'റിവോള്‍വര്‍ അന്ന' മുതൽ 'ബ്ലഡി ബ്രിജിഡ' വരെ; ഹിറ്റ്‍ലറിനുവേണ്ടി തടവുകാരെ ക്രൂരമായി പീഡിപ്പിച്ച കാവൽക്കാരികള്‍

First Published Jan 19, 2021, 11:34 AM IST

'ഒരു മിലിറ്ററി സൈറ്റിലേക്ക് ജോലിക്കായി ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള സ്ത്രീകളെ ആവശ്യമുണ്ട്' 1944 -ലെ ഒരു ജര്‍മ്മന്‍ പത്രത്തില്‍ വന്ന പരസ്യമാണ്. നല്ല ശമ്പളവും സൗജന്യ ഭക്ഷണവും താമസവും വസ്ത്രവുമെല്ലാം പരസ്യത്തിൽ വാഗ്ദ്ധാനം ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍, ആ വസ്ത്രം എസ് എസ് (ഹിറ്റ്‌ലറുടെയും നാസിപ്പാർട്ടിയുടെയും കീഴിൽ നാസിജർമനിയിലുണ്ടായിരുന്ന പ്രശസ്ത അർദ്ധസൈനിക വിഭാഗമായിരുന്ന ഷുട്സ്റ്റാഫലിന്‍റെ ചുരുക്കമാണ് എസ് എസ്) യൂണിഫോം ആയിരുന്നുവെന്ന കാര്യം മാത്രം പരസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മിലിറ്ററി സൈറ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്ത്രീകള്‍ക്കുവേണ്ടിയുള്ള റാവന്‍സ്ബ്രൂക്ക് തടങ്കല്‍പാളയമാണ് എന്നതിനും സൂചനകളില്ലായിരുന്നു. ആ തടങ്കൽ പാളയത്തെ കുറിച്ചും അവിടെ ഹിറ്റ്‍ലറിന് വേണ്ടി ജോലി ചെയ്തിരുന്ന ക്രൂരരായ കാവൽക്കാരികളെയും കുറിച്ചാണിത്.

ഇന്ന് ആ തടങ്കല്‍പാളയം അതുപോലെ കാണാനില്ല. ബര്‍ലിനില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ വടക്കായിട്ടാണ് ഇത്. പക്ഷേ, അടിച്ചമർത്തലുകളുടെയും നാസിഭീകരതയുടെയും ചരിത്രം ഓർമ്മിപ്പിക്കാനായി ഇന്ന് റാവൻസ്ബ്രൂക്ക് മ്യൂസിയമുണ്ട്. ഒപ്പം മരംകൊണ്ടുള്ള വാതിലുകളും ബാൽക്കണികളുമുള്ള ആകർഷകമായ എട്ട് വില്ലകളവിടെയുണ്ടായിരുന്നു. 1940 -കളിലെ മധ്യകാല ജർമ്മൻ കുടിലുകളുടെ നാസി പതിപ്പാണ് അവ. അവിടെയാണ് ഈ വനിതാ കാവല്‍ക്കാര്‍ താമസിച്ചിരുന്നത്. ചിലര്‍ക്കൊപ്പം അവരുടെ മക്കളുമുണ്ടായിരുന്നു.
undefined
ആ ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ ഒരു കാടും മനോഹരമായ തടാകവും കാണാമായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം അവിടെ കാവല്‍ക്കാരിയായിരുന്ന ഒരു സ്ത്രീ പറഞ്ഞത് 'അവിടെ താമസിച്ച കാലമാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കാല'മെന്നാണ്. എന്നാല്‍, അതേ വീടുകളുടെ കിടപ്പുമുറികളില്‍ നിന്ന് തടവുകാരായ പാവപ്പെട്ട സ്ത്രീകളെ ചങ്ങലകളിലിട്ടിരിക്കുന്നതും അവരെ കൊന്നുതള്ളിയിരുന്ന ഗ്യാസ് ചേമ്പറുകളുടെ ചിമ്മിനിയും കാണാമായിരുന്നു.
undefined
'ഒരുപാട് സന്ദര്‍ശകര്‍ ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളെ കുറിച്ച് അന്വേഷിക്കാനെത്താറുണ്ട്. എന്നാല്‍, അതേ ജോലി ചെയ്തിരുന്ന പുരുഷന്മാരെ കുറിച്ച് ആരും തിരക്കാറില്ല. സ്ത്രീകള്‍ ക്രൂരതയുള്ളവരായിരിക്കുമെന്ന് ചിന്തിക്കാന്‍ ആളുകളിഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു' -റാവന്‍സ്ബ്രൂക്ക് മ്യൂസിയത്തിലെ ഡയറക്ടറായ ആന്‍ഡ്രിയ ഗേണസ്റ്റ് പറയുന്നു. അന്ന് ജോലിക്കായി എത്തിയവരില്‍ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പഠനം അവസാനിപ്പിക്കേണ്ടി വന്നവരും വളരെ കുറച്ചുമാത്രം തൊഴിലവസരങ്ങളുണ്ടായിരുന്നവരുമായിരുന്നു പലരും. തടങ്കല്‍പാളയത്തിലെ ജോലി അവരെ സംബന്ധിച്ചിടത്തോളം നല്ല ശമ്പളവും സൗകര്യവും താമസവും സാമ്പത്തികമായ സ്വാശ്രയത്വവും നല്‍കുന്നതായിരുന്നു. ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ എത്രയോ മികച്ച അവസരമായി അവരതിനെ കണ്ടുവെന്നും ആന്‍ഡ്രിയ പറയുന്നു. പലരും നാസി യുവജനസംഘങ്ങളിൽ നിന്നും തുടക്കത്തിൽ തന്നെ തെറ്റായ ബോധമുണ്ടാക്കിയെടുക്കുകയും ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും ചെയ്തിരുന്നു. ശത്രുക്കൾക്കെതിരെ എന്തെങ്കിലും ചെയ്യുന്നതിലൂടെ സമൂഹത്തെ പിന്തുണയ്ക്കുകയാണെന്നാണ് അവർ ധരിച്ചുവച്ചത് എന്നും ആന്‍ഡ്രിയ പറയുന്നു.
undefined
ഈ മ്യൂസിയത്തില്‍ അടുത്തിടെയുണ്ടായ ഒരു പ്രദര്‍ശനത്തില്‍ അവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ ഭൂരിഭാഗവും അവരുടെ ഇരുപതുകളിലായിരുന്നു. സുന്ദരികളും നന്നായി വസ്ത്രം ധരിക്കുകയും ഫാഷനബിളായി മുടി കെട്ടിവയ്ക്കുകയും ചെയ്തവരായിരുന്നു അവര്‍. ചിത്രത്തില്‍ അവര്‍ വീട്ടിലിരുന്നു കോഫിയും കേക്കും കഴിക്കുന്നതോ, ചിരിക്കുന്നതോ, നായകളുമായി കാട്ടിലേക്ക് നടക്കാന്‍ പോകുന്നതോ ഒക്കെ കാണാമായിരുന്നു. ഒറ്റനോട്ടത്തില്‍ നിഷ്കളങ്കരും സുന്ദരികളുമായ യുവതികളെന്ന് തോന്നാം. എന്നാല്‍, ആ തോന്നല്‍ അവരുടെ യൂണിഫോമില്‍ എസ്എസ് എന്ന് എഴുതിയിരിക്കുന്നത് കാണുന്നതുവരെ മാത്രമേ ഉണ്ടാവൂ. കാരണം, ഇതേ സ്ത്രീകള്‍ തന്നെയാണ് ആ തടവറകളിലെ പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചത്. അതേ അള്‍സേഷ്യന്‍ നായകളെ തന്നെയാവാം ആ തടവുകാരികളെ ഉപദ്രവിക്കുന്നതിനായും ഉപയോഗിച്ചിട്ടുണ്ടാവുക.
undefined
നാസി തടങ്കല്‍ പാളയങ്ങളിലെ കാവല്‍ക്കാരായി ഏകദേശം 3500 സ്ത്രീകളെങ്കിലും ജോലി ചെയ്തിട്ടുണ്ട്. അവരെല്ലാം ആ ജോലി തുടങ്ങിയത് റാവന്‍സ്ബ്രൂക്കില്‍ നിന്നാണ്. പിന്നീട് പലരും തടവുകാരെ കൊലപ്പെടുത്തിയിരുന്ന വിവിധ ക്യാമ്പുകളിലേക്ക് ജോലിക്കായി പോവുകയുണ്ടായി. “അവർ ഭയങ്കര ആളുകളായിരുന്നു” 98 -കാരിയായ സെൽമ വാൻ ഡി പെരെ ലണ്ടനിലെ അവരുടെ വീട്ടിൽ നിന്ന് ഓർക്കുന്നു. ഒരു ഡച്ച് ജൂത പ്രതിരോധ പോരാളിയായിരുന്ന അവർ രാഷ്ട്രീയ തടവുകാരിയായി റാവൻസ്‌ബ്രൂക്കിൽ തടവിലാക്കപ്പെട്ടിരുന്നു. 'പലസ്ത്രീകളും കാവല്‍ക്കാരായി ജോലി ചെയ്യാനിഷ്ടപ്പെട്ടു. കാരണം അതവര്‍ക്ക് അധികാരം നല്‍കി. ആ അധികാരമെല്ലാം അവര്‍ പാവപ്പെട്ട തടവുകാരികളുടെ മേല്‍ പ്രയോഗിച്ചു. പല കാവല്‍ക്കാരും ആ സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചു. ഉപദ്രവിച്ചു'വെന്നും സെല്‍മ പറയുന്നു.
undefined
സെൽമ, നാസി അധിനിവേശ നെതർലാന്റിൽ രഹസ്യപോരാളിയായി പ്രവര്‍ത്തിച്ചിരുന്നു. യഹൂദ കുടുംബങ്ങളെ രക്ഷപ്പെടാൻ ധൈര്യത്തോടെ സഹായിക്കുകയും ചെയ്തു. സെപ്റ്റംബറിൽ യുകെയിൽ തന്റെ അനുഭവങ്ങളെക്കുറിച്ച് 'മൈ നെയിം ഈസ് സെൽമ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഈ വർഷം ജർമ്മനി ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ ഈ പുസ്തകം റിലീസ് ചെയ്യും. സെൽമയുടെ മാതാപിതാക്കളും കൗമാരക്കാരിയായ സഹോദരിയും ക്യാമ്പുകളിൽ കൊല്ലപ്പെട്ടു. മിക്കവാറും എല്ലാ വർഷവും സെല്‍മ ഇവിടെ നടന്ന കുറ്റകൃത്യങ്ങൾ മറക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അനുസ്മരണപരിപാടികളിൽ പങ്കെടുക്കാൻ റാവൻസ്‌ബ്രൂക്കിലേക്ക് മടങ്ങും.
