ഉയിഗുര്‍ സ്ത്രീകളുടെ കിടപ്പറയില്‍ വരെ ചാരന്‍; ചൈനയിലെ ഉയിഗുര്‍ ജീവിതം

First Published Jun 27, 2020, 10:28 AM IST

ചൈനയിലെ ഉയിഗുറുകള്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് ലോകത്താകെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അപ്പോഴും ചൈന ഇതിനെതിരെ മൗനം പാലിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഇതിനെ എതിര്‍ക്കുകയോ ആണ് ചെയ്യുന്നത്. മുസ്ലിം ന്യൂനപക്ഷമായ ഉയിഗുറുകള്‍ പ്രായലിംഗഭേദമില്ലാതെ മാനസികവും ശാരീരികവുമായ അടിച്ചമര്‍ത്തലുകളിലൂടെയാണ് കടന്നുപോകുന്നത്. ചൈന ഒരുദശലക്ഷം ഉയിഗുറുകളെയെങ്കിലും തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതില്‍ത്തന്നെ ആയിരക്കണക്കിന് ഉയിഗുറുകള്‍ ചൈനയിലെ ഫാക്ടറികളില്‍ നിര്‍ബന്ധിത തൊഴിലിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓരോ ഉയിഗുര്‍ വീട്ടിലെയും പുരുഷന്മാര്‍ തടങ്കല്‍ പാളയങ്ങളിലുണ്ട് എന്ന അവസ്ഥയാണ് ചൈനയില്‍. തീവ്രവാദത്തെ ചെറുക്കാനാണ് ഈ തടങ്കല്‍ പാളയങ്ങളെന്നാണ് ചൈനയുടെ ന്യായീകരണം. മതസ്വാതന്ത്ര്യമുണ്ട് എന്ന് ആവര്‍ത്തിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലേക്ക് ഇവരെയെല്ലാം നിര്‍ബന്ധിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണിവിടെ. അതിന്‍റെ ഇരകളാണ് ഉയിഗുര്‍ വംശജര്‍. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ചൈനയിലെമ്പാടുമുള്ള ഫാക്ടറികളില്‍ ജോലി ചെയ്യിക്കുന്നതിനായി ക്യാമ്പുകളില്‍ നിന്നും സ്വന്തം വീടുകളില്‍നിന്നുതന്നെയും ഏകദേശം ഒരുലക്ഷത്തോളം ഉയിഗുറുകളെയാണ് അടര്‍ത്തി മാറ്റിയത്. ഫാക്ടറികളില്‍ ജോലി ചെയ്യുന്ന ഉയിഗുര്‍ വംശജര്‍ക്ക് അവരെ പാര്‍പ്പിച്ചിരിക്കുന്ന കവാടത്തില്‍ നിന്നും പുറത്തുപോവാന്‍ അധികാരമില്ല. അതുമാത്രമല്ല, ആരാധന നടത്താനോ, തല മറയ്ക്കാനോ പോലും അവകാശമില്ല. ഇവരെ നിരീക്ഷിക്കുന്നതിനായി സുരക്ഷാക്യാമറകളും കാവല്‍ക്കാരുമുണ്ട്. മറ്റ് തൊഴിലാളികളുടേതിന് സമാനമായ ശമ്പളം ഫാക്ടറികളില്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, ജോലി കഴിഞ്ഞാല്‍ അവര്‍ക്ക് ചൈനീസ് സര്‍ക്കാര്‍ 'സ്പോണ്‍സര്‍' ചെയ്യുന്ന ക്ലാസുകളില്‍ പങ്കെടുക്കണം. അവിടെ രാഷ്ട്രീയം, വംശീയഐക്യം തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. ഉയിഗുര്‍ വംശജരെല്ലാം കഴിവില്ലാത്തവരാണെന്നും അശക്തരാണെന്നും ഒറ്റപ്പെട്ടവരാണെന്നുമുള്ള ചിന്താഗതി വച്ചു പുലര്‍ത്തുകയും അവര്‍ക്കാവശ്യമായ 'ട്രെയിനിംഗ്' നല്‍കുകയുമാണ് ചൈനീസ് സര്‍ക്കാര്‍ എന്നാണ് പറയുന്നത്.
