കൊവിഡ് 19; അമേരിക്കയ്ക്ക് പിഴവ് പറ്റിയോ?

By Web TeamFirst Published Apr 10, 2020, 8:18 AM IST
Highlights

ലോകത്ത്  ഏറ്റവുമധികം കൊവിഡ് 19 കേസുകൾ,  ഇപ്പോൾ സ്ഥിരീകരിക്കപ്പെടുന്നത് അമേരിക്കയിലാണ്.  ഇറ്റലിയടക്കമുള്ള മറ്റു രോഗബാധിത രാജ്യങ്ങളെക്കാൾ വേഗത്തിലാണ് ഇവിടുത്തെ, രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിയ്ക്കുന്നത്. പതിനായിരത്തിലധികം ആളുകളാണ് അമേരിക്കയിൽ ഇപ്പോൾ കൊവിഡ് മൂലം മരണപ്പെട്ടിരിക്കുന്നത്. 

ലോകത്ത് ഏറ്റവുമധികം കൊവിഡ് 19 കേസുകൾ,  ഇപ്പോൾ സ്ഥിരീകരിക്കപ്പെടുന്നത് അമേരിക്കയിലാണ്.  ഇറ്റലിയടക്കമുള്ള മറ്റു രോഗബാധിത രാജ്യങ്ങളെക്കാൾ വേഗത്തിലാണ് ഇവിടുത്തെ, രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിയ്ക്കുന്നത്. പതിനായിരത്തിലധികം ആളുകളാണ് അമേരിക്കയിൽ ഇപ്പോൾ കൊവിഡ് മൂലം മരണപ്പെട്ടിരിക്കുന്നത്. അടുത്ത മാസങ്ങളിൽ ഒന്നു മുതൽ രണ്ടു ലക്ഷം വരെ മരണങ്ങൾ ഉണ്ടായേക്കാം, എന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചത്.

അമേരിക്കയ്ക്ക് പിഴവ് പറ്റിയോ ? ഡോ. നവ്യ തൈക്കാട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി എഴുതിയ ലേഖനം വായിക്കാം. 

അമേരിക്കയിലെ ആരോഗ്യ സംവിധാനത്തിലെ ചില പ്രത്യേകതകൾ, പ്രാഥമികഘട്ടത്തിലെ, രോഗനിയന്ത്രണത്തിനെ സാരമായി ബാധിച്ചിരിക്കാം എന്ന്‌ ചില വിദഗ്ധർ കരുതുന്നു. ജനുവരി 20നാണ് അമേരിക്കയിൽ നിന്ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂന്നു മാസം തികയും മുൻപേ 50 സ്റ്റേറ്റുകളിലും രോഗബാധ കണ്ടെത്തിയിരിക്കുന്നു.  ന്യൂയോർക്ക്, ന്യൂജേഴ്സി, മിഷിഗൺ, ലൂസിയാന കണക്ട്റ്റികട്ട് എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. 
 
ന്യൂയോർക്ക്, കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ട് തന്നെ, അമേരിക്കയിലെ കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറിയിരിക്കുന്നു. ഒരു ലക്ഷത്തിലധികം കേസുകൾ, അതായത്, ലോകത്തിലെ തന്നെ, പത്തിൽ ഒന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, ന്യൂയോർക്കിൽ നിന്ന് മാത്രമാണ്. അസംഖ്യം വിദേശ യാത്രികർ, ദിനംപ്രതി എത്തിച്ചേർന്നിരുന്ന നഗരമാണ് ന്യൂയോർക്ക്. രോഗവിത്തുകൾ പല വഴികളിലൂടെ ഒരേസമയം തന്നെ, എത്തിച്ചേർന്നിരിക്കാൻ എല്ലാ സാധ്യതയുമുള്ള നഗരം. മറ്റു മിക്ക അമേരിക്കൻ സ്റ്റേയ്റ്റുകളെക്കാളും, ജനസാന്ദ്രതയും കൂടുതലാണ് ഇവിടെ. രോഗം പിടിച്ചു കെട്ടുന്നതിൽ, തിരക്കുള്ള ഇവിടുത്തെ നഗരങ്ങളും, തെരുവുകളിൽ കഴിയുന്ന ആയിരക്കണക്കിനാളുകളും ഉയർത്തിയിരുന്ന വെല്ലുവിളികളും ചെറുതായിരുന്നില്ല. 

പൊതുവിൽ ജപ്പാനെയോ, ഇറ്റലിയടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയോ, താരതമ്യം ചെയ്യുമ്പോൾ,  പ്രായം കുറഞ്ഞ ജനതയാണ് അമേരിക്കയിലുള്ളത്.എന്നാൽ ജീവിതശൈലി രോഗങ്ങൾ, താരതമ്യേന കൂടുതലാണ് അമേരിക്കൻ ജനതയിൽ. പ്രമേഹവും, രക്താതിസമ്മർദ്ദവും, ഹൃദയസംബന്ധമായ രോഗങ്ങളും വലിയ അളവിലുള്ള ഇവിടുത്തെ ജനങ്ങളിൽ,  ഗുരുതരാവസ്ഥയിലേക്ക് പോകുന്നവരുടെയും, മരണപ്പെടുന്നവരുടെയും എണ്ണവും, കൂടി വരുന്നതായി കാണുന്നു.

ശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനത്തിന്റെ അഭാവം, അമേരിക്കയുടെ ആരോഗ്യ സംവിധാനത്തിലെ പോരായ്മയായി മുൻപേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഒന്നാണ്. പ്രാഥമിക ആരോഗ്യ പരിപാലനം അമേരിക്കയിൽ പ്രധാനമായും സ്വകാര്യ പ്രാക്റ്റീസും, സ്വകാര്യ ക്ലിനിക്കുകളും വഴിയാണ്. സൗജന്യവും സാർവത്രികവുമായ ഒരു പ്രാഥമികാരോഗ്യസേവനം, ഇവിടുത്തെ ജനങ്ങൾക്ക് ലഭ്യമല്ല. 

കൊവിഡ് 19 എന്ന പകർച്ചവ്യാധി പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യങ്ങളിൽ, രോഗികൾ നേരിട്ട് ഡോക്ടർമാരെ ക്ലിനിക്കുകളിൽ, വന്നു മുഖാമുഖം കാണുന്ന അവസരങ്ങൾ ഒഴിവാക്കേണ്ട സാഹചര്യം എത്തിച്ചേർന്നു. ഫോണിലൂടെയുള്ള പരിശോധനയ്ക്ക് ഫീസ് ചാർജ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് തന്നെ, സ്വകാര്യ ക്ലിനിക്കുകളുടെ വരുമാനം ഗണ്യമായി കുറയുകയും, സേവനങ്ങളുടെ പ്രാപ്യത കുറയുകയും ചെയ്തു.  താഴെത്തട്ടിൽ നിന്ന് തന്നെ, രോഗബാധ നേരത്തെ കണ്ടെത്തുന്നതിനും, ചെറിയ ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനും,അവരെ ഐസൊലേറ്റ്‌ ചെയ്യുന്നതിനുമുള്ള പൊതുജനാരോഗ്യ ശൃംഗല ഇവിടെ ഉണ്ടായിരുന്നില്ല. രോഗം തുടക്കത്തിൽ തന്നെ, നിയന്ത്രണ വിധേയമാക്കാനുള്ള അവസരങ്ങൾ ഇത് നഷ്ടപ്പെടുത്തിയിരിക്കാം.

ആരോഗ്യമേഖലയുടെ പൂർണ്ണമായ സ്വകാര്യവത്കരണം, എങ്ങനെ പൊതുജനാരോഗ്യത്തെ ബാധിക്കാം എന്ന് മനസ്സിലാക്കാൻ, ഒരു പക്ഷെ,  ഇവിടുത്തെ സാഹചര്യങ്ങൾ പരിശോധിച്ചാൽ മതിയാവും. സ്വകാര്യ ഇൻഷുറൻസ് വഴിയാണ്, പ്രധാനമായും, അമേരിക്കയുടെ ആരോഗ്യ സംവിധാനം മുന്നോട്ടുപോകുന്നത്. ഇവിടുത്തെ, ജനസംഖ്യയുടെ പത്ത് ശതമാനത്തോളം  ആളുകളെങ്കിലും, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരാണ്.  ബാക്കിയുള്ളവരിൽ തന്നെ, നല്ലൊരു ശതമാനവും  വേണ്ടത്ര ഇൻഷുറൻസ് കവറേജ് ഇല്ലാത്തവരും. 

  തുടക്കത്തിൽ അമേരിക്കയിൽ  കൊവിഡ് പരിശോധന സൗജന്യമായിരുന്നില്ല. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വ്യക്തികൾക്ക്, പരിശോധനയ്ക്ക് വിധേയമാകുവാൻ,  നല്ലൊരു തുക മുടക്കേണ്ടി  വന്നിരുന്നു. അത് കൊണ്ടുതന്നെ,  ചെറിയ രോഗലക്ഷണങ്ങൾ പലതും, ആശുപത്രിയിലോ ക്ലിനിക്കുകളിലോ കാണിക്കാതെയും, പരിശോധിക്കാതെയും അവഗണിക്കപ്പെടുവാൻ തുടങ്ങി. രോഗം ഗുരുതരമാകുന്ന അവസ്ഥയിൽ മാത്രം രോഗികൾ ആശുപത്രിയിൽ പോയിരുന്നുള്ളൂ. അത് വരെ, അവരെ കണ്ടെത്താനോ, വീടുകളിൽ ഐസൊലേറ്റ് ചെയ്യിക്കാനോ ഉള്ള ശ്രമങ്ങൾ നടത്താനുള്ള സംവിധാനം ഉണ്ടായില്ല. ഇത് പ്രാരംഭ ഘട്ടത്തിൽ തന്നെ, രോഗസംക്രമണം പ്രതിരോധിക്കുന്നതിൽ വന്ന, വലിയ വീഴ്ച്ചയായിരുന്നു. പിന്നീട്, രോഗനിർണ്ണയ പരിശോധന, ഇൻഷുറൻസ് ഇല്ലാത്തവർക്കും ഉറപ്പു വരുത്തിയെങ്കിലും, ആംബുലൻസ് സേവനങ്ങൾക്കും, ആശുപത്രി സേവനങ്ങൾക്കും നല്ലൊരു തുക നല്കേണ്ടി വരുമെന്നത്, ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരെ ചികിത്സ തേടുന്നതിൽ നിന്നും അകറ്റി നിർത്തി.

