രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതം; ഒടുവില്‍ അമ്മ വൃക്ക നല്‍കി; പുതുജീവനൊപ്പം ഡോക്ടറേറ്റും നേടി

By Web TeamFirst Published Mar 11, 2021, 10:18 AM IST
Highlights

ഷിബുവിന്‍റെ രണ്ട് വൃക്കകളും 90 ശതമാനവും പ്രവര്‍ത്തനരഹിതമായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ആണ് ഇനിയുള്ള ചികിത്സാരീതിയെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

സ്വപ്നങ്ങൾ ബാക്കി നില്‍ക്കേ വിധിയുടെ കൂട്ടിലടയ്ക്കപ്പെട്ടു. എന്നാല്‍ വിധിയെ മാറ്റി എഴുതുകയായിരുന്നു പാലക്കാട് സ്വദേശിയും വിക്ടോറിയ കോളേജിലെ അസി. പ്രൊഫസറുമായ ഷിബു ശിവരാമന്‍. 39കാരനായ ഷിബുവിന്‍റെ രണ്ട് വൃക്കകളും 90 ശതമാനവും പ്രവര്‍ത്തനരഹിതമായിരുന്നു. 2018ലാണ് രോഗ നിര്‍ണ്ണയം നടത്തിയത്. 

ജീവന്‍ നിലനിര്‍ത്താന്‍ വൃക്കമാറ്റിവയ്ക്കലല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. മകനായി വൃക്കയല്ല, ഹൃദയം പകുത്തുനല്‍കാനും അമ്മ തയ്യാര്‍. അങ്ങനെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അമ്മയുടെ ഒരു വൃക്ക മകനിലേയ്ക്ക്... ലോക വൃക്ക ദിനമായ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അനുഭവം പങ്കുവയ്ക്കുകയാണ് ഷിബു. 

രോഗ നിര്‍ണ്ണയം...

95 ശതമാനവും വൃക്ക തകരാറിലായാലും ശരീരത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പലപ്പോഴും അവസാന ഘട്ടത്തിലാണ് നമ്മള്‍ അത് തിരിച്ചറിയുന്നത്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നുവെങ്കില്‍,  മരുന്നുകളിലൂടെ ചികിത്സിക്കാമായിരുന്നു. എനിക്ക് ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. കാലില്‍ ചെറിയ ഒരു നീര് അനുഭവപ്പെട്ടതായിരുന്നു ആദ്യ ലക്ഷണമെന്ന് വേണമെങ്കില്‍ പറയാം. 2018ലായിരുന്നു അത്. അന്ന് എനിക്ക് 37 വയസ്സ് . സെന്‍ററല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു. പാലക്കാടുള്ള വീട്ടില്‍ നിന്നും ട്രെയിനിലായിരുന്നു കാസര്‍ഗോഡ് വരെ യാത്ര. ദൂര യാത്ര കൊണ്ടാകാം കാലില്‍ നീര് വരുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും നീര് പോകാതിരുന്നപ്പോഴാണ് ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം ഒരു ആശുപത്രിയില്‍ കാണിച്ചത്. 

അന്ന് ചെറിയ ഛര്‍ദ്ദിലും ഉണ്ടായിരുന്നു. പല ടെസ്റ്റുകളും നടത്തി. പരിശോധനയിൽ ക്രിയാറ്റിന്‍റെ അളവ് കൂടുതലായിരുന്നു. എന്നാല്‍ അസുഖത്തിന്‍റെ ത്രീവതയെ കുറിച്ച് പൂര്‍ണ്ണമായൊരു അറിവ്  അന്നും  ഇല്ലായിരുന്നു. മരുന്നുകളിലൂടെ മാറുമെന്ന് കരുതി. മൂന്ന് മാസത്തോളം പല മരുന്നുകളും കഴിച്ചു. തുടര്‍ന്ന് കഠിനമായ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങി. പല ആശുപത്രികളിലും ചികിത്സ തേടി. തുടര്‍ന്ന് എന്‍റെ പ്രൊഫസറിന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തെ ഒരു നെഫ്രോളജിസ്റ്റിനെ കാണിച്ചു.  ഇത് മരുന്നുകളിലൂടെ ഭേദമാക്കാന്‍ പറ്റില്ലെന്ന് അദ്ദേഹമാണ് പറഞ്ഞത്. എന്‍റെ രണ്ട് വൃക്കകളും 90 ശതമാനവും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. 

വൃക്ക മാറ്റിവയ്ക്കല്‍...

വൃക്ക മാറ്റിവയ്ക്കല്‍ ആണ് ഇനിയുള്ള ചികിത്സാരീതിയെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വൃക്ക ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ചിലര്‍ തയ്യാറായി വന്നെങ്കിലും അവസാന നിമിഷം മാറി പോവുകയായിരുന്നു. ഇടയ്ക്ക് ആരോഗ്യം വളരെയധികം മോശമായി. മറ്റൊരു ആശുപത്രിയില്‍ ഡയാലിസിസിനും വിധേയനായി. പിന്നീട് കോഴിക്കോടുള്ള ഇഖ്റ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് ജീവിതത്തില്‍ വഴിത്തിരിവ് ആയത്. ഡോ. ഫിറോസ് അസീസിന്‍റെ പേര് പറയാതിരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പോസിറ്റീവ് എനര്‍ജി അത്ര വലുതായിരുന്നു.  കുടുംബത്തിലെ ആരുടെയെങ്കിലും വൃക്ക ലഭിച്ചാല്‍, അതാണ് ഏറ്റവും മികച്ചത് എന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍ നല്‍കിയത്.  അങ്ങനെയാണ് അമ്മയുടെ വൃക്ക എന്ന തീരുമാനത്തിലേയ്ക്ക് എത്തുന്നത്.  പല പരിശോധനകള്‍ക്കും ശേഷം 2019ല്‍ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. 

ആ ദിനങ്ങള്‍... 

ആ സമയത്തെ എന്‍റെ മാനസികാവസ്ഥയെ കുറിച്ച് ഓര്‍ക്കാനെ കഴിയില്ല. താന്‍ കാരണം സ്വന്തം അമ്മയ്ക്ക് ഒരു വേദന ഉണ്ടാവുക എന്നത് സഹിക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ അമ്മയ്ക്ക് എന്‍റെ ജീവിതം ആയിരുന്നു വലുത്. അതിന് വേണ്ടി എന്ത് വേദന സഹിക്കാനും അമ്മ തയ്യാറായിരുന്നു. അത് എന്‍റെ സങ്കടത്തിന്‍റെ ത്രീവത കൂട്ടുകയായിരുന്നു. 

 

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു രോഗം കണ്ടെത്തിയത്. ആ സമയത്തൊക്കെ അധ്യാപിക കൂടിയായ ഭാര്യയുടെ പിന്തുണ വളരെ വലുതായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഗവേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. 

ഇക്കഴിഞ്ഞ മാർച്ച് 4നു ഷിബു തന്റെ ഗവേഷണ പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുകയും ഡോക്ടറേറ് നേടുകയും ചെയ്തു. 
 

Also Read: വൃക്കാരോഗ്യം കാത്തുസൂക്ഷിക്കാൻ വേണ്ടത് പ്രതിരോധം; ഇന്ന് ലോക വൃക്ക ദിനം...

click me!