വാട്ട്സാപ്പ് വീഡിയോ തുറന്നാല്‍ പത്ത് സെക്കന്‍റില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും; പ്രചാരണം വ്യാജം

By Web TeamFirst Published May 5, 2021, 3:02 PM IST
Highlights

ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ചൈനയും പാകിസ്ഥാനുമാണെന്നും പ്രചാരണം അവകാശപ്പെടുന്നത്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ വാട്ട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ശക്തമാകുന്നു. ഇന്ത്യ കൊവിഡിനെ ചെറുത്തത് എങ്ങനെയെന്ന് വിശദമാക്കുന്ന വീഡിയോ തുറക്കരുതെന്നും അത് തുറന്നാല്‍ പത്ത് സെക്കന്‍റിനുള്ളില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും എന്നുമാണ് ഇപ്പോള്‍ വ്യാപകമാവുന്ന സന്ദേശം. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ഇതേ സന്ദേശം പ്രചരിച്ചിരുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ചൈനയും പാകിസ്ഥാനുമാണെന്നും പ്രചാരണം അവകാശപ്പെടുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചതായി എവിടെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ദി ക്വിന്‍റിന്‍റെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ആരംഭിച്ച സമയത്ത് അര്‍ജന്‍റീനയുടെ പേരിലും ഇത്തരം പ്രചാരണം നടന്നിരുന്നു. വാട്ട്സ്ആപ്പിലൂടെ ഒരാളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് ഹാക്ക്ര്യൂ എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ സിഇഒ സായ് കൃഷ്ണ കോത്തപ്പള്ളി ക്വിന്‍റിനോട് വിശദമാക്കിയത്.

ഹാക്ക് ചെയ്യാനുള്ള ഒരു പഴുത് വാട്ട്സാപ്പ് സമയ ബന്ധിതമായി അടച്ചിരുന്നുവെന്നും സായ് കൃഷ്ണ കോത്തപ്പള്ളി പറയുന്നു. അതിനാല്‍ തന്നെ കൊവിഡിനെ ഇന്ത്യ നേരിട്ടതെങ്ങനെയെന്ന വാട്ട്സാപ്പ് വീഡിയോ തുറന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുമെന്ന പ്രചാരണം തെറ്റാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!