ഇതാ പണ്ടൊരു മഹാമാരിയെ തനിച്ചു പിടിച്ചു കെട്ടിയ മറ്റൊരു സ്ത്രീ; ആരായിരുന്നു അവര്‍, എന്തുകൊണ്ട് ഓര്‍ക്കപ്പെടണം?

First Published Jun 16, 2020, 1:13 PM IST

ലോകമാകെ കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. ന്യൂസിലന്‍ഡിലെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും കേരളത്തിന്‍റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമടക്കം ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരപ്പോരാളികളായി സ്ത്രീകളുണ്ട്. ഇത് അതുപോലെ ഒരു സ്ത്രീയെ കുറിച്ചാണ്. അവര്‍ പക്ഷേ, മന്ത്രി ആയിരുന്നില്ല. ഹെല്‍ത്ത് ഓഫീസറായിരുന്നു, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ആളും... എസ്‍തര്‍ പോള്‍ ലവ്ജോയ് എന്നായിരുന്നു അവളുടെ പേര്. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലാതിരുന്ന ഒരു കാലത്ത് തനിച്ച് ഒരു നഗരത്തെ തന്നെ മഹാമാരിയില്‍ നിന്നും രക്ഷിച്ചെടുത്ത സ്ത്രീയാണവര്‍. രണ്ട് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന നഗരത്തെയാണ് അവര്‍ മഹാമാരിയില്‍നിന്നും സംരക്ഷിച്ചത്. എസ്‍തര്‍ ജനിച്ചത് ഇന്നത്തെ വാഷിംഗ്‍ടണ്‍ സ്റ്റേറ്റിലായിരുന്നു 1869 -ല്‍. എന്നാല്‍, അവളുടെ ജനനത്തിനു കുറച്ചു നാളുകള്‍ക്കുശേഷം അവര്‍ ഒറിഗോണിലേക്ക് മാറി. സാമ്പത്തികമായി ഭദ്രതയൊന്നുമില്ലാത്ത കുടുംബമായിരുന്നു അവളുടേത്. അതിനാല്‍ത്തന്നെ ഒരു സാധാരണക്കാരിയായി ജീവിച്ചുപോകാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. അവള്‍ക്ക് ഒരു കുഞ്ഞനുജത്തിയുണ്ടായപ്പോഴാണ് മിഡ് വൈഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവള്‍ കാണുന്നത്. അതില്‍ ആകൃഷ്‍ടയായ അവള്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചു. 

അങ്ങനെ എസ്‍തര്‍ ഒറിഗോണ്‍ മെഡിക്കല്‍ സ്‍കൂളില്‍ ചേരുന്നു. പ്രസവചികിത്സയിലും സ്ത്രീകളുടെ ആരോഗ്യത്തിലും സ്‍പെഷ്യലൈസ് ചെയ്‍ത് ക്ലാസില്‍ ഒന്നാമതായിത്തന്നെ ജയിക്കുന്നു. ബിരുദം പൂര്‍ത്തിയാക്കിയതോടെ കൂടെ പഠിച്ച ഒരാളെത്തന്നെ അവള്‍ വിവാഹം ചെയ്‍തു. എമില്‍ പോള്‍ എന്നായിരുന്നു ആളുടെ പേര്. അവരിരുവരും താമസിയാതെ പോര്‍ട്‍ലന്‍ഡില്‍ അവരുടെ സ്വന്തം നിലയില്‍ പ്രാക്ടീസ് തുടങ്ങുകയും ചെയ്‍‍തു. അതേ സമയത്താണ് അവള്‍ ചിക്കാഗോയിലെ വെസ്റ്റ് സൈഡ് പോസ്റ്റ്ഗ്രാജ്വേറ്റ് സ്‍കൂളില്‍ ചേരുന്നതും. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്‍റെ സഹോദരന്മാര്‍ താമസിക്കുന്ന അലാസ്‍കയിലേക്ക് എസ്‍തറും ഭര്‍ത്താവും യാത്രയായി. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എസ്‍തറിന്‍റെ സഹോദരന്‍ ഫ്രെഡറിക്ക് മരിച്ചു. അങ്ങനെ അവര്‍ പോര്‍ട്‍ലന്‍ഡിലേക്ക് വന്നു. 1911 -ല്‍ ഭര്‍ത്താവ് മരിക്കുന്നതുവരെ അവള്‍ അവിടെത്തന്നെയാണ് കഴിഞ്ഞത്. പിന്നീട് പഠിക്കാനായി വിയന്ന, ബര്‍ലിന്‍, പാരിസ് എന്നിവിടങ്ങളിലൊക്കെ യാത്ര ചെയ്‍തു. 1912 -ല്‍ പോര്‍ട്‍ലന്‍ഡിലെ ബിസിനസുകാരനായ ജോര്‍ജ് ലവ്‍ജോയിയെ എസ്‍തര്‍ വിവാഹം ചെയ്‍തു. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പിരിഞ്ഞു.
undefined
ആരോഗ്യമേഖലയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയായിരുന്നു എസ്‍തര്‍. അവര്‍ അമേരിക്കന്‍ വിമണ്‍സ് ഹോസ്‍പിറ്റലിന്‍റെ തുടക്കത്തിനായി പ്രവര്‍ത്തിച്ചു, ഒരുപാട് മെഡിക്കല്‍ ബുക്കുകള്‍ എഴുതി, പോര്‍ട്‍ലാന്‍ഡ് ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ഡയറക്ടറായി, മെഡിക്കല്‍ വിമണ്‍സ് ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍റെ തുടക്കത്തിനായി സഹായിച്ചു, പോര്‍ട്‍ലന്‍ഡിനെ അമേരിക്കയിലെ തന്നെ വൃത്തിയുള്ള നഗരങ്ങളിലൊന്നാക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
undefined
1900 -ത്തിലാണ്. അമേരിക്കയില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുന്നു. ഏഷ്യയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുന്ന കപ്പലിലെ എലികളില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. 1904 ആയതോടെ രോഗത്തെ നിയന്ത്രിക്കാനായി. എങ്കിലും 1907 -ല്‍ വീണ്ടും പ്ലേഗ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആ സമയത്ത് പോര്‍ട്‍ലാന്‍ഡിനെയും, ഒറിഗോണിനെയും എസ്‍തര്‍ ആ മഹാമാരിയില്‍ നിന്നും രക്ഷിച്ചെടുത്തു, അതും തനിച്ച്. സ്‍മിത്‍സോണിയന്‍ മാഗസിന്‍ പറയുന്നതിനനുസരിച്ച് രാജ്യത്തെ ആദ്യ വനിതാ ആരോഗ്യ ഓഫീസറായിരുന്നു എസ്‍തര്‍.
undefined
കപ്പലുകളിലെ എലികളുടെ ദേഹത്തുണ്ടായിരുന്ന ചെള്ളിലൂടെയും മറ്റുമാണ് രോഗം പകരുന്നതെന്ന് എസ്‍തറിന് മനസിലായി. ഉടനെത്തന്നെ ഒറിഗോണ്‍ മുഴുവന്‍ ശുചിയാക്കാന്‍ അവര്‍ നിര്‍ദ്ദേശവും നല്‍കി. സാന്‍ഫ്രാന്‍സിസ്കോയിലും ഹവായിയിലും അപ്പോഴേക്കും പ്ലേഗിനെത്തുടര്‍ന്ന് ഒരുപാട് മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. രോഗം പടര്‍ത്തുന്നത് ഏഷ്യന്‍ ജനതയാണെന്നൊരു വിശ്വാസം അന്ന് പൊതുവെ ഉണ്ടായിരുന്നു. എന്നാല്‍, അങ്ങനെ അല്ലെന്നും പ്രാദേശിക ജനതയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിപ്പിക്കണമെന്നും എസ്‍തറിന് അറിയാമായിരുന്നു. അക്കാലത്തെ വംശീയ വേര്‍തിരിവാണ് ജനങ്ങളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും അവര്‍ മനസിലാക്കിയിരുന്നു. അങ്ങനെ തന്നോടൊപ്പം കപ്പലുകൾക്ക് ചുറ്റും നടക്കാനായി മാധ്യമങ്ങളെ ക്ഷണിക്കാൻ തന്നെ അവര്‍ തീരുമാനിച്ചു.
