Asianet News MalayalamAsianet News Malayalam

വൃക്കാരോഗ്യം കാത്തുസൂക്ഷിക്കാൻ വേണ്ടത് പ്രതിരോധം; ഇന്ന് ലോക വൃക്ക ദിനം

വൃക്കരോഗത്തെ കുറിച്ചും മുൻതൂക്കമുള്ള ഘടകങ്ങളെകുറിച്ചുമുള്ള മെച്ചപ്പെട്ട അവബോധം മുൻകൂട്ടിയുള്ള രോഗനിർണയത്തിനും നേരത്തെ ചികിത്സ ആരംഭിക്കുന്നതിനും പ്രാപ്തരാക്കും. 

Dr satheesh about kidney disease
Author
Thiruvananthapuram, First Published Mar 11, 2021, 8:39 AM IST

ഇന്ന് ലോക വൃക്ക ദിനം. 'വൃക്കരോഗങ്ങൾക്കൊപ്പം സുഖമായി ജീവിക്കുക' എന്നതാണ് 2021ലെ ലോക വൃക്ക ദിന പ്രമേയം. മുൻകൂട്ടിയുള്ള നിർണയവും നിരന്തര ചികിത്സയും സുപ്രധാനമാണ്. വൃക്കരോഗത്തെ കുറിച്ചും മുൻതൂക്കമുള്ള ഘടകങ്ങളെകുറിച്ചുമുള്ള മെച്ചപ്പെട്ട അവബോധം മുൻകൂട്ടിയുള്ള രോഗനിർണയത്തിനും നേരത്തെ ചികിത്സ ആരംഭിക്കുന്നതിനും പ്രാപ്തരാക്കും. നല്ല അവബോധത്തോടെ അതിജീവിക്കുന്നതിനും ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ ചികിത്സകളുടെ ചെലവ് കുറയ്ക്കുന്നതിനും വൃക്കസംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളും സഹായകമാകും.

വൃക്കരോഗം വരാനുള്ള സാധ്യത ആർക്കെല്ലാം? എങ്ങനെ പ്രതിരോധിക്കാം..?

മനുഷ്യശരീരത്തിന്റെ ഇരുവശത്തായി അടിവയറിന്റെ പിൻഭാഗത്ത് രണ്ട് വൃക്കകളുണ്ട്. ഒരു വൃക്കയ്ക്ക് ഏകദേശം 150ഗ്രാം ഭാരം വരും. 60 കിലോ ഭാരമുള്ള വ്യക്തിയുടെ 0.5 ശതമാനം മാത്രമാണിത്. ഹൃദയത്തിൽ നിന്നും പമ്പ് ചെയ്യുന്ന രക്തത്തിന്റെ 20 ശതമാനം വൃക്ക സ്വീകരിക്കുന്നുണ്ട്. ശുദ്ധീകരിക്കുന്നതിനാണ് വൃക്ക വൻതോതിൽ രക്തം സ്വീകരിക്കുന്നത്. അരിച്ചെടുക്കുന്ന രക്തത്തിന്റെ 99 ശതമാനവും തിരികെ എടുക്കുകയും ശേഷം മാലിന്യം മൂത്രമായി പുറന്തള്ളുകയും ചെയ്യുന്നു.

മനുഷ്യ ശരീരത്തിൽ ആറ് ലിറ്റർ രക്തം വരെ കാണും. ഓരോ ദിവസവും 1700 ലിറ്റർ രക്തമാണ് അരിച്ചെടുക്കുന്നത്. ഇപ്രകാരം ശരീരത്തിലെ മുഴുവൻ രക്തവും മൂന്നൂറ് തവണയിലധികമാണ് ഒരു ദിവസം ശുദ്ധീകരിക്കപ്പെടുന്നത്. ഇപ്രകാരം ധാതുക്കൾ, ആസിഡ്, ജലാംശം എന്നിവയുടെ ശരീരത്തിലെ തോത് വൃക്കകൾക്ക് നിലനിർത്താനാകുന്നു. മറ്റുള്ളവയ്ക്കൊപ്പം എല്ലുകൾക്ക് ആരോഗ്യം പകരുന്ന വൈറ്റമിൻ ഡിയുടെ പ്രവർത്തനങ്ങൾക്കും ശരീരത്തിലെ രക്തത്തിന്റെ അളവ് നിലനിർത്തുന്നതിലും വൃക്കകൾക്ക് ഉത്തരവാദിത്വമുണ്ട്. വൃക്കകളുടെ പരാജയം ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളെയും ഗുരുതരമായി ബാധിക്കും.

