ദില്ലി/ചെന്നൈ: മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് വിജയാ താഹിൽരമാനിക്കെതിരെ സിബിഐ അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അനുമതി നൽകി. നിയമാനുസൃതം ജസ്റ്റിസ് താഹിൽരമാനിക്കെതിരെ നടപടികൾ സ്വീകരിക്കാനാണ് ചീഫ് ജസ്റ്റിസ് അനുമതി നൽകിയിരിക്കുന്നത്. 3.18 കോടി രൂപ ചെലവിട്ട് ചെന്നൈയിൽ പുതിയ രണ്ട് ഫ്ലാറ്റുകൾ വാങ്ങിയതിനുള്ള പണം താഹിൽരമാനി സമ്പാദിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് നടപടി.
എന്നാൽ ഈ ഐബി റിപ്പോർട്ട് ഇവർ രാജി വച്ച ശേഷമാണ് തയ്യാറാക്കിയിരിക്കുന്നത്. മേഘാലയയിലേക്കുള്ള ജസ്റ്റിസ് താഹിൽരമാനിയുടെ സ്ഥലംമാറ്റം അവർ അംഗീകരിച്ചിരുന്നെങ്കിൽ എന്ത് നടപടി സ്വീകരിച്ചേനെ എന്ന ചോദ്യവും ഉയരുന്നുണ്ട്.
തമിഴ്‍നാട്ടിലെ വിഗ്രഹമോഷണക്കേസുകൾ പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബഞ്ച് പിരിച്ചുവിടാൻ ജസ്റ്റിസ് താഹിൽരമാനി തീരുമാനിച്ചിരുന്നു. ഇത് തമിഴ്‍നാട്ടിലെ ഒരു മന്ത്രിയുടെ സ്വാധീനം മൂലമാണെന്നും ഇതിൽ നിന്ന് ജസ്റ്റിസിന് കോഴപ്പണം കിട്ടിയെന്നാണ് സൂചനയെന്നുമാണ് ഇന്‍റലിജൻസ് ബ്യൂറോ സിബിഐയ്ക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അഞ്ച് പേജുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് താഹിൽരമാനിയ്ക്ക് എതിരെ ഐബി നൽകിയിരിക്കുന്നത്. തന്നെ മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജസ്റ്റിസ് താഹിൽരമാനി രാജി വച്ചതിന് ശേഷമാണ് ഐബി റിപ്പോർട്ട് നൽകിയത്. ഓഗസ്റ്റ് 28-നാണ് അവരെ മേഘാലയയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് കൊളീജിയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സെപ്റ്റംബർ 2-ന് കൊളീജിയത്തിന് അവർ പരാതി നൽകി. എന്നാൽ സെപ്റ്റംബർ - 3 ന് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് കൊളീജിയം ആവർത്തിച്ചു. ഇതോടെ, സെപ്റ്റംബർ 6-ന് അവർ രാജി വയ്ക്കുകയായിരുന്നു.
എന്താണ് ഐബി റിപ്പോർട്ടിലുള്ളത്?
ജസ്റ്റിസ് താഹിൽരമാനി ചെന്നൈയിൽ പുതുതായി രണ്ട് പുതിയ ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഐബി പരിശോധിച്ചത്. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളായ സെമ്മഞ്ചേരി, തിരുവിടന്തൈ എന്നിവിടങ്ങളിൽ പുതുതായി പണികഴിപ്പിച്ച രണ്ട് ഫ്ലാറ്റുകളാണ് ജസ്റ്റിസ് താഹിൽരമാനി വാങ്ങിയത്. ഇതിനായി ആകെ 3.18 കോടി രൂപ ചെലവായി. ഇതിൽ 1.56 കോടി രൂപ എച്ച്ഡിഎഫ്‍സി ലോൺ വഴിയാണ് സമാഹരിച്ചത്. ബാക്കി 1.56 കോടി രൂപ സ്വന്തം പണമായാണ് കാണിച്ചിരിക്കുന്നത്. ഇത് എവിടെ നിന്ന് വന്നു എന്നതാകും സിബിഐ അന്വേഷിക്കുക.
ആറ് അക്കൗണ്ടുകളിലാണ് ഐബി പരിശോധന നടത്തിയത്. മൂന്നെണ്ണം ഭർത്താവിന്‍റെയും വിജയ താഹിൽരമാനിയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടാണ്. ഒന്ന് അമ്മയോടൊപ്പമുള്ള ജോയന്‍റ് അക്കൗണ്ടാണ്. ഒന്ന് ശമ്പള അക്കൗണ്ട്. മറ്റൊന്ന് അവരുടെ മകന്‍റേതാണ്. ഇതിൽ നിന്നാണ് ജസ്റ്റിസിന്‍റെ അക്കൗണ്ടിലേക്ക് 1.61 കോടി രൂപ എത്തിയത്. മുംബൈ മാഹിമിലെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടാണിത്. ജൂണിൽ 18 ലക്ഷം അമ്മയുടെ ജോയന്‍റ് അക്കൗണ്ടിൽ നിന്ന് ഇതിലേക്ക് പണമെത്തി. അടുത്ത മാസം തന്നെ 18 ലക്ഷം ചെക്ക് വഴി തിരികെ നിക്ഷേപിച്ചു.
വിഗ്രഹമോഷണക്കേസും ചീഫ് ജസ്റ്റിസും
മദ്രാസ് ഹൈക്കോടതിയിൽ തമിഴ്‍നാട്ടിൽ വലിയ വിവാദമുയർത്തിയ വിഗ്രഹമോഷണക്കേസുകൾ പരിഗണിക്കാൻ ഒരു പ്രത്യേക ബഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസ് മഹാദേവൻ അധ്യക്ഷനായ ബഞ്ചായിരുന്നു ഇത്. 2018 ജൂലൈയിലാണ് ഈ ബഞ്ച് രൂപീകരിക്കപ്പെട്ടത്. എന്നാൽ പിന്നീട് ഈ ബഞ്ച് പിരിച്ചുവിടാൻ ചീഫ് ജസ്റ്റിസ് പൊടുന്നനെ ഉത്തരവിട്ടു.
വിഗ്രഹമോഷണക്കേസിൽ ഉന്നതരിലേക്ക് എത്തിയേക്കാവുന്ന കേസുകളായിരുന്നു ഈ ബഞ്ചിന് മുന്നിലുണ്ടായിരുന്നത്. തമിഴ്‍നാട്ടിലെ ഉന്നതനായ ഒരു മന്ത്രിക്ക് ഈ കേസുകളിൽ പങ്കുണ്ടെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഐജി പൊൻമാണിക്കവേലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാൽ ഇത് ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടത്തിന് തൊട്ടുമുമ്പാണ് ബഞ്ച് പിരിച്ചുവിട്ടതെന്ന് ഐബി റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പുറമേ, ചില അഭിഭാഷകർക്ക് മാത്രം കോടതിയിൽ ജസ്റ്റിസ് താഹിൽരമാനി പ്രത്യേക പരിഗണന നൽകിയിരുന്നതായും ഐബി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam