'പ്ലേ​ഗ് വില്ലേജ്'; ഭൂരിഭാഗം പേരും മഹാമാരിയിൽ മരിച്ചുപോയി, എന്നാലും ഈ ​ഗ്രാമത്തിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്

First Published Jan 27, 2021, 10:55 AM IST

ചരിത്രം കൗതുകകരമാണ്. മാത്രവുമല്ല, നമുക്ക് ഏതെങ്കിലും തരത്തിലുള്ള പാഠങ്ങൾ പകർന്നു നൽകാനും ചരിത്രത്തിന് കഴിയും. കൊവിഡ് -19 മഹാമാരി മൂലമുണ്ടായ ‘ന്യൂ നോർമൽ’ ജീവിതത്തിലെ ഈ ദുഷ്‌കരമായ സമയങ്ങളിൽ ‘നിസ്സഹായരാണല്ലോ‘ എന്ന് തോന്നുകയാണെങ്കിൽ പ്ലേ​ഗ് പിടിമുറുക്കിയ കാലത്തെ യൂറോപ്പിലേക്ക് തിരിഞ്ഞ് നോക്കാം. ചില മനുഷ്യർ ആ ദുരന്തത്തെ എങ്ങനെ നേരിട്ടുവെന്ന് അതിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. ‘പ്ലേഗ് വില്ലേജ്‘ എന്ന് അറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട് ഇം​ഗ്ലണ്ടിലെ ഡെർബിഷെയറിൽ -അയ്യം. ആ ​ഗ്രാമത്തിലെ ജനസംഖ്യയിൽ വലിയൊരു ഭാ​ഗത്തെയും അന്നത്തെ പ്ലേ​ഗോട് കൂടി നഷ്ടപ്പെടുകയുണ്ടായി. പ്ലേ​ഗിന്റെ സമയത്ത് ഒരു വർഷത്തേക്കാണ് ​ഗ്രാമം മുഴുവനായും സ്വയമേവ ക്വാറന്റൈനിൽ കഴിഞ്ഞത്. തങ്ങളുടെ ജീവൻ ഏതുനിമിഷവും ഈ മഹാമാരി കവർന്നെടുക്കാമെന്ന് ബോധ്യമുണ്ടായിട്ടും ആ ​ഗ്രാമത്തിലുള്ളവർ തങ്ങളെ കൊണ്ട് കഴിയും വിധമെല്ലാം പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിച്ചു. പലരും പ്രിയപ്പെട്ടവരെ ഓരോന്നായി നഷ്ടപ്പെട്ടിട്ടും ചുറ്റുമുള്ളവർക്കു വേണ്ടി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ആ ​ഗ്രാമത്തെയും ആ ​ഗ്രാമം എങ്ങനെയാണ് പ്ലേ​ഗിനെ അതിജീവിച്ചതെന്നതിനെയും കുറിച്ച് അറിയാം. 

ഈ ഗ്രാമത്തിന്‍റെ കഥ തുടങ്ങുന്നതിങ്ങനെയാണ്: 1665 ആഗസ്തില്‍ ഗ്രാമത്തിലെ ഒരു തയ്യൽക്കാരനും അദ്ദേഹത്തിന്റെ സഹായി ജോര്‍ജ് വികാര്‍സ് എന്നയാളും ഒരു വസ്ത്രത്തില്‍ പിടിപ്പിച്ച കുടുക്കില്‍ എലിയുടെ ദേഹത്തുനിന്നുള്ള ചെള്ളിനെ കണ്ടെത്തുകയുണ്ടായി. ലണ്ടനില്‍ നിന്നും എത്തിയതായിരുന്നു ആ തുണി. എന്നാൽ, ആ തുണികളെത്തിയത് ആയിരങ്ങളുടെ മരണത്തിനിടയാക്കിയ പ്ലേ​ഗ് എന്ന മഹാമാരിയും കൊണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്ലേ​ഗ് ബാധിച്ച് ജോര്‍ജ് മരണപ്പെട്ടു.
undefined
അവിടം കൊണ്ട് നിന്നില്ല. പിന്നേയും ഗ്രാമത്തില്‍ മരണങ്ങളുണ്ടായി. സമൂഹത്തിൽ പകർച്ചവ്യാധി പടർന്നുപിടിച്ചു. 1665 സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ 42 ഗ്രാമീണരാണ് പ്ലേ​ഗ് ബാധിച്ച് മരിച്ചത്. 1666 വസന്തകാലത്തോടെ പലരും രക്ഷപ്പെടാനായി സ്വന്തം വീടുകളിൽ നിന്നുംഅവിടുത്തെ അവരുടെ ഉപജീവനമാർഗങ്ങളിൽ നിന്നും പലായനം ചെയ്യുകയായിരുന്നു.
undefined
ആ സമയത്താണ് പുതുതായി അവിടേക്ക് ഒരു വികാരിയെത്തുന്നത്. റവ. വില്ല്യം മോംപെസണ്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്ലേഗ് അടുത്ത ഗ്രാമങ്ങളിലേക്ക് പകരാതിരിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ അന്ന് സ്വീകരിക്കുകയുണ്ടായി. പകർച്ചവ്യാധിക്കെതിരെയുള്ള പോരാട്ടം തന്റെ കടമയാണ് എന്ന് അദ്ദേഹം കരുതി. ​ഗ്രാമത്തിലുള്ളവരോട് ക്വാറന്റൈൻ നിർദ്ദേശിക്കുന്നതും അദ്ദേഹമാണ്.
undefined
ഗ്രാമത്തിലുള്ളവർ പ്ലേ​ഗിനെ തുടർന്ന് മരണപ്പെട്ട പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറ്റാരുടെയും സഹായമില്ലാതെ ദഹിപ്പിച്ചു. ഗ്രാമം സ്വയമേവ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. പതിനാല് മാസത്തേക്ക് ഗ്രാമത്തില്‍ നിന്നാരും പുറത്തേക്കോ പുറത്തുനിന്നുള്ളവരാരും അകത്തേക്കോ പ്രവേശിക്കാനനുവദിച്ചില്ല. എങ്കിലും അന്ന് അവിടുത്തെ ജനസംഖ്യയുടെ നാലിലൊന്നില്‍ താഴെ ആളുകള്‍ മാത്രമാണ് ആ ഭീകരമായ മഹാമാരിയെ അതിജീവിച്ചത്.
undefined
ഇന്ന് ആ ​ഗ്രാമം തന്നെ ഒരു സ്മാരകം പോലെയാണ്. അവിടെ അന്നത്തെ ആ മഹാമാരിക്കാലത്തെ അടയാളങ്ങളും അതിജീവനത്തിന്റെ കഥകളും വിളംബംരം ചെയ്യുന്ന നിരവധി സ്മാരകങ്ങൾ കാണാം. ഈ പ്ലേ​ഗ് വില്ലേജ് സന്ദർശിക്കാനായി നിരവധിപ്പേർ ഇവിടെയെത്താറുണ്ട്. സ്വന്തം ജീവൻ നഷ്ടമാകുമെന്നറിഞ്ഞിട്ടും സമൂഹത്തോടുള്ള കരുതൽ കൊണ്ട് തങ്ങളാൽ കഴിയും വിധമെല്ലാം പ്രതിരോധം തീർത്ത ജനതയാണ് അവിടുത്തേത്. ആ പ്രാധാന്യം അവരെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
undefined
അതിമനോഹരമായ ഒരു ഗ്രാമമാണ് അയ്യം. ഗ്രാമത്തിൽ നിന്ന് ഒരു ചെറിയ വഴിയുണ്ട്. ഗ്രാമത്തിന് അഭിമുഖമായി ഒരു കുന്നിൻമുകളിൽ, റൈലി ഗ്രേവ്സ് എന്നറിയപ്പെടുന്ന ഒരു ചെറിയ ശ്മശാനം സ്ഥിതിചെയ്യുന്നു. അവ റിലേ ഹൗസ് ഫാമിനടുത്താണ്. താഴ്ന്ന കല്‍മതിലിനാൽ ചുറ്റപ്പെട്ട, ഹാൻ‌കോക്ക് കുടുംബത്തിന്റെ അടക്കസ്ഥലമാണിത്. 1666 ഓഗസ്റ്റിൽ വെറും എട്ട് ദിവസത്തിനുള്ളിൽ എലിസബത്ത് ഹാൻ‌കോക്ക് എന്ന സ്ത്രീക്ക് അവിടെ തന്റെ ഭർത്താവിനെയും അവരുടെ ഏഴു മക്കളിൽ ആറുപേരെയും അടക്കം ചെയ്യേണ്ടി വന്നു. പ്ലേഗില്‍ നിന്നും രക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായിരുന്നു അവൾ. ആ സ്ഥലവും ശ്മശാനവും ഇപ്പോൾ ഒരു ദേശീയ ട്രസ്റ്റ് സ്മാരകമാണ്.
undefined
ഈ ചെറിയ ഗ്രാമത്തിനുള്ളിൽ 'മോംപെസൺ വെൽ' ഉൾപ്പെടെ നിരവധി ചരിത്രപ്രധാനമായ ഇടങ്ങളുണ്ട്. അവിടെയാണ് ഗ്രാമവാസികള്‍ നാണയങ്ങള്‍ അണുവിമുക്തമാക്കാനായി വിനാഗിരി ലായനിയിലിട്ടിരുന്നത്. അയല്‍ഗ്രാമങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശ്യസാധനങ്ങളും മരുന്നുമെല്ലാം ഇവിടെ വയ്ക്കുകയും പകരം നാണയങ്ങള്‍ നല്‍കുകയും അവ അണുവിമുക്തമാക്കുകയുമായിരുന്നു. അവിടെ ഒരു അതിര്‍ത്തിക്കല്ലും കാണാം. ഇവിടെയാണ് നിശ്ചിത അകലത്തില്‍ സാധനങ്ങള്‍ വച്ചിരുന്നത്.
undefined
പ്ലേഗിന്‍റെ ഇരകള്‍ക്കുള്ള സ്മാരകങ്ങളും ഇവിടെ കാണാം. പ്ലേഗ് കോട്ടേജുകളും ഇവിടെയുണ്ട്. അതില്‍ ജോര്‍ജ് വിസ്കാറിന്‍റെ വീടും കാണാം. അതുപോലെ ക്വാറന്‍റൈനടക്കമുള്ള ചുവടുവെയ്പ് നടത്തിയ അന്നത്തെ വികാരിയുടെ ഭാര്യ കാതറിന്‍ മോംപെസെന്‍റെ ശവകുടീരവും കാണാം. അവരും പ്ലേഗ് കാരണമാണ് മരണപ്പെട്ടത്. എല്ലാ വര്‍ഷവും ഇവിടെ 'പ്ലേഗ് സണ്‍ഡേ' ആചരിക്കപ്പെടുന്നു. ആഗസ്ത് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് പ്ലേഗ് സണ്‍ഡേ ആയി ആചരിക്കുന്നത്. പ്ലേഗ് കാലത്ത് റവ. മോംപെസണ്‍ സേവനങ്ങള്‍ നടത്തിയ സ്ഥലത്താണ് ഇത് ആചരിക്കപ്പെടുന്നത്.
undefined
ഇതൊന്നും കൂടാതെ പ്ലേഗ് കാലത്തെ ഓര്‍മ്മകളും അതിജീവനത്തിന്‍റെ അടയാളങ്ങളും വേറെയും ഇവിടെ കാണാം. അതില്‍ 'ലേഡിബവര്‍ റിസര്‍വോയറും' ഉള്‍പ്പെടുന്നു. ഇത് 'പ്ലഗ്ഹോള്‍സ്' എന്നാണ് ഇവിടെ അറിയപ്പെടുന്നത്. അതുപോലെ തന്നെ ആ കുന്നിന്‍പുറത്തുള്ള ഗ്രാമത്തില്‍ വേറെയും മനോഹരങ്ങളും ചരിത്രപ്രാധാന്യമുള്ളതുമായ കാഴ്ചകളുണ്ട്.
undefined
ഇന്ന്, മുൻകരുതലുകളോ പ്രതിരോധ മാർ​ഗങ്ങളോ സ്വീകരിക്കുന്നത് താരതമ്യേന എളുപ്പമാണ്. പകർച്ചവ്യാധി മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി അതിനെ തടയിടാനായി നാമൊന്ന് മനസുവച്ചാൽ മതിയാവും. എന്തെങ്കിലുമാവട്ടെ എന്ന ചിന്തയാൽ അലംഭാവം കാണിക്കും മുമ്പ് അയ്യം എന്ന കൊച്ചു​ഗ്രാമത്തിന്റെ കഥ ഓർക്കുന്നത് നന്നാവും. ഭൂരിഭാ​ഗം ജനങ്ങളെയും പകർച്ചവ്യാധി കൊണ്ടുപോയിട്ടുകൂടി എങ്ങനെയാണ് ആ ​ഗ്രാമം അതിജീവനത്തിന്റെ പ്രതീകമാകുന്നത് എന്ന് ഓർക്കുന്നതും നല്ലതാണ്. അതേ, ചരിത്രത്തിൽ നിന്നും നാം പാഠമുൾക്കൊള്ളേണ്ടതുണ്ട്.
undefined
click me!