ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി, ഉത്തരവിറങ്ങി, വൻ പ്രതിഷേധം- Live Blog

jammu kashmir in parliament crucial moves in delhi live updates

11:50 AM IST

സംസ്ഥാനം വിഭജിക്കുന്നത് രണ്ടായി - ജമ്മു & കശ്മീർ വേറെ, ലഡാക്ക് വേറെ

ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയാണ്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും. 

11:31 AM IST

35 എ കൊണ്ടുവന്നത്, രാഷ്ട്രപതി, റദ്ദാക്കുന്നതും മറ്റൊരു രാഷ്ട്രപതി

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ. 

11:30 AM IST

ഒറ്റയടിക്ക് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി രാഷ്ട്രപതി

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്.

 

11:20 AM IST

ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബില്ലിനും അനുമതി

ജമ്മു കശ്മീരിനെ പൂർണമായും വിഭജിക്കാനുള്ള ബില്ലിനും അവതരണാനുമതി. 

11:17 AM IST

അനുമതി മൂന്ന് ബില്ലുകൾക്ക്

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി അനുമതി. 

11:16 AM IST

ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം മുഴുവൻ എടുത്ത് കളയാനുള്ള ബില്ല്

ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂർണമായും എടുത്ത് കളയാനുള്ള ബില്ല് അവതരിപ്പിക്കുന്നു.

11:15 AM IST

എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാമെന്ന് അമിത് ഷാ

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും 100 ശതമാനം മറുപടി പറയാനും തയ്യാറാണെന്ന് അമിത് ഷാ. 

11:12 AM IST

'ആദ്യം ആഭ്യന്തരമന്ത്രി പറയുന്നത് കേൾക്കൂ', എന്ന് സ്പീക്കർ

ആദ്യം ആഭ്യന്തരമന്ത്രി പറയുന്നത് കേൾക്കൂ എന്ന് സ്പീക്കർ വെങ്കയ്യ നായിഡു.

11:10 AM IST

രാജ്യസഭയിൽ ബഹളം, ശക്തമായി എതിർത്ത് ഗുലാം നബി ആസാദും പ്രതിപക്ഷവും

രാജ്യസഭയിൽ ബഹളം. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പ്രതിപക്ഷം. 

11:05 AM IST

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ചില ഭേദഗതികൾ കൊണ്ടു വരാനുണ്ടെന്ന് ഉപരാഷ്ട്രപതി

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സംവരണബില്ലിന് പുറമേ വേറെ ചില ഭേദഗതികളും കൊണ്ടുവരാനുണ്ടെന്ന് സ്പീക്കർ കൂടിയായ ഉപരാഷ്ട്രപതി. 

10:55 AM IST

നിയമനടപടികളും സജീവമെന്ന് സൂചന

സോളിസിറ്റർ ജനറൽ അമിത് ഷായെ കണ്ടു. 

10:45 AM IST

പ്രധാനമന്ത്രി പാർലമെന്‍റിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിൽ എത്തി. 

10:30 AM IST

കരസേനാ മേധാവി ദില്ലിയിലേക്ക്

കരസേനാ മേധാവി രാജസ്ഥാൻ സന്ദർശനം റദ്ദാക്കി തിരികെ ദില്ലിയിലേക്ക്. 

10:10 AM IST

സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം. 

10:00 AM IST

അമിത് ഷാ 11 മണിക്ക് പാർലമെന്‍റിൽ സംസാരിക്കും

രാജ്യസഭയിൽ അമിത് ഷാ സംസാരിക്കുമെന്ന് അറിയിപ്പ്. ലോക്സഭയിൽ പ്രസ്താവന 12 മണിക്ക്. 

9:45 AM IST

അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസും സിപിഎമ്മും കശ്മീർ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വീട്ടു തടങ്കലിലാക്കപ്പെട്ട നേതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ പി ചിദംബരവും, ശശി തരൂരും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. 

ജമ്മുകശ്മീരിൽ ഉണ്ടായിട്ടുള്ള അസാധാരണ സാഹചര്യം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് എൻ കെ പ്രേമചന്ദ്രൻ എംപി നോട്ടീസ് നൽകി. കശ്മീർ ജനതയുടെ മനസ്സിലുണ്ടായിരുന്ന ആശങ്കയും ഭീതിയും ദൂരീകരിക്കേണ്ടതാണ് എന്നും നോട്ടീസിൽ പറയുന്നു.

9:30 AM IST

നി‍ർണായകമായ കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി

ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കുന്നതിന് മുന്നോടിയായിട്ടാണ് ചർച്ചകൾ നടന്നതെന്നാണ് സൂചന. പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് തീരുമാനം വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷാ പാർലമെന്‍റിൽ സംസാരിക്കുമെന്ന സൂചനകൾ വരുന്നു.

9:15 AM IST

അമിത് ഷാ, നിയമമന്ത്രിയെ കാണുന്നു

കേന്ദ്രമന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അമിത് ഷാ നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. 

9:00 AM IST

സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗം

സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതിയും പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിൽ യോഗം ചേർന്നു. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ,  പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

8:15 AM IST

അമിത് ഷാ, അജിത് ദോവലിനെ കാണുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണുന്നു. 

8:00 AM IST

അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ. 

7:00 AM IST

അതീവജാഗ്രത, അഭ്യൂഹങ്ങൾ ശക്തം

ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കുന്നതിന് മുന്നോടിയായാണ് സൈനികവിന്യാസമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിൽ കൃത്യമായ നടപടി വരുന്നുവെന്ന സൂചന ശക്തമായി.

12:30 AM IST

അർദ്ധരാത്രി നാടകീയത, ആശങ്ക പടർന്ന് താഴ്‍വര

അർധരാത്രി കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കുന്നു. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് യൂസുഫ് തരിഗാമിയും വീട്ടു തടങ്കലിൽ. 

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളിൽ വൻ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകളാണ് വരുന്നത്.