Latest Videos

പരാതിപ്രളയം! മദ്യവിതരണം, പണം, തോക്ക് കാട്ടി ഭീഷണി; സി-വിജിൽ ആപ്പ് ഹിറ്റ്

By Web TeamFirst Published Mar 30, 2024, 9:01 AM IST
Highlights

79,000ലധികം പരാതികള്‍, 99% കേസുകൾ തീർപ്പാക്കി, വന്‍ ഹിറ്റായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സി-വിജിൽ ആപ്പ്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനങ്ങൾ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി-വിജില്‍ ആപ്പ് (cVIGIL) ഹിറ്റ്. 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ 79,000ത്തിലധികം പരാതികൾ ലഭിച്ചപ്പോള്‍ ഇവയില്‍ 99% എണ്ണവും തീർപ്പാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 89% പരാതികളും 100 മിനിറ്റിനുള്ളിലാണ് പരിഹരിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 

സി-വിജില്‍ ആപ്പ് വഴി ലഭിച്ച 58,500ലധികം പരാതികൾ അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികൾ ലഭിച്ചു. 2454 പരാതികള്‍ വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതും 535 എണ്ണം തോക്ക് കാട്ടിയതും ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടതുമാണ്. തോക്ക് കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളിൽ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകൾ ഉപയോഗിച്ചതുൾപ്പെടെയുള്ളവയ്ക്കാണ് 1000 പരാതികൾ റിപ്പോർട്ട് ചെയ്തത്.

Read more: നൂറിലേറെ പ്രായമുള്ള 8900ലധികം വോട്ടർമാർ, 120ലേറെ പ്രായമുള്ളവർ 13; അമ്പരപ്പിച്ച് ഈ സംസ്ഥാനം

സി-വിജില്‍ ആപ്ലിക്കേഷൻ പൊതു തെരഞ്ഞെടുപ്പ് മേൽനോട്ടത്തിലും പ്രചാരണകോലാഹലങ്ങൾ കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നതായാണ് നിഗമനം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും വോട്ടർമാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങൾ നൽകുന്നത് അറിയിക്കാനും സി-വിജില്‍ ആപ്പ് ഉപയോഗിക്കണമെന്ന് 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അഭ്യർഥിച്ചിരുന്നു.

പൗരന്മാരെ ജില്ലാ കൺട്രോൾ റൂം, റിട്ടേണിങ് ഓഫീസർ, ഫ്ലയിങ് സ്ക്വാഡ് സംഘം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഉപയോക്തൃസൗഹൃദവും അനായാസം പ്രവർത്തിപ്പിക്കാവുന്നതുമായ ആപ്ലിക്കേഷനാണ് സി-വിജില്‍. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ റിട്ടേണിങ് ഓഫീസറുടെ ഓഫീസിലേക്ക് പോകാതെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ മിനിറ്റുകൾക്കുള്ളിൽ പൗരന്മാർക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. സി-വിജില്‍ ആപ്ലിക്കേഷനിൽ പരാതി അയച്ചാലുടൻ പരാതിക്കാരന് പ്രത്യേക തിരിച്ചറിയൽ നമ്പർ ലഭിക്കും. അതിലൂടെ വ്യക്തിക്ക് അവരുടെ മൊബൈലിൽ പരാതിയുടെ തൽസ്ഥിതി അറിയാനുള്ള സംവിധാനമുണ്ട്. പരാതികളിൽ സമയബന്ധിതമായി പ്രതികരിക്കുന്നതിന് 100 മിനിറ്റ് കൗണ്ട്‌ഡൗൺ ഉറപ്പാക്കിയിട്ടുണ്ട്. 

Read more: ബംഗാളില്‍ തൃണമൂലിന്‍റെ 'നടി'കർ രാഷ്ട്രീയം തുടരുന്നു; മറ്റൊരു സൂപ്പർ താരം കൂടി സ്ഥാനാർഥി

പൊതുജനങ്ങള്‍ക്ക് തത്സമയം ഓഡിയോയോ ഫോട്ടോയോ വീഡിയോയോ പകർത്തി പരാതി നല്‍കാം. ഒരു ചട്ടലംഘനം റിപ്പോർട്ട് ചെയ്യുന്നതിനായി ഉപയോക്താവ് സി-വിജിലിൽ ക്യാമറ ഓണാക്കുമ്പോൾ ഉടൻ ആപ്ലിക്കേഷനിലെ ജിയോ-ടാഗിങ് പ്രവർത്തനക്ഷമമാകും. ഇതോടെ റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനത്തിന്‍റെ കൃത്യമായ ലോക്കേഷന്‍ അറിയാനും പൗരന്മാർ പകർത്തിയ ചിത്രം കോടതിയിൽ തെളിവായി ഉപയോഗിക്കാനും കഴിയും. പൗരന്മാർക്ക് പേര് വെളിപ്പെടുത്താതെ പരാതികൾ അറിയിക്കാനും സൗകര്യമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!