
ദില്ലി: അയോധ്യ വിധിയില്‍ പുനഃപരിശോധന ഹർജി നൽകണോയെന്ന കാര്യം ഞായറാഴ്ച തീരുമാനിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈദരാബാദ് എംപി അസറുദ്ദീൻ ഒവൈസി അടക്കമുള്ള 51 അംഗ വർക്കിംഗ് കമ്മിറ്റിയുടെ യോഗം ബോർഡ് വിളിച്ചിട്ടുണ്ട്. ലക്നൗവിൽ വച്ചാണ് യോഗം നടക്കുക.
കേസിൽ പുനപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ് വിധി വന്ന ഉടൻ തന്നെ വ്യക്തമാക്കിയിരുന്നു. കേസിൽ നേരത്തെ കക്ഷിയല്ലായിരുന്നെങ്കിലും ആവശ്യമായ നിയമ സഹായവും സാമ്പത്തിക സഹായവും മുസ്ലീം പേഴ്സണൽ ലോ ബോർഡ് നൽകി വന്നിരുന്നു.
ഇതിനിടെ സുന്നി വഖഫ് ബോർഡിലെ ഭിന്നതയെ വിമർശിച്ച് അയോധ്യ കേസിലെ പ്രധാന ഹർജിക്കാരിലൊരാളായ ഇക്ബാൽ അൻസാരി രംഗത്തെത്തി . അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും മാനിക്കണമെന്നും അന്തരീക്ഷം മോശമാക്കാൻ ആരും ശ്രമിക്കരുതെന്നും അൻസാരി ആവശ്യപ്പെട്ടു. ഭിന്നത നിയമ പോരാട്ടം നടത്തിയവരെ വേദനിപ്പിക്കുന്നുവെന്നും ഇക്ബാൽ അൻസാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അയോധ്യകേസിൽ വിധി അന്തിമചിത്രം ഇങ്ങനെ
തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിന്. ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണം.
1993-ലെ അയോധ്യ ആക്ട് പ്രകാരമായിരിക്കണം ഭൂമികൈമാറ്റം. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി കേന്ദ്രം തയ്യാറാക്കണം. തർക്കഭൂമിയിലെ നിർമ്മിതിയുടെ അകത്തേയും പുറത്തേയും സ്ഥലം ക്ഷേത്രനിർമ്മാണത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കായി ട്രസ്റ്റിന് കൈമാറണം. ഇതിനു ശേഷം കാലക്രമേണ മറ്റു ഭൂമിയും ട്രസ്റ്റിന് കൈമാറണം. ഭൂമിയുടെ ഉടമസ്ഥാവകാശം കേസിലെ കക്ഷികൾക്കൊന്നും പൂർണമായി തെളിയിക്കാനായിട്ടില്ല. അതിനാൽ തന്നെ തർക്കഭൂമിയിലാണ് നിർമ്മിതി നിലനിൽക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam