എല്ലാ കാര്യങ്ങളും സ്മാര്‍ട് ഫോണ്‍ ചെയ്യുമെങ്കില്‍ ബുദ്ധിക്ക് അത് ദോഷമോ?

By Web TeamFirst Published Jul 3, 2021, 10:52 PM IST
Highlights

വ്യക്തികളുടെ ഫോണ്‍ നമ്പര്‍ മുതല്‍ പഠനത്തിനോ ജോലിക്കോ ആവശ്യമായ വിവരങ്ങള്‍ വരെ നമുക്ക് ആവശ്യമുള്ള സമയത്ത് ലഭ്യമാക്കി തരുന്ന സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ തലച്ചോറിന് ജോലി ഇല്ലാതാക്കുകയാണെന്നാണ് ആക്ഷേപം. ഓര്‍മ്മശക്തിയെയും ബുദ്ധിയുടെ പ്രവര്‍ത്തനത്തെയും സ്മാര്‍ട് ഫോണ്‍ തകര്‍ക്കുമെന്ന് നാം എത്രയോ തവണ കേട്ടിരിക്കുന്നു

ലോകത്തെ വിരല്‍ത്തുമ്പിലിട്ട് കറക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ യുഗത്തിലാണ് നാമിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍ ശക്തമായി വന്നു. വിദ്യാഭ്യാസം, ജോലി, വ്യക്തിജീവിതം, സാമൂഹികജീവിതം, രാഷ്ട്രീയം എന്നിങ്ങനെ മനുഷ്യന്റെ നിത്യ വ്യവഹാരങ്ങളിലെല്ലാം ഇന്റര്‍നെറ്റ് സമൂലമായ മാറ്റം കൊണ്ടുവന്നു. 

ഇതിനിടെ ഇന്റര്‍നെറ്റ് സൗകര്യം എപ്പോഴും ലഭ്യമാക്കുന്ന സ്മാര്‍ട് ഫോണുകള്‍ കൂടി വ്യാപകമായതോടെ ലോകത്ത് വന്ന മാറ്റങ്ങള്‍ പലതാണ്. എന്നാല്‍ ഇതോടെ എന്തിനും ഏതിനും സ്മാര്‍ട് ഫോണുകളെ ആശ്രയിക്കുന്ന സാഹചര്യം മനുഷ്യന്റെ  ജൈവികമായ ചിന്താശക്തിയെ മോശമായി ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും വ്യാപകമായി. 

വ്യക്തികളുടെ ഫോണ്‍ നമ്പര്‍ മുതല്‍ പഠനത്തിനോ ജോലിക്കോ ആവശ്യമായ വിവരങ്ങള്‍ വരെ നമുക്ക് ആവശ്യമുള്ള സമയത്ത് ലഭ്യമാക്കി തരുന്ന സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ തലച്ചോറിന് ജോലി ഇല്ലാതാക്കുകയാണെന്നാണ് ആക്ഷേപം. ഓര്‍മ്മശക്തിയെയും ബുദ്ധിയുടെ പ്രവര്‍ത്തനത്തെയും സ്മാര്‍ട് ഫോണ്‍ തകര്‍ക്കുമെന്ന് നാം എത്രയോ തവണ കേട്ടിരിക്കുന്നു. 

 

 

എന്നാല്‍ ഈ വാദങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്മാര്‍ട് ഫോണ്‍- ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗം മനുഷ്യന്റെ തലച്ചോറിനെ നല്ല രീതിയില്‍ മാത്രമേ സ്വാധീനിക്കുന്നുള്ളൂ എന്ന നിരീക്ഷണം പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം. 'യൂണിവേഴ്‌സിറ്റി ഓഫ് സിന്‍സിനാറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

സ്മാര്‍ട് ഫോണ്‍ ഉപയോഗം മനുഷ്യന്റെ ബുദ്ധി പ്രവര്‍ത്തിപ്പിക്കുന്നതിന് അധിക സഹായം ആയിട്ടാണ് വരുന്നതെന്നും, മറിച്ച് ബുദ്ധിയുടെ പ്രവര്‍ത്തനത്തെ പരിമിതപ്പെടുത്തുന്ന രീതിയില്‍ 'ബദല്‍' ആയല്ല നിലനില്‍ക്കുന്നത് എന്നുമാണ് പഠനം നിരീക്ഷിക്കുന്നത്. 

'സ്മാര്‍ട് ഫോണ്‍- ഡിജിറ്റല്‍ ടെക്‌നോളജി എന്നിവയുടെ ഉപയോഗം മനുഷ്യരുടെ ജൈവികമായ ബുദ്ധിശക്തിയെ നശിപ്പിക്കുന്നു എന്ന വാദത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. എന്ന് മാത്രമല്ല, തലച്ചോറിനെ നല്ലരീതിയില്‍ സ്വാധീനിക്കാനും ഇവയ്ക്ക് സാധിക്കും. ഒരുദാഹരണം പറഞ്ഞാല്‍ നമുക്ക് പോകാനുള്ള ഒരിടത്തേക്ക് നമ്മളെ നയിക്കാന്‍ സ്മാര്‍ട് ഫോണിന് കഴിയും. ഈ സാഹചര്യത്തില്‍ നമ്മുടെ തലച്ചോറിന് ജോലി കുറയും. എന്നാല്‍ അതേ സമയം മറ്റ് പലതിലേക്കും ചിന്തകളെ നയിക്കാന്‍ നമുക്ക് സാധിക്കുകയാണ് ചെയ്യുന്നത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനും അധ്യാപകനുമായ കെമെറോ പറയുന്നു. 

 


കംപ്യൂട്ടര്‍, സ്മാര്‍ട് ഫോണ്‍, ടാബ്ലെറ്റ്‌സ് തുടങ്ങിയവയെല്ലാം മനുഷ്യന്റെ തലച്ചോറിന് സഹായിക്കുകയാണെന്നും മാനവരാശിയെ മാറ്റിമറിക്കുന്ന തരത്തിലുള്ള ചിന്താധാരകളിലേക്ക് മനുഷ്യനെ എത്തിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടെന്നും പഠനം അടിവരയിട്ട് പറയുന്നു.

Also Read:- തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

click me!