undefined
നാസി ജർമ്മനിയിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഏറ്റവും വലിയ ക്യാമ്പായിരുന്നു റാവൻസ്‌ബ്രൂക്ക്. യൂറോപ്പിലെമ്പാടുമുള്ള 120,000 സ്ത്രീകളെ ഇവിടെ തടവിലാക്കി. പലരും പ്രതിരോധപ്രവര്‍ത്തകരോ രാഷ്ട്രീയ എതിരാളികളോ ആയിരുന്നു. മറ്റുള്ളവരെ നാസി സമൂഹത്തിൽ 'അയോഗ്യർ' എന്ന് കണക്കാക്കുന്നവരും. ജൂതന്മാർ, ലെസ്ബിയൻ, ലൈംഗികത്തൊഴിലാളികൾ, വീടില്ലാത്ത സ്ത്രീകൾ എന്നിവരെല്ലാം ഇതില്‍ പെടുന്നു. മൂവായിരം സ്ത്രീകളെങ്കിലും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ചിലര്‍ ഗ്യാസ് ചേമ്പറിനകത്ത്, ചിലരെ തൂക്കിക്കൊന്നു, ചിലര്‍ പട്ടിണി കിടന്നും ചിലര്‍ രോഗം ബാധിച്ചും മരിച്ചു, മറ്റുചിലര്‍ ജോലിചെയ്ത് തളര്‍ന്ന് മരിച്ചു. പല സ്ത്രീകാവല്‍ക്കാരും തടവുകാരികളായ സ്ത്രീകളോട് അതിക്രൂരമായാണ് പെരുമാറിയത്. പലരെയും മര്‍ദ്ദിച്ചു, ഉപദ്രവിച്ചു, കൊന്നുകളഞ്ഞു. തടവുകാരികള്‍ ഈ പെണ്‍കാവല്‍ക്കാരികള്‍ക്ക് അവരുടെ സ്വഭാവത്തിന് യോജിച്ച ഇരട്ടപ്പേരും നല്‍കിയിരുന്നു- റിവോള്‍വര്‍ അന്ന, ബ്ലഡി ബ്രിജിഡ എന്നിങ്ങനെ പോകുന്നു ആ പേരുകള്‍.
undefined
യുദ്ധാനന്തരം, 1945 -ലെ നാസി യുദ്ധക്കുറ്റ വിചാരണയ്ക്കിടെ, കാവല്‍ക്കാരികളിലൊരാളായ ഇർമാ ഗ്രീസിനെ പത്രങ്ങൾ 'സുന്ദരിയായ മൃഗം' എന്നാണ് വിശേഷിപ്പിച്ചത്. ചെറുപ്പക്കാരിയും സുന്ദരിയുമായ അവളെ കുറ്റക്കാരിയാണ് എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. എസ് എസ് കാവല്‍ക്കാരികളായി ജോലി ചെയ്ത ആയിരങ്ങളില്‍ ആകെ 77 പേരെയാണ് പിന്നീട് വിചാരണ ചെയ്തത്. അതില്‍ തന്നെ വളരെ കുറിച്ചുപേരാണ് ശിക്ഷിക്കപ്പെട്ടത്. അവരില്‍ പലരും തങ്ങളെ നിസ്സഹയരായ സഹായികളായി സ്വയം ചിത്രീകരിച്ചു. പലരും പേരുമാറ്റി. വിവാഹിതകളായി സമൂഹത്തില്‍ നിന്നും തങ്ങൾ ചെയ്ത ക്രൂരതകളിൽനിന്നും മറഞ്ഞിരുന്നു.
undefined
അതിഭീകരമായ അതിക്രമങ്ങള്‍ തടവുകാരോട് കാണിച്ചതിന് ജയിലലടയ്ക്കപ്പെട്ട ഹെർത ബോത്തേ എന്ന സ്ത്രീ പിന്നീട് പരസ്യമായി സംസാരിച്ചിരുന്നു. ഏതാനും വർഷത്തെ ജയിൽവാസത്തിന് ശേഷം ബ്രിട്ടീഷുകാർ അവർക്ക് മാപ്പുനൽകി. എന്നാല്‍, മരിക്കുന്നതിന് തൊട്ടുമുമ്പ് 1999 -ൽ റെക്കോർഡുചെയ്‌ത ഒരു അപൂർവ അഭിമുഖത്തിൽ പോലും അവള്‍ താന്‍ ചെയ്ത ക്രൂരതകളെ അപലപിക്കുകയുണ്ടായില്ല. 'ഞാനെന്ത് തെറ്റ് ചെയ്തു? അതൊരു തടങ്കല്‍പ്പാളയമായിരുന്നു. അവിടെ ജോലിക്കായി പോയില്ലെങ്കില്‍ എനിക്ക് തടവുകാരിയായി പോകേണ്ടി വന്നേനെ.' എന്നാണ് ബോത്തേ പറഞ്ഞത്.
undefined
പലരും തങ്ങള്‍ ചെയ്ത തെറ്റുകള്‍ ന്യായീകരിക്കാനായി ബോത്തേ പറഞ്ഞ അതേ കാരണം തന്നെ പറയാറുണ്ടായിരുന്നു. ഭീഷണിപ്പുറത്താണ് തങ്ങളാ ജോലി തുടര്‍ന്നത് എന്ന്. എന്നാല്‍, ചില സ്ത്രീകള്‍ ജോലിക്കായി വരികയും എന്താണ് ജോലിയെന്ന് അറിഞ്ഞശേഷം അത് ചെയ്യാന്‍ വിമുഖത തോന്നിയതിനെ തുടര്‍ന്ന് പിരിഞ്ഞുപോവുകയും ചെയ്തിരുന്നു. എന്നാല്‍, അവരൊന്നും തന്നെ തടവിലാക്കപ്പെട്ടിരുന്നില്ല, ശിക്ഷിക്കപ്പെട്ടിരുന്നുമില്ല. അതിനാല്‍ തന്നെ ഈ ന്യായീകരണത്തില്‍ പോലും കഴമ്പില്ലെന്ന് വേണം മനസിലാക്കാന്‍. കാവൽക്കാർ അതിക്രൂരമായ രാക്ഷസന്മാരാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് സെൽമ പറഞ്ഞ മറുപടി. "അവർ സാധാരണക്കാരായ സ്ത്രീകളായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇംഗ്ലണ്ടിൽ പോലും ധാരാളം ആളുകൾക്ക് ഇത് സാധ്യമാണെന്ന് ഞാൻ കരുതുന്നുണ്ട്. അത് എവിടെയും സംഭവിക്കാം. എന്തിന് അനുവദിച്ചാൽ ഇപ്പോള്‍ ഇവിടെയും സംഭവിക്കാം" എന്നാണ്.
undefined
യുദ്ധം മുതൽ വനിതാ എസ്എസ് ഗാർഡുകൾ പുസ്തകങ്ങളിലും സിനിമകളിലും സാങ്കൽപ്പിക കഥാപാത്രങ്ങളായി മാറിയിരുന്നു. ജർമ്മൻ നോവലായ ദ റീഡർ ഏറ്റവും പ്രശസ്തമായ പുസ്തകമായിരുന്നു. പിന്നീട് കേറ്റ് വിൻസ്ലെറ്റ് അഭിനയിച്ച ചിത്രമായി ഇത് മാറി. ചിലപ്പോൾ ഈ സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കപ്പെടുന്നവരായി ചിത്രീകരിച്ചു. മറ്റ് സമയങ്ങളിൽ സാഡിസ്റ്റിക് രാക്ഷസികളായും.
undefined
എന്നാല്‍, സത്യം കൂടുതൽ ഭയാനകമാണ്. അവർ അസാധാരണക്കാരായ രാക്ഷസരല്ലാ. മറിച്ച് സാധാരണക്കാരായ സ്ത്രീകള്‍ തന്നെയാണ്, പക്ഷേ, ഹിറ്റ്‍ലറിനും നാസിപ്പടയ്ക്കും ഒപ്പം ചേർന്ന് അവർ ചെയ്തത് ഭയാനകമായ പ്രവൃത്തികളായിരുന്നുവെന്ന് വിശ്വസിക്കാതെ തരമില്ല.(കടപ്പാട്: ബിബിസിക്കുവേണ്ടി Damien McGuinness തയ്യാറാക്കിയ ലേഖനത്തിന്)
undefined
click me!