ജമ്മു കശ്മീരിൽ ഇനി എന്ത്? കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നു, 11 മണിക്ക് അമിത് ഷായുടെ പ്രസ്താവന

By Web TeamFirst Published Aug 5, 2019, 9:47 AM IST
Highlights

ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയ സാഹചര്യത്തിലാണ് അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ദില്ലി: ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതിടെ ദില്ലിയിൽ കേന്ദ്രമന്ത്രിസഭായോഗം സാഹചര്യങ്ങൾ ചർച്ച ചെയ്തു. ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കുന്നതിന് മുന്നോടിയായിട്ടാണ് ചർച്ചകൾ നടന്നതെന്നാണ് സൂചന. ഇതിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതിയും പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിൽ യോഗം ചേർന്നു. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ,  പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദം 370, ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരായ പൗരൻമാർക്ക് ഭൂമി വാങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ പ്രത്യേക അവകാശങ്ങൾ ഉറപ്പാക്കുന്ന അനുച്ഛേദം 35 എ എന്നിവ പിൻവലിക്കുന്നതിനുള്ള ബില്ലുകൾ കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നേരത്തേ നിയമോപദേശം തേടിയിരുന്നു. പാർലമെന്‍റ്  സമ്മേളനം ബുധനാഴ്ച അവസാനിക്കാനിരിക്കെ, ഇതിന് മുമ്പ്, ബില്ലുകൾ കൊണ്ടുവരാൻ കഴിയുമോ എന്നാണ് കേന്ദ്രസർക്കാർ പരിശോധിക്കുന്നതെന്നാണ് സൂചന.

ഇതിനെതിരെയുള്ള പ്രതിഷേധം തടയാനാണ് ജമ്മു കശ്മീരിൽ വ്യാപകമായി നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവന്നതെന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്രമന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അമിത് ഷാ നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി. 

ഇതിനിടെ പ്രതിപക്ഷം വിഷയം പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പായി. രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസും സിപിഎമ്മും കശ്മീർ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അമിത് ഷാ ഇതിന് മറുപടിയുമായി ലോക്സഭയിൽ സംസാരിക്കുമെന്നാണ് സൂചന. വീട്ടു തടങ്കലിലാക്കപ്പെട്ട നേതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ പി ചിദംബരവും, ശശി തരൂരും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. 

ജമ്മുകശ്മീരിൽ ഉണ്ടായിട്ടുള്ള അസാധാരണ സാഹചര്യം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് എൻ കെ പ്രേമചന്ദ്രൻ എംപി നോട്ടീസ് നൽകി. കശ്മീർ ജനതയുടെ മനസ്സിലുണ്ടായിരുന്ന ആശങ്കയും ഭീതിയും ദൂരീകരിക്കേണ്ടതാണ് എന്നും നോട്ടീസിൽ പറയുന്നു.

370യും 35 എയും ഭരണഘടനയുടെ അനുച്ഛേദങ്ങളായതിനാൽത്തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് വെറുതെ പാസ്സായാൽ പോര. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ ഇത് നിയമമാകൂ. ജമ്മു കശ്മീരിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിൽ അതിന് മുമ്പ് ഈ ബില്ലുകൾ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയസന്ദേശം നൽകാൻ ബിജെപി ശ്രമിക്കും. പാർലമെന്‍റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഇതിന് മുമ്പ്, ബില്ലുകൾ ലോക്സഭയിലെങ്കിലും അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാൻ കഴിയുമോ എന്നാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. രാജ്യസഭയിൽ നിലവിലെ ഭൂരിപക്ഷം വച്ച് കേന്ദ്രസർക്കാരിന് ഈ ബില്ല് പാസ്സാക്കാനാകില്ല. 

ഇതൊന്നുമല്ലെങ്കിൽ ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കങ്ങളിലേക്ക് പോവുകയാണെന്ന സൂചനകളുമുണ്ട്. ഇതിന് ഇരുസഭകളും പാസ്സാക്കുകയും പകുതിയിലധികം സംസ്ഥാനങ്ങളും പിന്തുണയ്ക്കുകയും ചെയ്യുകയാണെങ്കിൽ ഭരണഘടനാ പരമായ തടസ്സങ്ങളില്ലെന്നാണ് നിയമവിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നത്. 

click me!