ആയിരം രൂപയ്ക്ക് അഞ്ച് വർഷം 'അടിമപ്പണി'; രക്ഷ‌യ്‌ക്കെത്തിയ ഉദ്യോഗസ്ഥരുടെ കാൽക്കൽ വീണ് കാശി

Published : Jul 11, 2019, 02:36 PM ISTUpdated : Jul 11, 2019, 02:38 PM IST
ആയിരം രൂപയ്ക്ക് അഞ്ച് വർഷം 'അടിമപ്പണി'; രക്ഷ‌യ്‌ക്കെത്തിയ ഉദ്യോഗസ്ഥരുടെ കാൽക്കൽ വീണ് കാശി

Synopsis

രണ്ടിടത്ത് നിന്നായി വയോധികരും സ്ത്രീകളുമടക്കം ആകെ 42 തൊഴിലാളികളെയാണ് റവന്യു ഉദ്യോഗസ്ഥർ രക്ഷിച്ചത്

ചെന്നൈ: നിസാര തുക വായ്‌പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ തമിഴ്‌നാട്ടിൽ വർഷങ്ങളോളം നിർബന്ധിത തൊഴിലെടുപ്പിച്ചതായി കണ്ടെത്തി. ദുരിതത്തിൽ കഴിഞ്ഞ 42 കരാർ തൊഴിലാളികളെ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രക്ഷിച്ചു. വെറും ആയിരം രൂപ മാത്രം വായ്‌പ വാങ്ങി തിരിച്ച് നൽകാൻ കഴിയാതെ അഞ്ച് വർഷമായി പീഡനം അനുഭവിച്ച കാശി എന്ന 60കാരൻ തഹസിൽദാരുടെ കാൽക്കൽ വീണ് നന്ദിയറിയിക്കുന്ന ചിത്രം തമിഴ്‌നാട്ടിൽ നിന്നുള്ള വേദനിപ്പിക്കുന്ന കാഴ്ച കൂടിയായി. 

നടരാജ് എന്ന വ്യക്തിയിൽ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാൽ ഈ തുക തിരികെ നൽകാൻ സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തോട് തന്റെ ഉടമസ്ഥതയിലുള്ള മരംമുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാൻ നടരാജ് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് വർഷമായി ഇവിടെ നിർബന്ധിത തൊഴിൽ അനുഷ്‌ഠിച്ചുവന്ന കാശിക്ക് ബുധനാഴ്ച സർക്കാർ ഉദ്യോഗസ്ഥ സംഘം എത്തിയത് വലിയ ആശ്വാസമായി.

കാഞ്ചിപുരത്തെ മരംമുറിക്കുന്ന കേന്ദ്രത്തിൽ 28 പേരാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. വെല്ലൂരിൽ 14 പേരും ഉണ്ടായിരുന്നു. 42 പേരെയും സർക്കാർ ഉദ്യോഗസ്ഥ സംഘം രക്ഷിച്ചു. കാഞ്ചിപുരം സബ് കളക്ടർ എ ശരവണൻ, റാണിപതിലെ സബ് കളക്ടർ ഇളംബഹവത് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കാര്യം പുറത്തറിഞ്ഞത്.

രാവിലെ 9.30 യോടെ രണ്ട് സംഘങ്ങളായി ഈ മരംമുറി കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്ന ഓരോ തൊഴിലാളിയെയും ചോദ്യം ചെയ്തു. നടരാജ് എന്ന പേരായ ഒരാളുടെയും ഇയാളുടെ ബന്ധുക്കളുടെയും പക്കൽ നിന്ന് നിസാര തുകകൾ വായ്‌പയായി വാങ്ങിയ സാധാരണക്കാരാണ് ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടത്. പണം തിരിച്ച് നൽകാൻ സാധിക്കാത്തവരെ അഞ്ച് വർഷത്തേക്കാണ് ഇവിടെ പണിയെടുക്കാൻ നിർബന്ധിച്ചത്. ഇവർ 30,000 രൂപ വരെ തിരികെ നൽകാനുണ്ടെന്നാണ് തൊഴിലുടമകളുട മൊഴി.

എന്നാൽ തങ്ങൾക്ക് തടവറയ്ക്ക് സമാനമായ അനുഭവമാണ് ഇവിടെയുണ്ടായിരുന്നതെന്നാണ് തൊഴിലാളികളുടെ മൊഴി. സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും, ഗർഭിണിയെ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ലെന്നും കാട്ടിനകത്ത് പ്രസവിക്കാൻ നിർബന്ധിച്ചുവെന്നുമടക്കം ഗുരുതരമായ ആരോപണങ്ങളാണ് തൊഴിലുടമയ്ക്ക് എതിരെ തൊഴിലാളികൾ ഉന്നയിച്ചത്. ജോലിക്ക് കൂലി നൽകാറില്ലെന്നും പരാതി ഉയർന്നു.

വിശക്കുന്നുവെന്നും അരി വാങ്ങാൻ പണം വേണമെന്നും ആവശ്യപ്പെട്ടപ്പോൾ തൊഴിലുടമയായ നടരാജ് കുറച്ച് മരമെടുത്ത് ചവച്ച് തിന്നാൻ പറഞ്ഞതായും തൊഴിലാളികൾ ആരോപിച്ചു. തൊഴിലുടമയെയും തൊഴിലാളികളെയും റവന്യു ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം തൊഴിലാളികളുടെ കടം അടച്ചുതീർന്നതായുള്ള പത്രിക തൊഴിലുടമയെ കൊണ്ട് എഴുതി നൽകിച്ച് 42 പേരെയും സ്വതന്ത്രരാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബരാമതി വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന് പുറത്തുവിടും, വ്യക്തത വരുത്തി വ്യോമയാന മന്ത്രാലയം
പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കും, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും