ബ്രെഡ്ഡിൽ കള്ളക്കളി പറ്റില്ല; നിലവാരമുറപ്പാക്കാൻ കർശന നിയമങ്ങളുമായി കേന്ദ്രം

By Web TeamFirst Published Sep 2, 2021, 3:08 PM IST
Highlights

സ്‌പെഷ്യല്‍ ബ്രെഡുകളുടെ വില സാധാരണ ബ്രെഡുകളേക്കാൾ കൂടുതലാണ്. അതുകൊണ്ട് വിലയിലും നിയന്ത്രണമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ പുതിയ കരട് നിയന്ത്രണ ചട്ടം പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും. 


ദില്ലി: രാജ്യത്ത് വിപണയിൽ ലഭിക്കുന്ന ബ്രെഡ്ഡിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നിയമങ്ങളുമായി കേന്ദ്ര സർക്കാർ. ഇപ്പോൾ വിപണയിൽ കിട്ടുന്ന 14 തരം ബ്രെഡ്ഡുകളുടെ നിർമ്മാണത്തിനും നിലവാരത്തിനും മാനദണ്ഡങ്ങൾ കൊണ്ട് വരുന്ന കരട് നിയമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് കരട് നിയന്ത്രണ ചട്ടം ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.

വീറ്റ് ബ്രഡ്, ബ്രൗണ്‍ ബ്രെഡ്, വൈറ്റ് ബ്രെഡ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, ഗാര്‍ലിക് ബ്രെഡ്, എഗ് ബ്രെഡ്, ഓട്ട് മീല്‍ ബ്രെഡ്, മില്‍ക്ക് ബ്രെഡ്, ചീസ് ബ്രെഡ് എന്നിങ്ങനെ സ്‌പെഷ്യല്‍ ബ്രെഡ്ഡുള്‍ക്ക് ആവശ്യക്കാർ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണവും നിരീക്ഷണവും കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിർമ്മാതാക്കൾ അവകാശപ്പെടുന്ന ചേരുവകൾ ഈ ബ്രഡുകളിൽ ശരിക്കും അടങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. 

സ്‌പെഷ്യല്‍ ബ്രെഡുകളുടെ വില സാധാരണ ബ്രെഡുകളേക്കാൾ കൂടുതലാണ്. അതുകൊണ്ട് വിലയിലും നിയന്ത്രണമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ പുതിയ കരട് നിയന്ത്രണ ചട്ടം പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും. 

ഗോതമ്പ് കൊണ്ട് മാത്രം ഉണ്ടാക്കുന്നതെന്ന് അവകാശപ്പെടുന്ന ഹോൾ വീറ്റ് ബ്രഡിന്റെ കാര്യം കരട് നിയന്ത്രണ ചട്ടത്തില്‍ എടുത്തു പറയുന്നുണ്ട്. ഇതിൽ 75 ശതമാനവും ഗോതമ്പ് തന്നെയായിരിക്കണം. മള്‍ട്ടി ഗ്രെയിന്‍ ബ്രഡില്‍ ഗോതമ്പിന് പുറമേ 20 ശതമാനത്തോളം മറ്റു ധാന്യപ്പൊടികളും ചേർക്കണം. മില്‍ക്ക് ബ്രെഡില്‍ ആറു ശതമാനം പാലും ഹണി ബ്രെഡില്‍ അഞ്ചു ശതമാനം തേനും ചീസ് ബ്രെഡില്‍ പത്തു ശതമാനം ചീസും ചേര്‍ത്തിരിക്കണം. ഗാര്‍ലിക് ബ്രെഡില്‍ രണ്ട് ശതമാനം എങ്കിലും വെളുത്തുള്ളിയും, ഓട്ട് മീല്‍ ബ്രെഡില്‍ 15 ശതമാനം എങ്കിലും ഓട്ട്‌സും അടങ്ങിയിരിക്കണമെന്നും കരട് നിയമത്തിൽ പറയുന്നു.

ബഹുരാഷ്ട്ര കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ബ്രെഡുകളുടെയും പ്രാദേശികമായി ഉത്പാദിക്കുന്ന ബ്രെഡുകളുടെയും നിലവാരം ഉറപ്പു വരുത്തുന്നതിന് നിലവില്‍ നിയമപരമായ സംവിധാനങ്ങളില്ല, ഇതിനായുള്ള പരിശോധനയും കുറവാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം.

click me!