ആരോഗ്യമുളള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണരീതി പ്രധാനമാണ്. വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

പഴങ്ങൾ, പച്ചക്കറികൾ, നട്സുകൾ, പയറുവര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ന്യൂട്രീഷന്‍ ഹെല്‍ത്ത് ആന്‍ഡ് ഏജിങ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കാനഡയില്‍ 45നും 85നും പ്രായപരിധിയിലുള്ളവരിലാണ് പഠനം നടത്തിയത്. 

ഇത്തരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയവരുടെ ഓർമ ശക്തിയും ബുദ്ധിശക്തിയും തലച്ചോറിന്‍റെ മൊത്തം പ്രവര്‍ത്തനവും വിലയിരുത്തിയാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. വേണ്ടത്ര പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടര്‍ന്നവരില്‍  ഓർമശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയതായും പഠനം പറയുന്നു. അതേസമയം, പഴങ്ങൾ, പച്ചക്കറികൾ, നട്സുകൾ, പയറുവര്‍ഗങ്ങള്‍.. എന്നിവ ധാരാളമായി കഴിക്കുന്നവരില്‍ നല്ല ഓർമശക്തിയും ബുദ്ധിശക്തിയും കാണാനിടയായി എന്നും ഗവേഷകര്‍ പറയുന്നു. 

പത്ത് വർഷം നീണ്ട പഠന കാലയളവിൽ ബൗദ്ധികമായ പ്രവർത്തനങ്ങളിൽ മികച്ചു നിന്നത് മെഡിറ്ററേനിയൻ ഭക്ഷണ രീതി പിന്തുടരുന്നവരാണ് എന്നും മറ്റൊരു പഠനം പറയുന്നു. പഴങ്ങൾ, പച്ചക്കറികൾ, പയറുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകൾ, മത്സ്യം,  മുഴുധാന്യങ്ങൾ, തുടങ്ങിയവയാണ് മെഡിറ്ററേനിയൻ ഭക്ഷണം.

പതിവായി മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍ കഴിക്കുന്നത് ബുദ്ധി ശക്തിയും ചിന്താ ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിന് മാത്രമല്ല ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും മെഡിറ്ററേനിയൻ ഭക്ഷണ രീതി സഹായിക്കും.

Also Read: മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ...