'പൗരത്വ'മില്ലാത്തവരെ കാത്തിരിക്കുന്നത് നീണ്ട നിയമപോരാട്ടം: കൈ പൊള്ളി ബിജെപിയും

By Web TeamFirst Published Sep 1, 2019, 4:10 PM IST
Highlights

മുൻ അസം യുണൈറ്റഡ് ഫ്രണ്ട് എംഎൽഎ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മകൾ പട്ടികയിൽ വന്നു. തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്. കൈ പൊള്ളിയിരിക്കുകയാണ് ബിജെപി. 

ഗുവാഹത്തി: അസം പൗരത്വ റജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ട 19,06,657 ജനങ്ങൾക്ക് ഇനി നിയമപോരാട്ടത്തിന്‍റെ നീണ്ട ദുരിതദിനങ്ങളാണ് ബാക്കി. ആയിരം ട്രൈബ്യൂണലുകൾ മാത്രമാണ് ലക്ഷക്കണക്കിന് പേരുടെ 'പൗരത്വം' പുനഃപരിശോധിക്കാൻ സ്ഥാപിക്കപ്പെടാൻ പോകുന്നത്. ഇതുവരെ നൂറ്റമ്പതോളം ട്രൈബ്യൂണലുകളേ സ്ഥാപിച്ചിട്ടുള്ളൂ. 120 ദിവസങ്ങൾ മാത്രമേ അപ്പീൽ നൽകാനുള്ളൂ. 

വെറും സാങ്കേതികത്വങ്ങളുടെ പേരിൽ മാത്രം പേരില്ലാതെ പോയ ലക്ഷക്കണക്കിന് പേരുണ്ട്. ഇവരുടെയൊക്കെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നതാണ് പ്രശ്നം. 

കത്തിഗോര മണ്ഡലത്തിലെ അസം ഡെമോക്രാറ്റിക് ഫ്രണ്ട് എംഎൽഎ അത്തൗർ റഹ്‍മാൻ മസർഭുയ പൗരത്വറജിസ്റ്ററിൽ നിന്ന് പുറത്തായി. അതേസമയം അദ്ദേഹത്തിന്‍റെ മകൾ പൗരത്വ റജിസ്റ്ററിൽ ഉൾപ്പെട്ടു. മറ്റൊരു മകളും മകനും ഒഴിവാക്കപ്പെട്ടു. ''ഇനി ഫോറിനേഴ്‍സ് ട്രൈബ്യൂണലിൽ ഞാൻ കയറിയിറങ്ങണം. ആകെ പ്രതീക്ഷ ജുഡീഷ്യറിയിൽ മാത്രമാണ്'', മസർഭുയ പറയുന്നു. അതേസമയം, അഭയപുരി മണ്ഡലത്തിലെ എംഎൽഎ അനന്ത കുമാർ മാലോയും മകനും പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ട്. 

1300 കോടി രൂപയോളമാണ് ഈ പൗരത്വ റജിസ്റ്റുണ്ടാക്കാൻ വേണ്ടി മാത്രം കേന്ദ്രസർക്കാർ ചെലവഴിച്ചത്. ഈ പണം ഈ പ്രദേശത്തിന്‍റെ വികസനത്തിനും എല്ലാ പൗരൻമാർക്കും കൃത്യമായി ഒരിടം നൽകാനും ഉപയോഗിച്ചാൽ മതിയായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. 

പിഴവുകൾ എന്തുചെയ്യും?

അന്തിമ പൗരത്വ റജിസ്റ്ററിലും തെറ്റുകൾ വരാനുള്ള സാധ്യത കേന്ദ്രസർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ, എൻആർസിയിൽ (National Registry For Citizens) പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റയടിക്ക് ഇവരെ 'വിദേശി'കളായി പ്രഖ്യാപിക്കില്ല. പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി 'വിദേശികളുടെ ട്രൈബ്യൂണലി'നെ സമീപിക്കാം. ഓഗസ്റ്റ് 31 മുതൽ 120 ദിവസത്തിനകം അപ്പീൽ നൽകണം. ട്രൈബ്യൂണൽ രേഖകൾ പരിശോധിച്ച് അന്തിമ തീർപ്പ് കൽപിക്കും. 

ആയിരം ട്രൈബ്യൂണലുകളെങ്കിലും ഘട്ടം ഘട്ടമായി സ്ഥാപിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. ഇപ്പോൾ 100 ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. 200 ട്രൈബ്യൂണലുകൾ കൂടി സെപ്റ്റംബർ ആദ്യവാരം തുറക്കും. ട്രൈബ്യൂണൽ എതിരായി വിധിച്ചാൽ ഇതിനെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെ സമീപിക്കാം. പക്ഷേ, ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് എത്തിയ തീർത്തും ദരിദ്രരായ ജനങ്ങളിൽ എത്ര പേർക്ക് ഇത്തരം നിയമപോരാട്ടങ്ങൾ നടത്താൻ പണവും സ്വാധീനവുമുണ്ടെന്നതാണ് മറ്റൊരു ചോദ്യം. ആരെയും അറസ്റ്റ് ചെയ്ത് ജയിലിലിടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു.

'യഥാർത്ഥ' പൗരൻമാർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളിൽ നിന്ന് സഹായം നൽകുമെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബിജെപിയും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികളും ചില സന്നദ്ധസംഘടനകളും സഹായം വാഗ്‍ദാനം ചെയ്യുന്നു. 

എന്തെല്ലാം രേഖകൾ?

സുപ്രീംകോടതി വിധി പ്രകാരം, ഒരാൾക്ക് തന്‍റെ പൗരത്വം തെളിയിക്കാനായി ഹാജരാക്കാവുന്നത് 15 രേഖകളാണ്. അസമിൽ ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്, അതായത് 1971-ന് മുമ്പ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതാവണം രേഖ. 1971 മാർച്ച് 24-ന് ശേഷമുള്ള വോട്ടർ ലിസ്റ്റിൽ പേരുണ്ടാവുക, പൗരത്വ സർട്ടിഫിക്കറ്റുണ്ടാവുക, 1971 മാർച്ച് 24-ന് മുമ്പുള്ള റേഷൻ കാർഡുണ്ടാവുക എന്നതാണ് ഇവയിൽ ചിലത്. ഭൂരേഖകളോ, പാസ്പോർട്ടോ, കേന്ദ്രസർക്കാർ നൽകിയ തിരിച്ചറിയൽ രേഖകളോ, സർക്കാർ സർവീസിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളോ, ബാങ്ക്/ പോസ്റ്റോഫീസ് രേഖകളോ, ജനനസർട്ടിഫിക്കറ്റോ ഹാജരാക്കാം. 

എന്നാൽ, ഈ രേഖകളുടെയൊക്കെ സർട്ടിഫൈഡ് കോപ്പി ഹാജരാക്കിയില്ലെങ്കിൽ മിക്കവാറും ആർക്കും പുതിയ അംഗീകൃതരേഖ ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. 

ചില രേഖകളുടെ അസ്സൽ പകർപ്പ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകേണ്ടി വരും. അതിന് 120 ദിവസം മതിയാകില്ല. രേഖ നൽകിയ ഉദ്യോഗസ്ഥർ കോടതിയിൽ വന്ന് ഹാജരായി സാക്ഷി പറയണം. 19 ലക്ഷം പേരുടെയൊക്കെ രേഖകൾ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി പരിശോധിക്കണം. എളുപ്പമല്ല അത്. എന്തൊരു ഭീമാകാരമായ പ്രക്രിയയാകും അതെന്ന് നിയമവിദഗ്‍ധർ ആശങ്കപ്പെടുന്നു. 

ഫോറിനേഴ്‍സ് ട്രൈബ്യൂണലുകൾ കേസ് തീർപ്പാക്കുന്നതിന് ഒരു ചട്ടം വേണമെന്നും ചില നിയമവിദഗ്‍ധർ നിർദേശിക്കുന്നു. ഒരു എസ്ഒപിയില്ലെങ്കിൽ (SOP - Standard Operating Procedure) ബുദ്ധിമുട്ടാകും. ഇത് വർഷങ്ങൾ നീളും. 

ബിജെപിയുടെ തലവേദന

'അനധികൃത കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണ്', അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അമിത് ഷാ പറഞ്ഞതാണിത്. ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിർമ്മാണം, ഏകികൃത സിവിൽ നിയമം എന്നിവയ്ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. രണ്ടു കോടി കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നായിരുന്നു സർക്കാർ പാ‍ർലമെന്‍റിന് നേരത്തെ നൽകിയ കണക്ക്. 

എന്നാൽ അസം പൗരത്വ രജിസ്റ്ററിൽ ഒഴിവായത് 19 ലക്ഷം. ഇതിൽ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രം. പട്ടികയ്‍ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാർ പട്ടികയിൽ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ആരോപണം.

തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്. കൈ പൊള്ളിയിരിക്കുകയാണ് ബിജെപി. 

അസമിൽ ബിജെപി അധികാരത്തിൽ എത്തിയത് കുടിയേറ്റക്കാരോടുള്ള കോൺഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയിൽ നിന്ന് പുറത്തായവരിൽ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാർട്ടി വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോൺഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങൾ പുതിയ പശ്ചാത്തലത്തിൽ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താൻ അസംമാതൃക രജിസ്റ്റർ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാകുന്നു.  

click me!