undefined
മലിനജലം, തെരുവുകളിൽ മാലിന്യങ്ങൾ ചീഞ്ഞഴുകിപ്പോവുന്നത്, തുരുമ്പെടുക്കുന്ന ഉപകരണങ്ങൾ, അനാരോഗ്യകരമായ മലിനീകരണം എന്നിവയാണ് അവര്‍ ആ നടത്തത്തില്‍ കണ്ടെത്തിയത്. അപ്പോള്‍ത്തന്നെ ഇക്കാര്യങ്ങൾ ആരോഗ്യ ബോർഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തി എസ്‍തര്‍. ബോര്‍ഡ് അവളെ പിന്തുണക്കുകയും സിറ്റി കൗൺസിലിന് വിഷയം കൈമാറുകയും ചെയ്‍തു. എലികളെ നശിപ്പിക്കാന്‍ ആളുകളെ നിയമിക്കണമെന്നും മാലിന്യങ്ങൾ വേണ്ടപോലെ സംസ്‍കരിക്കണമെന്നും ഭക്ഷണസാധനങ്ങള്‍ മൂടിവയ്ക്കണമെന്നും എസ്‍തര്‍ നഗരത്തിലെ നേതാക്കളെ ഉപദേശിച്ചു. ഇക്കാര്യങ്ങള്‍ നടപ്പിലാക്കാമെന്നും അതിനാവശ്യം എത്ര തുകയാണോ അത് ആവശ്യപ്പെടാമെന്നും എസ്‍തറിനോട് നഗരത്തിന്‍റെ അധികൃതര്‍ അറിയിച്ചു.
undefined
ആ സമയത്ത് പ്ലേഗിന് കാരണം ഏഷ്യന്‍ വംശജരാണ്, അവരാണ് രോഗം പടര്‍ത്തുന്നത് എന്ന് കുറ്റപ്പെടുത്തുന്നത് വളരെ സാധാരണമായിരുന്നു. അന്നത്തെ മനുഷ്യരിലും കണ്ടുവന്നിരുന്ന വംശീയ വിവേചനം തന്നെയായിരുന്നു അതിന്‍റെ കാതലും. ബാക്ടീരിയോളജിസ്റ്റുകളടക്കം ഉന്നത സ്ഥാനത്തിരിക്കുന്ന പലരും നിരന്തരമായി ഏഷ്യന്‍ വംശജരെ കുറ്റപ്പെടുത്തി. ചൈന ടൗണില്‍ ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി. ആ വിവരം പുറത്തറിയാതിരിക്കാനും ആവുന്നത് ശ്രമിച്ചു. എന്നാല്‍, എസ്‍തര്‍ ഇതിലൊന്നും പങ്കെടുത്തിരുന്നില്ല. എസ്‍തറിന്‍റെ ശ്രദ്ധ രോഗം പടരാതിരിക്കുന്നതില്‍ മാത്രമായിരുന്നു. നേരത്തെ ജോലി ചെയ്‍തിരുന്ന അനുഭവ സമ്പത്തും നിശ്ചയദാര്‍ഢ്യവും അതിനവരെ സഹായിച്ചു.
undefined
അവര്‍ നിരന്തരം ശുചീകരണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും അധികൃതരെയും ജനങ്ങളെയും ബോധവല്‍ക്കരിക്കുകയും ചെയ്‍തു. ന്യൂയോര്‍ക്കിലും സീറ്റിലിലും എലിയെ നശിപ്പിച്ച് പരിചയമുള്ള ആരോണ്‍ സെയ്‍ക്കിന്‍റെ സഹായത്തോടെ അവര്‍ എലികളെ തുരത്താന്‍ തുടങ്ങി. എങ്ങനെയാണ് എലികളെ തുരത്തേണ്ടതെന്നും അവയുടെ ദേഹത്തെ ചെള്ളുകളും മറ്റും നമ്മിലെത്താതെ തടയേണ്ടതെന്നും അവര്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചു. 1907 -ന്‍റെ അവസാനത്തോടെ പ്ലേഗ് വെസ്റ്റ് കോസ്റ്റില്‍ നിന്നും അപ്രത്യക്ഷമായി. പോര്‍ട്‍ലന്‍ഡ് മാത്രമായിരുന്നു ഒറ്റ കേസുപോലുമില്ലാത്ത വെസ്റ്റ് കോസ്റ്റ് നഗരമെന്ന് പോര്‍ട്‍ലന്‍ഡ് മന്ത്ലിയിലെ മെറിലീ കാര്‍ പറയുന്നു.
undefined
എസ്‍തറെന്ന സ്ത്രീയുടെ, ആരോഗ്യപ്രവര്‍ത്തകയുടെ, ഓഫീസറുടെ നിശ്ചയദാര്‍ഢ്യവും പ്രവര്‍ത്തനവും തന്നെയാവാം പ്ലേഗിനെ തുരത്താന്‍ അന്ന് പോര്‍ട്‍ലന്‍ഡിനെ സഹായിച്ചത്. ഹെല്‍ത്ത് ഓഫീസറെന്നതിലുമുപരി സ്ത്രീകളുടെ വോട്ടവകാശമടക്കമുള്ള അവകാശങ്ങള്‍ക്കുവേണ്ടി ശബ്‍ദയമുയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു എസ്‍തര്‍.
undefined
click me!