ദില്ലിയിൽ കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണവുമായി മകൾ

By Web TeamFirst Published Jun 5, 2020, 7:20 AM IST
Highlights

പിതാവിനെ രക്ഷിക്കുന്നതിൽ ദില്ലി സർക്കാർ പരാജയപ്പെട്ടുവെന്ന് അടുത്ത പോസ്റ്റിൽ വിമർശിച്ചു. എന്നാൽ ഈ ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. സൗത്ത് ദില്ലി ഗ്രേറ്റർ കൈലാസ് സ്വദേശിയായ 68 കാരൻ കൊവിഡ് ബാധിച്ച സംഭവത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. മരിച്ചയാളുടെ മകൾ അമർ പ്രീത് എന്ന യുവതി ട്വിറ്ററിൽ ഇട്ട കുറിപ്പിലാണ് ആരോപണം ഉന്നയിച്ചത്.

ദില്ലിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇന്നലെ രാവിലെ 8.5 ഓടെ ആശുപത്രിയിൽ എത്തിയെന്നും സഹായിക്കണമെന്നുമാണ് ആദ്യ പോസ്റ്റിൽ ആവശ്യപ്പെടുന്നത്. എന്നാൽ 9.8 ന് ഇട്ട രണ്ടാമത്തെ പോസ്റ്റിൽ അച്ഛൻ മരിച്ചെന്നും യുവതി പറയുന്നു.

പിതാവിനെ രക്ഷിക്കുന്നതിൽ ദില്ലി സർക്കാർ പരാജയപ്പെട്ടുവെന്ന് അടുത്ത പോസ്റ്റിൽ വിമർശിച്ചു. എന്നാൽ ഈ ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി. രോഗിക്ക് ചികിത്സ നിഷേധിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്നുമാണ് വിശദീകരണം. 

അതേസമയം ആരോപണം ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കെജ്രിവാൾ സർക്കാരിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി. കൊവിഡ് രോഗിയെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് കപിൽ മിശ്ര ആരോപിച്ചു. പരസ്യത്തിനായി മൂന്നു ദിവസം കൊണ്ട് 12 കോടി കെജ്രിവാൾ ചെലവാക്കിയെന്നും ഈ സാഹചര്യത്തിലാണ് കൊവിഡ് രോഗിക്ക് ദുര്യോഗം ഉണ്ടായതെന്നും കപിൽ മിശ്ര കുറ്റപ്പെടുത്തി.

click me!