വൃക്കരോഗത്തിന്റെ പ്രാരംഭ ലക്ഷണം..?

വൃക്കരോഗത്തിന്റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. രക്ത, മൂത്ര പരിശോധനയിലൂടെ യൂറിയ, ക്രിയാറ്റിൻ എന്നിവയുടെ അളവ് പരിശോധിച്ചാലാണ് കണ്ടെത്താനാകുക. പ്രരംഭഘട്ടത്തിൽ ചിലപ്പോൾ മൂത്ര പരിശോധനയുടെ ഫലം നോർമൽ ആയേക്കാം. എന്നാൽ, മൂത്രത്തിലെ ആൽബുമിൻ / ക്രിയാറ്റിൻ അനുപാതം ( മുൻപ് അറിയപ്പെട്ടിരുന്നത് മൈക്രോഅൽബുമിൻ) പ്രത്യേക പരിശോധനയിലൂടെ കണ്ടെത്താനാകും. 

അപ്രകാരം ലാബ് പരിശോധനകളിലൂടെ നേരത്തെ രോഗനിർണ്ണയം നടത്താനാകും. ചിലപ്പോൾ കാലിൽ നീര്, മൂത്രം പതച്ചുപൊങ്ങൽ, ഇരുണ്ട നിറത്തിലെ മൂത്രം, മൂത്രക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ആദ്യം പ്രകടമാകാം. എന്നാൽ വൃക്കരോഗ ചികിത്സയ്ക്ക് ബാഹ്യലക്ഷണങ്ങൾ കണ്ടെത്തും വരെ കാത്തിരിക്കേണ്ടതില്ല.

വൃക്കരോഗ സാധ്യതയുള്ളവർ..?

ആർക്കും വൃക്കരോഗം വരാമെങ്കിലും ചിലരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും പരിശോധനകൾക്ക് വിധേയരാകുന്നതിനെക്കാൾ രോഗസാധ്യതയുള്ളവർ പരിശോധനയ്ക്ക് വിധേയരാകുകയാണ് വേണ്ടത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പ്രായാധിക്യം, ധാരാളം മരുന്നുകളുടെ ഉപയോഗം, ഹൃദ്രോഗം, അമിതവണ്ണം എന്നിവയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങൾ. പാരമ്പര്യമായി വൃക്കരോഗമുള്ളവരിലും സാധ്യത കൂടുതലാണ്. ഇത്തരക്കാർ വർഷത്തിലൊരിക്കല്ലെങ്കിലും പരിശോധിക്കേണ്ടതാണ്.

സാധ്യതയുള്ള മറ്റുവിഭാഗം...?

ചില വൃക്കരോഗങ്ങൾ കടന്നുവരുന്നത് സ്വയ പ്രതിരോധശേഷി ( ഓട്ടോ ഇമ്മ്യൂണിറ്റി) മൂലമാണ്. ശരീരഭാഗങ്ങൾക്കെതിരെ നമ്മുടെ രോഗപ്രതിരോധ സംവിധാനം വ്യത്യസ്തമായി പ്രവർത്തിക്കുന്ന സ്ഥിതിയാണിത്. മയക്കുമരുന്ന്, കാൻസർ, കാൻസർ ചികിത്സകൾ, എന്നിവയാൽ വൃക്കരോഗങ്ങളുണ്ടാകാം. മാത്രമല്ല, ഇത് ഗർഭാവസ്ഥയെയും ബാധിക്കും. പാർശ്വഫലങ്ങളില്ലെന്ന തെറ്റിദ്ധാരണയോടെ ഉപയോഗിക്കുന്ന വിവിധ മരുന്നുകളും വൃക്കരോഗങ്ങൾക്ക് കാരണമാകാം.