അമേരിക്കയിലെ, ആരോഗ്യ സംവിധാനത്തിലെ വികേന്ദ്രീകരണം,  പ്രതിരോധ നടപടികളെ മന്ദഗതിയിലാക്കി എന്ന് ചില വിദഗ്ധർ ആരോപിക്കുന്നുണ്ട്.  ഒരു ഫെഡറൽ സംവിധാനമായ അമേരിക്കയിൽ, എല്ലാ സ്റ്റേറ്റുകളും, അവരുടേതായ ആരോഗ്യനയങ്ങൾ പാലിക്കുന്നവരാണ്.  വെവ്വേറെ ആരോഗ്യ നയങ്ങൾ ഉള്ളത് കൊണ്ടുതന്നെ,  ഈ പകർച്ചവ്യാധിയുടെ വരവും, വ്യാപ്തിയും,  നേരത്തെ കണ്ടെത്താൻ സാധിക്കാതെ പോവുകയും, ശക്തമായ ഒരു  ഏകീകൃത നിരീക്ഷണ സംവിധാനത്തിന്റെ അഭാവത്തിൽ, പല പ്രധാന പ്രതിരോധ തീരുമാനങ്ങൾ എടുക്കാൻ വൈകുകയും ചെയ്തു എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഏത് പരിശോധനാ രീതിയാണ് രാജ്യത്ത്, അംഗീകരിക്കേണ്ടത്, എന്നു തുടങ്ങുന്ന പല തർക്കങ്ങളും, സുപ്രധാനമായ നടപടികൾ പലതും വൈകിപ്പിച്ചു എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  എന്നാൽ പരിശോധനാരീതിയെക്കുറിച്ചുള്ള തീരുമാനം എടുക്കാൻ വൈകിയപ്പോഴും,  വികേന്ദ്രീകരണം ഒന്ന് കൊണ്ട് മാത്രമാണ്, ചില  സ്റ്റേറ്റുകൾക്ക് അവരുടേതായ നിലയ്ക്ക്, സ്വതന്ത്ര ഗവേഷണങ്ങളും പരിശോധനയും തുടങ്ങാനായത് എന്നും നിരീക്ഷിക്കപ്പെടുന്നു. വികേന്ദ്രീകരണത്തിന്റെ പരിണിത ഫലമായി, വ്യക്തിഗത സുരക്ഷാമാർഗങ്ങൾക്കും, മെഡിക്കൽ ഉപകരണങ്ങൾക്കും, വെന്റിലേറ്ററുകൾക്കും മറ്റുമായി, സ്റ്റേറ്റുകൾ പരസ്പരം മത്സരിക്കേണ്ടുന്ന സ്ഥിതിഗതികൾ വന്നു ചേർന്നിരിക്കുകയാണ്. 

തീരപ്രദേശങ്ങളിലുള്ള സ്റ്റേറ്റുകളിൽ നിന്നാണ്, ഇപ്പോൾ കൂടുതലായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടങ്ങളിൽ, രോഗബാധിതരുടെ എണ്ണം, ഒരു മൂർദ്ധന്യാവസ്ഥയിലെത്തി, പിന്നീട് പതുക്കെ കുറഞ്ഞു വന്നാലും, രാജ്യത്തിന്‍റെ മധ്യഭാഗത്തുള്ള സ്റ്റേറ്റ്കളിൽ, പകർച്ചവ്യാധിയുടെ ഒരു രണ്ടാം വരവ് വൈകാതെ തന്നെ ഉണ്ടാകുമെന്ന് തന്നെയാണ്, കരുതപ്പെടുന്നത്. 

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത, വിനാശകാരിയായ, ഒരു വൈറസിനെ നേരിടാൻ, ഏകീകൃതമായ രോഗനിയന്ത്രണ പ്രവർത്തനങ്ങളും,   യുക്തിപൂർവ്വമായ വിഭവവിഭജനവും ഉറപ്പുവരുത്തേണ്ടതുണ്ട്.  എന്നാൽ ഈ യുദ്ധം ആത്യന്തികമായി ജയിക്കാൻ, ഏതൊരു രാജ്യത്തിനും വേണ്ട പ്രധാനമായ മറ്റൊരു ഘടകം കൂടിയുണ്ട്, അത്  ഇച്ഛാശക്തിയുള്ള, മാനവിക വീക്ഷണമുള്ള ഒരു രാഷ്ട്രീയനേതൃത്വമാണ്. 
 

എഴുതിയത്: ഡോ. നവ്യ തൈക്കാട്ടിൽ

click me!