അമരീന്ദർ സിംഗുമായി തമ്മിലടി: പഞ്ചാബ് മന്ത്രിസ്ഥാനം രാജി വച്ച് നവ്‍ജോത് സിംഗ് സിദ്ദു

By Web TeamFirst Published Jul 14, 2019, 12:30 PM IST
Highlights

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നവ്‍ജോത് സിംഗ് സിദ്ദുവിനെ പാർട്ടിയിലെത്തിയ കാലം മുതൽക്കേ അമരീന്ദർ സിംഗ് എതിർത്തു വന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാ‍ർട്ടിയിൽ തുറന്ന തമ്മിലടിയും പൊട്ടിത്തെറിയും തുടങ്ങി. 

അമൃത്സർ: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‍ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയതുൾപ്പടെ പാർട്ടിയിലെ തമ്മിലടിയുടെ ഭാഗമായാണ് രാജി. 

My letter to the Congress President Shri. Rahul Gandhi Ji, submitted on 10 June 2019. pic.twitter.com/WS3yYwmnPl

— Navjot Singh Sidhu (@sherryontopp)

പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്‍റെ തലയിൽ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്‍ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്. 

Latest Videos

ഊർജവകുപ്പിന്‍റെ ചുമതലയാണ് സിദ്ദുവിന് പിന്നീട് നൽകിയത്. പക്ഷേ വകുപ്പിൽ പ്രധാന ചുമതലകളൊന്നും നി‍ർവഹിക്കാൻ സിദ്ദു തയ്യാറായില്ല. 

എന്താണ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള പ്രശ്നം?

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ കോൺഗ്രസിന് പഞ്ചാബിലും കേരളത്തിലുമാണ് ആകെ ആശ്വാസം നൽകിയ ഫലം ലഭിച്ചത്. ആകെയുള്ള 13 ലോക്സഭാ സീറ്റുകളിൽ 8 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ ഗ്രാമീണമേഖലകളിൽ നിന്നാണ് കോൺഗ്രസിന് വോട്ട് ലഭിച്ചത്. നഗരമേഖലകളിൽ നല്ല വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തദ്ദേശഭരണവകുപ്പ് കൃത്യമായി സിദ്ദു കൈകാര്യം ചെയ്യാതിരുന്നതിനെത്തുടർന്നാണ് ഈ തോൽവിയുണ്ടായതെന്ന് നേരത്തേ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ജൂണിൽ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് സിദ്ദു വിട്ടു നിന്നു. 

തെരഞ്ഞെടുപ്പ് കാലത്തുടനീളം അമരീന്ദർ സിംഗ് - നവജ്യോത് സിംഗ് സിദ്ദു പോര് കോൺഗ്രസിനെ അലട്ടിയിരുന്നു. തന്‍റെ ഭാര്യ നവ്‍ജ്യോത് കൗറിന് സീറ്റ് നൽകാതിരിക്കാൻ അമരീന്ദർ സിംഗ് ഇടപെട്ടെന്ന് നേരത്തേ സിദ്ദു ആരോപിച്ചിരുന്നതാണ്. 20 ദിവസത്തോളം ഇതിന് പിന്നാലെ സിദ്ദു തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പങ്കെടുക്കാതിരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ തോൽവിയിൽ സിദ്ദുവിന് ഉത്തരവാദിത്തമുണ്ടെന്ന് തുറന്നടിച്ച അമരീന്ദർ സിംഗ്, പാകിസ്ഥാനിലേക്ക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ സിദ്ദു പോയത് തിരിച്ചടിയായെന്നും പറഞ്ഞു. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെക്കുറിച്ചുള്ള സിദ്ദുവിന്‍റെ പരാമർശങ്ങൾ വോട്ട് കുറച്ചെന്നും അമരീന്ദർ സിംഗ് ആരോപിച്ചു. 

എന്നാൽ ഇതിന് മറുപടിയായി, ചിലർ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടത്തുകയാണെന്നും, വോട്ട് കുറഞ്ഞതിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയിൽ മാത്രം കെട്ടിവയ്ക്കുകയാണെന്നും സിദ്ദു തിരിച്ചടിച്ചു. 

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വച്ച് പാക് സൈനിക മേധാവി ഖമർ ജാവേദ് ബാജ്‍വയെ ആലിംഗനം ചെയ്ത സിദ്ദുവിന്‍റെ നടപടിക്കെതിരെ അമരീന്ദർ സിംഗ് രൂക്ഷവിമർശനമുന്നയിച്ചിരുന്നതാണ്. അതിർത്തിയിൽ സൈനികർ പാക് തീവ്രവാദി ആക്രമണങ്ങളിൽ മരിച്ചു വീഴുമ്പോൾ ഇത്തരമൊരു നടപടി സിദ്ദുവിന്‍റെ ഭാഗത്തു നിന്നുണ്ടായത് തെറ്റാണെന്നും അന്ന് അമരീന്ദർ സിംഗ് തുറന്നടിച്ചിരുന്നു. 

2017-ലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നവ്‍ജോത് സിംഗ് സിദ്ദു ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഇതിനെ അമരീന്ദർ സിംഗ് ഉൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ അന്ന് തന്നെ ശക്തമായി എതിർത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയപ്പോൾ അന്ന് ഉപമുഖ്യമന്ത്രി പദം വേണമെന്ന് സിദ്ദു ആവ‌ശ്യപ്പെട്ടു. എന്നാൽ ശക്തമായ എതിർപ്പുയർന്നു. തുടർന്ന് ഒരു പ്രധാനപ്പെട്ട വകുപ്പിന്‍റെ ചുമതല സിദ്ദുവിന് നൽകുകയായിരുന്നു. അതാണ് പിന്നീട് മുഖ്യമന്ത്രി എടുത്തു കളഞ്ഞത്. 

click me!