ചീറ്റപ്പുലികളുടെ സംരക്ഷണം ഏറ്റെടുത്ത് സിദ്ധ്നാഥും ലക്ഷ്മിയും; എന്താണ് ഈ ആനകൾ ചെയ്യുന്നത്?

By Veena ChandFirst Published Sep 20, 2022, 5:50 PM IST
Highlights

നർമ്മദാപുരത്തുള്ള സത്പുര ടൈ​ഗർ റിസർവ്വിൽ നിന്നാണ് രണ്ട് ആനകളെ ചീറ്റപ്പുലികളുടെ സുരക്ഷ‌യ്ക്കായി എത്തിച്ചിരിക്കുന്നത്. സിദ്ധ്നാഥ്, ലക്ഷ്മി എന്നീ ആനകളെയാണ് പുതിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കടുവ സംരക്‌ഷണത്തിൽ പരിചയം ഉള്ളവരാണ് ഇരുവരും

ദില്ലി: കഴിഞ്ഞ ദിവസമാണ് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. 70 വർഷത്തിനു ശേഷം ചീറ്റകളെ ഇന്ത്യയിലെത്തിച്ച പ്രോജക്ട് ചീറ്റ പദ്ധതി വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. ചീറ്റപ്പുലികളെ സംരക്ഷിക്കാൻ കനത്ത സുരക്ഷയാണ് ദേശീയോദ്യാന അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചീറ്റപ്പുലികളുടെ സുരക്ഷയ്ക്കായി രണ്ട് ആനകളെയും നിയോ​ഗിച്ചിരിക്കുകയാണ്. 

നർമ്മദാപുരത്തുള്ള സത്പുര ടൈ​ഗർ റിസർവ്വിൽ നിന്നാണ് രണ്ട് ആനകളെ ചീറ്റപ്പുലികളുടെ സുരക്ഷ‌യ്ക്കായി എത്തിച്ചിരിക്കുന്നത്. സിദ്ധ്നാഥ്, ലക്ഷ്മി എന്നീ ആനകളെയാണ് പുതിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കടുവ സംരക്‌ഷണത്തിൽ പരിചയം ഉള്ളവരാണ് ഇരുവരും. ചീറ്റകൾ അവർക്കായി തയ്യാറാക്കിയ പ്രത്യേക മേഖലയിലാണോ ഉള്ളത്, ആ പ്രദേശം വിട്ട് അവ പോകുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കലാണ് ഇരുവരുടെയും ജോലി. അതിനായി സുരക്ഷാ ജീവനക്കാർക്കൊപ്പം രാപ്പകലില്ലാതെ റോന്ത് ചുറ്റലാണ് ഇവർ. 

 നമീബിയയിൽ നിന്നെത്തിയ ചീറ്റകളെ ഒരുമാസം ക്വാറന്റൈൻ സംവിധാനത്തിലാണ് പാർപ്പിക്കുക. അവിടങ്ങളിൽ തന്നെയാണോ ചീറ്റകൾ ഉള്ളതെന്ന് ഈ ആനകൾ നിരീക്ഷിക്കും. വേറെതെങ്കിലും മൃ​ഗങ്ങൾ ഈ സ്ഥലത്തേക്ക് കടക്കുന്നതിനെ ഇരുവരും തടയുകയും ചെയ്യും. 30 വയസ്സുള്ള സിദ്ധ്നാഥ് കടുവകളു‌ടെ റെസ്ക്യു ഓപ്പറേഷനിൽ വൈദ​ഗ്ധ്യം നേടിയവനാണെന്ന് കുനോ ദേശീയോദ്യാനത്തിലെ ഡിഎഫ്ഒ പ്രകാശ് കുമാർ വെർമ പറഞ്ഞു. അക്രമസ്വഭാവമുള്ള ഇവന് 2010ൽ രണ്ട് പാപ്പാന്മാരെ കൊലപ്പെടുത്തിയ ചരിത്രവുമുണ്ട്. ലക്ഷ്മി ശാന്തസ്വഭാവിയാണ്. ജം​ഗിൾ സവാരിയിലും പരിശീലനം ലഭിച്ചിട്ടുള്ള ആനയാണ് ലക്ഷ്മി. 

Read Also: രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് മോദി

അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് ഇന്ത്യയിലെത്തിച്ച സംഘത്തിലുള്ളത്.  രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവരാണ് ഇവ.  ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്.  ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും.  അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം  നാല് വയസ്. 

സംഘത്തിലെ ആദ്യ പെൺ ചീറ്റയെ ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ്. അമ്മ മരിച്ച കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബർ മുതൽ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയൻ വ്യാപാരിയുടെ സ്വകാര്യ ഭൂമിയിൽ നിന്ന് 2022 ജൂലൈയിൽ പിടിച്ചതാണ് രണ്ടാമത്തെ പെൺ ചീറ്റയെ. മൂന്നാമത്തെ പെൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. നാലാം ചീറ്റയെ 2017-ൽ ഒരു കൃഷിയിടത്ത് നിന്നും അവശനിലയിൽ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു. 2019 ഫെബ്രുവരിയിൽ  വടക്ക് പടിഞ്ഞാറൻ നമീബിയയിൽ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. 

 
 Read Also: ക്യാമറ കവര്‍ തുറക്കാതെ മോദി ചീറ്റയുടെ ഫോട്ടോയെടുത്തോ?; വ്യാജപ്രചാരണത്തിന്‍റെ സത്യം ഇതാണ്

click me!