ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും മോചിപ്പിക്കാം, ഒരു ഉപാധി മാത്രം: സജീവരാഷ്ട്രീയം വിടണം

By Web TeamFirst Published Jan 11, 2020, 9:58 PM IST
Highlights

കശ്മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചത് വെള്ളിയാഴ്ചയാണ്. കശ്മീർ സന്ദർശിക്കാൻ വിദേശരാജ്യങ്ങളുടെ പ്രതിനിധികളെത്തിയതിന് പിറ്റേന്ന്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഉപാധി മുന്നോട്ടുവയ്ക്കുന്നത്.

ദില്ലി/ശ്രീനഗർ: ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെയും മകനും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെയും ഉപാധികളോടെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് റിപ്പോർട്ട്. വീട്ടുതടങ്കലിലുള്ള ഇരുനേതാക്കളെയും മോചിപ്പിക്കണമെങ്കിൽ പ്രധാനമായും കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ഉപാധി ഇതാണ്: ''സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണം, താൽക്കാലികമായെങ്കിലും''. ഉടൻ തന്നെ അബ്ദുള്ളമാരെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്രതിനിധികൾ സമീപിച്ചേക്കുമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. 

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയശക്തികളിലൊന്നായ നാഷണൽ കോൺഫറൻസിന്‍റെ തലമുതിർന്ന നേതാവായ ഫറൂഖ് അബ്ദുള്ളയും യുവശബ്ദമായ ഒമറും രാഷ്ട്രീയത്തിൽ വീണ്ടും സജീവമായാൽ അത് വലിയ ഭീഷണിയാകുമെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ പലതും കണക്കിലെടുത്താൽ ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങൾ ഏറെക്കാലം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് കേന്ദ്രം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ എൻസിയുടെ പ്രമുഖ നേതാക്കളെ നിശ്ശബ്ദരാക്കേണ്ടത് കേന്ദ്രസ‍ർക്കാരിന്‍റെ ആവശ്യമാണ്. ബിജെപിയുമായി ഒരിക്കൽ സർക്കാർ രൂപീകരിച്ച ജെകെപിഡിപിക്കും, നേതാവ് മെഹ്ബൂബ മുഫ്തിക്കും ഉള്ളതിനേക്കാൾ ജനസമ്മതി അബ്ദുള്ള കുടുംബത്തിനുണ്ട് ഇപ്പോൾ എന്നത് കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും.

ഈ ഉപാധികളുമായി കേന്ദ്രസർക്കാർ ഉടനെ ഫറൂഖ്, ഒമർ അബ്ദുള്ളമാരെ സമീപിക്കുമെന്നാണ് സൂചന. കുറച്ച് കാലമെങ്കിലും ലണ്ടനിലെ സ്വന്തം വസതികളിലേക്ക് മാറി നിൽക്കാനാകും കേന്ദ്രം ഇരുവരോടും ആവശ്യപ്പെടുക. പാർട്ടിയുടെ നേതൃത്വം ജമ്മു കശ്മീരിലെ ''ഏജന്‍റുമാർ'' വഴി നിയന്ത്രിക്കാമെന്നാകും കേന്ദ്രം വ്യക്തമാക്കുക. 

ജമ്മു കശ്മീരിന് പ്രത്യേകാധികാരം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞത് 2019 ഓഗസ്റ്റ് 5-ാം തീയതിയാണ്. അതിന് ഒരു ദിവസം മുമ്പേ, ജമ്മു കശ്മീരിലെ പ്രമുഖ നേതാക്കളെയും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെയും വിഘടനവാദി സംഘടനാ നേതാക്കളെയും സൈന്യം വീട്ടു തടങ്കലിലാക്കിയിരുന്നു.

26 തടവുകാരെ മോചിപ്പിച്ചു

ജമ്മു കശ്മീരിലെ മുതിർന്ന അഭിഭാഷകനായ നസീർ അഹ്മദ് റൊംഗ അടക്കം 26 പേരെ ജമ്മു കശ്മീർ പൊലീസ് മോചിപ്പിച്ചു. ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അടക്കം ജമ്മുകശ്മീരിൽ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്‍റെ നടപടി. ഇന്‍റര്‍നെറ്റ് മൗലിക അവകാശമാണെന്നും തുടരെയുള്ള ഉത്തരവുകളിലൂടെ നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്.

ഓഗസ്റ്റ് 5 മുതൽ നിരോധനാജ്ഞയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണ ഉത്തരവുകളും പുനഃപരിശോധിക്കണം. ഇതിനായി ഒരു സമിതിക്ക് രൂപം നൽകണം. ഓരോ ഏഴ് ദിവസം കൂടുമ്പോഴും നിയന്ത്രണങ്ങൾ അവലോകനം ചെയ്യണമെന്നും കോടതി പറഞ്ഞിരുന്നു. 

ഇന്‍റര്‍നെറ്റ് സേവനം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കുന്നത് ടെലികോം നിയമത്തിന്‍റേയും ലംഘനമാണ്. നിയന്ത്രണ ഉത്തരവുകൾ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. അത് കോടതികളിൽ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധാ ഭാസിൻ തുടങ്ങിയവര്‍ നൽകിയ ഹര്‍ജികളിലാണ് കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധി. പക്ഷേ, അഞ്ച് മാസത്തിന് ശേഷമാണ് ഇത്തരമൊരു വിധിയെന്നതും, അത് വരെ കശ്മീർ പൂർണമായും അടഞ്ഞുകിടക്കുകയായിരുന്നു എന്നതും ശ്രദ്ധേയം.

അതേസമയം, കശ്മീരിന്‍റെ പ്രത്യേകാധികാരം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ വാദം പുരോഗമിക്കുന്നതേയുള്ളൂ. 

click me!