undefined
വീട്ടിലെ ആണുങ്ങളെയെല്ലാം തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചിടത്തോ, അവരെ ഫാക്ടറികളില്‍ നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുന്നിടത്തോ ഒറ്റസംസ്‍കാരം പഠിപ്പിക്കുന്നിടത്തോ ഒന്നും തീരുന്നതല്ല ഉയിഗുറുകളോടുള്ള ചൈനീസ് സര്‍ക്കാരിന്‍റെ പ്രതികരണം. പുരുഷന്മാര്‍ തടങ്കല്‍ പാളയങ്ങളിലായ വീടുകളില്‍, അല്ലെങ്കില്‍ അവിടെനിന്നും രക്ഷപ്പെട്ട് പ്രവാസജീവിതം നയിക്കുന്ന പുരുഷന്മാരുടെ വീടുകളില്‍ സര്‍ക്കാര്‍ വക ഒരു ചാരനുണ്ട് എന്ന അവസ്ഥയുണ്ട്. അധികൃതര്‍ അവരെ വിശേഷിപ്പിക്കുന്നത് 'ബന്ധു' എന്നാണ്. എന്നാല്‍, കമ്മ്യൂണിസം ഉയിഗുറുകള്‍ക്കിടയിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ നിയമിക്കുന്ന ചാരന്മാരാണ് ഇവര്‍.
undefined
ഏകദേശം 11 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയെങ്കിലും ഗവണ്‍മെന്‍റ് ഇത്തരത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്വീകരണമുറികളും കിടപ്പറകളുമെല്ലാം പങ്കിട്ടുകൊണ്ട് അവരെ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്. പീപ്പിള്‍സ് ഡെയ്‍ലി എന്ന ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ പത്രം തന്നെയാണ് ഈ കണക്കുകള്‍ പറയുന്നത്. 'ബന്ധു' എന്ന് പേരിട്ടാണ് ഇവരെയെല്ലാം ഓരോ വീടിന്‍റെയും അകത്തളങ്ങളിലേക്ക് അയക്കുന്നത്. അവരുടെ എല്ലാ ചടങ്ങുകളിലും ഓരോ നിമിഷങ്ങളിലേക്കും നിഴലുപോലെ ഈ ചാരനും കടന്നുകയറും. 'തീവ്രവാദത്തിലും കടുത്ത മതവിശ്വാസത്തിലും അഭിരമിക്കുന്ന ഉയിഗുറുകളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുകയാണ്' എന്നാണ് ഇതിനെയെല്ലാം ന്യായീകരിച്ചുകൊണ്ട് സി ജിന്‍പിങ് ഭരണകൂടം പറയുന്നത്. സി ജിന്‍പിങ് ഭരണത്തിലേറിയതോടെ ചൈനയിലെ ഉയിഗുറുകളുടെ കാര്യം കൂടുതല്‍ കഷ്‍ടത്തിലാവുകയായിരുന്നു. മുക്കിനുമുക്കിന് ക്യാമറകളും നിരീക്ഷണങ്ങളുമെല്ലാം ഇതിന്‍റെ ഭാഗമായി മാറുന്നു. 2017 -ന്‍റെ അവസാനം മുതൽ, മുസ്ലീം - പ്രത്യേകിച്ചും XUAR ( China’s Xinjiang Uyghur Autonomous Region) -ലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‍കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു.
undefined
അടുത്തിടെയാണ് പുതിയൊരു നീക്കം കൂടിയുണ്ടായത്. 'നന്നാക്കാന്‍' എന്ന പേരുപറഞ്ഞ് തടവിലാക്കപ്പെട്ട പുരുഷന്മാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ചാരന്‍ വീട്ടിലെ സ്ത്രീകള്‍ക്കൊപ്പം ഒരു കിടക്കയില്‍ കഴിയുന്നതിലേക്കും കാര്യങ്ങളെത്തി. ഉദ്യോഗസ്ഥരുടെവെളിപ്പെടുത്തല്‍ ഇപ്രകാരമാണ് എന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു: എല്ലാ രണ്ട് മാസം കൂടുമ്പോഴും ഈ വീടുകളിലെത്തും. ജോഡികളെന്ന് പറഞ്ഞിരിക്കുന്നവരുമായി ഒരുമിച്ച് കഴിയും. പകല്‍ മാത്രമല്ല, രാത്രികളിലും അവര്‍ക്കൊപ്പം തന്നെയാണ് കഴിയേണ്ടത്. കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. ജീവിതത്തെ കുറിച്ച് സംസാരിക്കും. ആ സമയത്താണ് നമുക്കിടയിലൊരു ബന്ധം രൂപപ്പെട്ടുവരുന്നത്. ഒരുമിച്ച് വീട്ടിലെ കാര്യങ്ങള്‍ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയില്‍ ഈ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റംഗങ്ങള്‍ക്കുമൊപ്പം ഒരേ കിടക്കയില്‍ തന്നെയാണ് ഉറങ്ങുന്നതും. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളില്‍... സാധാരണ ഒന്നോ രണ്ടോ പേരോ ആണ് ഒരു ബെഡ്ഡില്‍ കിടക്കുന്നതെങ്കില്‍ മഞ്ഞുകാലമെത്തിയാല്‍ മൂന്നോ അതിലധികമോ പേരൊക്കെ ഒരു ബെഡ്ഡില്‍ കിടക്കും.
