പെ​ഗാസസ് ഫോൺ ചോർത്തൽ വിവാദം; കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും, വിശദീകരണവുമായി ഇസ്രയേൽ കമ്പനി

By Web TeamFirst Published Jul 21, 2021, 8:47 PM IST
Highlights

മാധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും എൻഎസ് ഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എൻഎസ്ഒ കമ്പനിയാണ് ചാരസോഫ്റ്റ് വെയറായ പെഗാസെസ് നിർമ്മിച്ചത്. 
 

ദില്ലി: പെ​ഗാസസ് ഫോൺ ചോർത്തലിൽ വിശദീകരണവുമായി ഇസ്രയേൽ കമ്പനിയായ എൻ എസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും. മാധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും എൻഎസ് ഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എൻഎസ്ഒ കമ്പനിയാണ് ചാരസോഫ്റ്റ് വെയറായ പെഗാസെസ് നിർമ്മിച്ചത്. 

രാഷ്ട്രീയക്കാർ,മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ്  ചോർത്തിയത് എന്നാണ് പുറത്തു വന്ന വിവരം. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെ​ഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. 

2019ലാണ് പെഗാസസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ്  യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ  പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നു. പിന്നാലെ വാട്സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. തുടർന്ന് 2019  നവംബറിൽ മറുപടി നൽകിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട്  ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നൽകി. 

 എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത.  തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ്  എന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.

ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോൺ വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!