്ചു. തന്നെക്കൊണ്ടാവും വിധം അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധ വിളിച്ചുവരുത്തി. അത് പരാജയമായില്ല, അന്താരാഷ്ട്ര സമൂഹം അവര്‍ക്കൊപ്പം അവരുടെ അവകാശപോരാട്ടത്തില്‍ കൈകോര്‍ത്തു, പിന്തുണ വന്നു.
undefined
എന്നാലിപ്പോഴും അവരുടെ ജീവിതം എത്രമാത്രം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ ക്ലൗഡിയയ്ക്ക് തീര്‍ച്ചയില്ല. ഇപ്പോള്‍ത്തന്നെ 10,000 മുതല്‍ 20,000 വരെ സ്വര്‍ണ ഖനനക്കാര്‍ യാനോമാമി ഭൂമിയിലുണ്ട്. അവരും തദ്ദേശസമൂഹവും തമ്മിലുള്ള തര്‍ക്കവും പതിവാണ്. 2012 -ല്‍ തങ്ങളുടെ ഖനനത്തിന് ഭൂമി വിട്ടുനല്‍കാത്ത ഡസന്‍ കണക്കിന് യാനോമാമിക്കാരെ ഖനനത്തിനെത്തിയവര്‍ കൊന്നുതള്ളിയിരുന്നു. മാത്രവുമല്ല, വലിയതോതിലുള്ള വനനശീകരണത്തിനും ഇത് കാരണമായിട്ടുണ്ടെന്ന് ബിബിസി എഴുതുന്നു. ബ്രസീല്‍ പ്രസിഡണ്ടായ ജൈര്‍ ബോള്‍സനാരോയുടെയും സര്‍ക്കാരിന്‍റെയും പങ്ക് ഇതില്‍ വളരെ വ്യക്തമാണെന്നും അവരാണ് ആമസോണിലേക്കുള്ള അതിക്രമങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും ആരോപിച്ച് വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ബോള്‍സനാരോയെ ആമസോണിന്‍റെ ഘാതകനെന്നാണ് വിളിക്കുന്നത്. തദ്ദേശവാസികളുടെ അവകാശങ്ങളെക്കുറിച്ച് പഠിച്ച യുഎൻ പ്രത്യേക റിപ്പോർട്ടർ 'വംശഹത്യയ്ക്കുള്ള സാധ്യത' യെക്കുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നു.
undefined
ഇപ്പോഴും താന്‍ അവരുടെ പോരാട്ടത്തില്‍ പങ്കാളിയാണെന്നും അവര്‍ അവരുടെ ഭൂമിയോടും പരിസ്ഥിതിയോടും എത്രമാത്രം ഇഴുകിയാണ് ജീവിക്കുന്നതെന്നും അവരുടെ നിലനില്‍പിന് അതെത്രമാത്രം അത്യന്താപേക്ഷിതമാണെന്നും തനിക്കറിയാമെന്നും ക്ലൗഡിയ പറയുന്നു. താനില്ലെങ്കിലും അവര്‍ക്കായുള്ള പോരാട്ടത്തില്‍ ആരെങ്കിലുമൊക്കെ കൂടെനില്‍ക്കുമെന്നും എല്ലാ പ്രതിസന്ധികളെയും അപകടങ്ങളെയും തരണം ചെയ്യാനായി അവര്‍ സ്വയം തന്നെ പോരാടി വിജയം കൈവരിക്കുമെന്നും താന്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ലൗഡിയ പറയുന്നു.
undefined
click me!