undefined
ശരിയായ രീതിയില്‍ കിടപ്പറ ഒരുക്കുന്നതിനും മറ്റും അവരെ സഹായിക്കാറുണ്ട്. ഇനിയഥവാ എത്തുന്ന വീട്ടില്‍ കട്ടിലില്ലെങ്കില്‍ അവരെവിടെയാണോ കിടക്കുന്നത് ആ സ്ഥലത്ത് തന്നെ അവരുടെ കൂടെ കിടക്കും. എല്ലാവര്‍ക്കും ഒരുമിച്ച് കിടക്കാവുന്ന ഒരിടത്ത് എല്ലാവരും ചേര്‍ന്ന് തൊട്ടുമുട്ടിയായിരിക്കും പലപ്പോഴും കിടക്കുക. തങ്ങളാരും ഒരിക്കലും സ്ത്രീകളെ ചൂഷണം ചെയ്യാറില്ല. അങ്ങനെയൊന്ന് കേള്‍ക്കാനും പറ്റില്ല. ഇപ്പോള്‍, ഇങ്ങനെ വരുന്ന ബന്ധുക്കള്‍ക്കൊപ്പം ഒരുമിച്ചുറങ്ങുക എന്നത് സാധാരണമായിത്തന്നെയാണ് അവര്‍ കാണുന്നത് എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി.
undefined
വംശീയ ഐക്യം രൂപപ്പെടുത്തുന്നതിനും ചൈനീസ് സംസ്‍കാരം അവരെ പഠിപ്പിക്കുന്നതിനുമായാണ് ഈ ബന്ധുക്കളെത്തുന്നതെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഇവര്‍ക്കെതിരെ എവിടെയെങ്കിലും പരാതി ഉയര്‍ന്നതായി അറിയില്ലെന്നും വീട്ടിലുള്ള സ്ത്രീകളെയോ കുട്ടികളെയോ മറ്റംഗങ്ങളെയോ ഒരുതരത്തിലും ചൂഷണം ചെയ്യാറില്ലെന്നുമെല്ലാം ഇവര്‍ ന്യായീകരിക്കുന്നു. എന്നാല്‍, ലോകത്താകെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈ നടപടിയെ അപലപിച്ചിരുന്നു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റുമാണെന്നും പ്രതിഷേധിച്ചാല്‍ ഭാവി എന്തായിത്തീരുമെന്ന ഭയം കാരണമാണ് ഉയിഗുര്‍ കുടുംബാംഗങ്ങള്‍ ഒന്നും മിണ്ടാത്തതെന്നും അവര്‍ പറയുന്നു.
undefined
അമേരിക്കയും ചൈനയുടെ ഉയിഗുര്‍ വംശജരെ തടങ്കലില്‍ പാര്‍പ്പിക്കുന്ന നടപടിയെ പിന്തുണച്ചിരുന്നുവെന്നാണ് അമേരിക്കയില്‍ നിരോധന ഭീഷണിപോലുമുണ്ടായിരുന്ന മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് കൂടിയായ ജോണ്‍ ബോള്‍ട്ടന്‍റെ പുസ്‍തകം പറയുന്നത്. പുസ്‍തകത്തില്‍ പറയുന്നത്, ട്രംപ് ക്യാമ്പുകള്‍ പണിയുന്നതിന് ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങ്ങിനെ പ്രോത്സാഹിപ്പിച്ചു എന്നാണ്. തടങ്കല്‍ പാളയത്തിന്‍റെ നിര്‍മ്മാണവുമായി മുന്നോട്ടുപോകണമെന്ന് പറയുകയും, 300 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും മികച്ച ഭരണാധികാരിയെന്ന് സി ജിന്‍ പിങ്ങിനെ ട്രംപ് വിശേഷിപ്പിച്ചുവെന്നുമാണ് പുസ്‍തകം പറയുന്നത്.
undefined
എന്നാല്‍, പുസ്‍തകമിറങ്ങുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ, ട്രംപ് 2020 -ലെ ഉയിഗുർ ഹ്യുമന്‍ റൈറ്റ്സ് പോളിസിയില്‍ ഒപ്പുവെച്ചു, 'ചൈനയിലെ സിൻജിയാങ് മേഖലയിലെ നിർദ്ദിഷ്‍ട വംശീയ മുസ്‌ലിം ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്ക് മേലുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നു'വെന്നാണ് നയത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, പുസ്‍തകം ഇറങ്ങാന്‍ പോകുന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഒപ്പുവെച്ച നയം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
undefined
എന്തായാലും ഉയിഗുറുകള്‍ കാലങ്ങളായി ചൈനയില്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും അവര്‍ക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന്‍റെയാകെ ശ്രദ്ധ പതിയേണ്ട ഒന്നാണെന്നതില്‍ സംശയമില്ല. അതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തന്നെയേ മതിയാവൂ.
undefined
click me!