വൃക്കരോഗത്തെ പ്രതിരോധിക്കുന്നത്...?

വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ  വർഷത്തിലൊരിക്കൽ പരിശോധന നടത്തണം. പ്രാരംഭഘട്ടത്തിൽ രോഗനിർണയം നടത്തി ചികിത്സിച്ചാൽ പിന്നീട് ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാനാകും. പ്രാരംഭത്തിൽ തന്നെ ചികിത്സ ആരംഭിക്കുന്നതാണ് വിജയം. ചികിത്സ വൈകുന്നത് ചികിത്സാരീതികൾ പരിമിതപ്പെടുത്തുന്നതിനും ഭേദമാകുന്നതിനുള്ള വേഗത കുറയുന്നതിനും കാരണമാകും.

പ്രമേഹനിയന്ത്രണം അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിർണയിക്കുന്ന എച്ച്ബിഎ1സി 6.5 ശതമാനം ആയോ അതിന് താഴെയോ നിലനിർത്തണം. രക്തസമ്മർദ്ദവും നിയന്ത്രണവിദേയമാക്കണം. ചുവന്ന മാംസം ഒഴിവാക്കി പ്രോട്ടീൻ കുറച്ച് പച്ചക്കറികളും പഴവർഗങ്ങളും അടങ്ങിയ ആഹാരക്രമീകരണമാണ് സ്വീകരിക്കേണ്ടത്.

ഒരു ദിവസം അഞ്ച് ഗ്രാമോ അതിൽ കുറച്ചോ ഉപ്പ് മാത്രമേ ഉപയോഗിക്കാവൂ. പുകവലിയും അമിതമദ്യപാനവും വൃക്കരോഗത്തെ വഷളാക്കുമെന്നതിനാൽ അവ ഒഴിവാക്കേണ്ടതാണ്. ദിവസേനയുള്ള വ്യായാമം രോഗത്തെ ചെറുക്കാൻ സഹായകമാണ്. നിർജലീകരണം കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കണം.

അക്യൂട്ട് കിഡ്നി ഇൻജ്വറി..?

സാധാരണയായി പ്രവർത്തിച്ച് കൊണ്ടിരുന്ന വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് മണിക്കൂറുകളോളമോ ദിവസങ്ങളോളമോ നിലയ്ക്കുന്ന അവസ്ഥയാണിത്. വൃക്കരോഗം മുൻപും ഉണ്ടായിട്ടുള്ളവരിൽ ഈ അവസ്ഥ ഉണ്ടായേക്കാം. ‌

ലെപ്റ്റോസ്പിറോസിസ് അല്ലെങ്കിൽ രക്തദൂഷണം പോലുള്ള അണുബാധ, മരുന്നുകളുടെ ഉപയോഗം, ഇന്ത്യയിൽ സാധാരണയായി കണ്ട് വരുന്ന അണലിയുടെ കടിയേൽക്കുക, മറ്റു അവയവങ്ങളിലെ രോഗം, സങ്കീർണമായ ശസ്ത്രക്രിയാനന്തര ഘട്ടം തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇപ്രകാരം സംഭവിക്കുക.

അക്യൂട്ട് കിഡ്നി ഇൻജ്വറി നിർണയം സുപ്രധാനമാണ്. കാരണം ക്യത്യമായി ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം പൂർണമായും വീണ്ടെടുക്കുന്നതിന് മികച്ച സാധ്യതയുണ്ട്.

വൃക്കകളുടെ പരാജയത്തിനുള്ള (ക്രോണിക് കിഡ്നി ഡിസീസ്) മറ്റ് കാരണങ്ങൾ...?

വൃക്കകളുടെ പ്രവർത്തനം ഒരിക്കൽ പരാജയപ്പെട്ടാൽ ഹീമോഡയാലിസിസ്, പെരിട്ടോണിയൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിങ്ങനെ മൂന്ന് പോംവഴികളുണ്ട്. മറ്റ് ചികിത്സ സാധ്യതകളുടെ പരിധി കടന്ന് രോഗ നിയന്ത്രണ വിധേയമല്ലാതാകുമ്പോഴാണ് ഇത്തരം മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത്.

ഡയാലിസിസ്...?

വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്നു മാലിന്യങ്ങളും ശരീരദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. ഹീമോഡയാലിസിസിൽ കൃത്രിമ അരിപ്പ വഴിയോ പെരിറ്റോണിയൽ ഡയാലിസിസിൽ അടിവയറ്റിലെ പെരിറ്റോണിയൽ മെബ്രൺ ഉപയോഗിച്ചോ ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നു.

മെബ്രണിന്റെ ഒരു വശത്തുള്ള രക്തം മറുവശത്ത് ഒരു കൃത്രിമ ദ്രവകത്തിലേക്ക് എത്തിക്കുക എന്നതാണ് സംവിധാനം. അങ്ങനെ രക്തത്തിലെ മാലിന്യങ്ങൾ മറുവശത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഒരു രോഗിയിൽ ഡയാലിസിസ് വർഷങ്ങളോളം ചെയ്യാനാകും. ചില ഡയാലിസിസ് രോഗികളുടെ ആയുസ് 20 വർഷത്തിലാധികം അടുത്തിടെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

എന്നിരുന്നാലും ഭൂരിഭാഗം പേരിലും ദീർഘവും ആരോഗ്യകരവുമായ ജീവിത സ്ഥിതി മോശമാണ്. അതിനാൽ ഡയാലിസിസ് തിരഞ്ഞെടുക്കുന്നതിന് മുൻപേ ശ്രദ്ധിക്കേണ്ടതുണ്ട്. വൃക്കകൾ വീണ്ടും പൂർണമായി പരാജയപ്പെടുമ്പോൾ ഡയാലിസിസ് ചികിത്സയ്ക്ക് മാത്രമേ പ്രാരംഭ കാലയളവില്ലെങ്കിലും പിന്തുണയ്ക്കാനാകൂ. അതിനാൽ ഇത് ഒഴിവാക്കാനാകില്ല.

വൃക്ക മാറ്റിവയ്ക്കൽ..?

ജീവനുള്ളതോ മരിച്ചതോ ആയ ദാതാവിൽ നിന്നും വൃക്കയെടുത്ത് സ്വീകർത്താവിന്റെ രക്തക്കുഴലുകളിൽ ഘടിപ്പിക്കുന്നു. വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ഡയാലിസിസുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ജീവിത നിലവാരമാണ് ഉറപ്പ് നൽകുന്നത്. എന്നിരുന്നാലും ദാതാക്കളുടെ ദൗർലഭ്യം കാരണം വൃക്കമാറ്റിവയ്ക്കൽ പരിമിതമാണ്. മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള അവയവമാറ്റിവയ്ക്കൽ പരിപാടിയായ സംസ്ഥാനത്തെ മൃതസഞ്ജീവനിക്കെതിരെ നിരവധി ആക്ഷേപങ്ങളുണ്ടായെങ്കിലും ഈ പരിപാടി ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.

എഴുതിയത്:
ഡോ. സതീഷ് ബി
നെഫ്രോളജി വകുപ്പ് സീനിയർ കൺസൾട്ടന്റ്
കിംസ് ഹെൽത്ത്

Follow Us:
Download App:
  • android
  • ios