'ഗോതമ്പ് കയറ്റുമതി നിരോധനം ഇന്ത്യ പുനഃപരിശോധിക്കണം'; അഭ്യർഥനയുമായി ഐഎംഎഫ് മേധാവി

By Web TeamFirst Published May 24, 2022, 10:17 PM IST
Highlights

പ്രതികൂല കാലാവസ്ഥയും ഉൽപാദനത്തിലെ കുറവും കാരണം ആഭ്യന്തര വില റെക്കോർഡ് ഉയർന്നതിനെ തുടർന്ന് ഈ മാസം ആദ്യം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.

ദാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കാൻ ഇന്ത്യയോട് അഭ്യർഥിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവ. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഏകദേശം 1.35 ബില്യൺ ആളുകൾക്ക്  ഭക്ഷണം നൽകണം എന്ന വസ്തുതയെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. താപനില വർധിച്ചതിനാൽ ഉൽപാദനം കുറഞ്ഞതും അറിയാം. എന്നാൽ കൂടുതൽ രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഇന്ത്യ എത്രയും വേഗം പുനർവിചിന്തനം നടത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ​

ഗോതമ്പ് കയറ്റുമതി നി‌യന്ത്രണത്തിന് മറ്റ് രാജ്യങ്ങൾ നിർബന്ധിക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ ഇതൊരു ആ​ഗോള പ്രതിസന്ധിയായി മാറുമെന്നും അവർ എൻഡിടിവിയോട് പറഞ്ഞു.  സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു ജോർജീവ. യുക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചപ്പോൾ പ്രധാനമായി ബാധിച്ച മേഖലകളിലൊന്നാണ് ഗോതമ്പ്. ഇന്ത്യയ്ക്ക് എത്രത്തോളം, ഏതൊക്കെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും മറ്റുകാര്യങ്ങൾ. ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കാര്യമായി ഇന്ത്യ കയറ്റുമതി ചെയ്യുന്നതെങ്കിൽ‍ അവിടങ്ങളിലെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. 

പ്രതികൂല കാലാവസ്ഥയും ഉൽപാദനത്തിലെ കുറവും കാരണം ആഭ്യന്തര വില റെക്കോർഡ് ഉയർന്നതിനെ തുടർന്ന് ഈ മാസം ആദ്യം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. 2022-ൽ 106.41 ദശലക്ഷം ടൺ ​ഗോതമ്പ് വിളവെടുക്കാൻ സാധ്യതയുണ്ടെന്ന് കാർഷിക മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഈ വർഷം റെക്കോർഡ് കയറ്റുമതി ലക്ഷ്യമിടുന്നതായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കയറ്റുമതി നിരോധനം ഏർപ്പെ‌ടുത്തിയത്. ആഗോള ഗോതമ്പ് കയറ്റുമതിയുടെ 30 ശതമാനവും റഷ്യയും യുക്രൈനുമായതിനാൽ യുദ്ധം ഗോതമ്പിന്റെ അന്താരാഷ്ട്ര വിതരണത്തെ ബാധിച്ചു. റഷ്യയുടെ കയറ്റുമതിയെ പാശ്ചാത്യ ഉപരോധിച്ചതും തുറമുഖങ്ങൾ അടയ്ക്കാൻ യുക്രൈൻ നിർബന്ധിക്കപ്പെട്ടതും കയറ്റുമതിയെ ബാധിച്ചു. അതിന് പുറമെ കളായ കാനഡയിലും ഓസ്‌ട്രേലിയയിലും ഉൽപാദനം കുറഞ്ഞു. 

click me!