'പൗരത്വമില്ലാത്ത' ലക്ഷങ്ങൾക്ക് അപ്പീൽ നൽകാൻ അസമിൽ ആകെയുള്ളത് 300 ട്രൈബ്യൂണലുകൾ

By Web TeamFirst Published Sep 2, 2019, 5:10 PM IST
Highlights

'പൗരത്വമില്ലാത്ത' 19 ലക്ഷം പേർക്ക് മുന്നിലാകെയുള്ള അഭയം ഫോറിനേഴ്‍സ് ട്രൈബ്യൂണലുകൾ എന്ന് വിളിക്കപ്പെടുന്ന ചെറു കോടതികളാണ്. നിലവിലുള്ള 100 ട്രൈബ്യൂണലുകൾക്ക് പുറമേ 200 എണ്ണം കൂടി തുടങ്ങിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 

ദില്ലി/ഗുവാഹത്തി: അസമിൽ പൗരത്വ റജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകൾക്ക് സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 200 ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 120 ദിവസമാണ് അപ്പീൽ നൽകാനുള്ള സമയം. ഇന്ന് വൈകിട്ടോടെയാണ് പുതിയ ട്രൈബ്യൂണലുകൾ രൂപീകരിച്ചെന്ന് ആഭ്യന്തരമന്ത്രാലയം 'അറിയിപ്പ്' പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് മുതൽ അപ്പീൽ നൽകാമെന്നാണ് മുന്നറിയിപ്പ്. 

ഓഗസ്റ്റ് 31 - മുതൽ 120 ദിവസത്തിനുള്ളിൽ ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകണമെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. നിലവിൽ 100 ഫോറിനേഴ്‍സ് ട്രൈബ്യൂണലുകളാണ് സംസ്ഥാനത്ത് പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കേസുകൾ പരിഗണിക്കാൻ രൂപീകരിച്ചിരുന്നത്. ഇന്ന് മുതൽ 200 പുതിയ ട്രൈബ്യൂണലുകൾ കൂടി സ്ഥാപിച്ചു. അങ്ങനെ സംസ്ഥാനത്തെ ആകെ ട്രൈബ്യൂണലുകളുടെ എണ്ണം 300 ആയി - ആഭ്യന്തരമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. 

Facts & Fig :
Adequate Judicial process avl for affected persons to appeal to within 120days from 31.08.2019. To facilitate appeal, 200 new FTs to be functional from today, in addition to 100 already existing. pic.twitter.com/1FAMMI194L

— Spokesperson, Ministry of Home Affairs (@PIBHomeAffairs)

നേരത്തേ അസം പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയോ, ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയക്കുകയോ ചെയ്യില്ല. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാകുന്നത് വരെ അവരുടെ അവകാശങ്ങളൊന്നും കവർന്നെടുക്കില്ലെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ അറിയിച്ചു. 

എൻആർസി ലിസ്റ്റിൽ നിന്ന് ഒഴിവായവർക്ക് വേണ്ടിയുള്ള എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും രവീഷ് കുമാർ വ്യക്തമാക്കി. ജുഡീഷ്യൽ പ്രക്രിയയിലൂടെയാണ് എല്ലാ അപ്പീലുകളും പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുക. അപ്പീൽ കാലാവധി കഴിഞ്ഞ ശേഷമേ അപ്പീലുകളിൽ വിചാരണ തുടങ്ങൂ. ട്രൈബ്യൂണലുകളിലും അപേക്ഷ തീർപ്പാക്കിക്കിട്ടാത്തവർക്ക് അസം ഹൈക്കോടതിയിലും അവിടെ നിന്ന് സുപ്രീംകോടതിയിലും ഹർജി നൽകാൻ അവകാശമുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് അറിയിച്ചു. 

ഈ പ്രക്രിയകളിലൂടെയെല്ലാം കടന്ന് പോയി പൗരൻമാരല്ലെന്ന് 'തെളിയിക്ക'പ്പെടുകയോ, മേൽക്കോടതിയെ സമീപിക്കാതിരിക്കുകയോ ചെയ്യുന്നവരെ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് മാറ്റാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. നിലവിൽ ആറ് ഡിറ്റൻഷൻ ക്യാമ്പുകളാണ് അസമിലുള്ളത്. ഗോൽപാര, ദിബ്രുഗഢ്, ജോർഹട്ട്, സിൽച്ചാർ, കൊക്രജാർ, തേസ്‍പൂർ എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളാണ് ഡിറ്റൻഷൻ ക്യാമ്പുകളാക്കിയിരിക്കുന്നത്. 

പക്ഷേ, പണ്ട് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് എത്തിയതോ, അല്ലെങ്കിൽ അവിടെ കഴിയുന്നവരോ ആയ, തീർത്തും ദരിദ്രരായ ജനങ്ങളിൽ എത്ര പേർക്ക് ഇത്തരം നിയമപോരാട്ടങ്ങൾ നടത്താൻ പണവും സ്വാധീനവുമുണ്ടെന്നതാണ് മറ്റൊരു ചോദ്യം. 'യഥാർത്ഥ' പൗരൻമാർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റികളിൽ നിന്ന് സഹായം നൽകുമെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബിജെപിയും കോൺഗ്രസും ഉൾപ്പടെയുള്ള പാർട്ടികളും ചില സന്നദ്ധസംഘടനകളും സഹായം വാഗ്‍ദാനം ചെയ്യുന്നു. 

എന്തെല്ലാം രേഖകൾ?

സുപ്രീംകോടതി വിധി പ്രകാരം, ഒരാൾക്ക് തന്‍റെ പൗരത്വം തെളിയിക്കാനായി ഹാജരാക്കാവുന്നത് 15 രേഖകളാണ്. അസമിൽ ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്, അതായത് 1971-ന് മുമ്പ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതാവണം രേഖ. 1971 മാർച്ച് 24-ന് ശേഷമുള്ള വോട്ടർ ലിസ്റ്റിൽ പേരുണ്ടാവുക, പൗരത്വ സർട്ടിഫിക്കറ്റുണ്ടാവുക, 1971 മാർച്ച് 24-ന് മുമ്പുള്ള റേഷൻ കാർഡുണ്ടാവുക എന്നതാണ് ഇവയിൽ ചിലത്. ഭൂരേഖകളോ, പാസ്പോർട്ടോ, കേന്ദ്രസർക്കാർ നൽകിയ തിരിച്ചറിയൽ രേഖകളോ, സർക്കാർ സർവീസിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളോ, ബാങ്ക്/ പോസ്റ്റോഫീസ് രേഖകളോ, ജനനസർട്ടിഫിക്കറ്റോ ഹാജരാക്കാം. 

എന്നാൽ, ഈ രേഖകളുടെയൊക്കെ സർട്ടിഫൈഡ് കോപ്പി ഹാജരാക്കിയില്ലെങ്കിൽ മിക്കവാറും ആർക്കും പുതിയ അംഗീകൃതരേഖ ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. 

ചില രേഖകളുടെ അസ്സൽ പകർപ്പ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകേണ്ടി വരും. അതിന് 120 ദിവസം മതിയാകില്ല. രേഖ നൽകിയ ഉദ്യോഗസ്ഥർ കോടതിയിൽ വന്ന് ഹാജരായി സാക്ഷി പറയണം. 19 ലക്ഷം പേരുടെയൊക്കെ രേഖകൾ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി പരിശോധിക്കണം. എളുപ്പമല്ല അത്. എന്തൊരു ഭീമാകാരമായ പ്രക്രിയയാകും അതെന്ന് നിയമവിദഗ്‍ധർ ആശങ്കപ്പെടുന്നു. 

ഫോറിനേഴ്‍സ് ട്രൈബ്യൂണലുകൾ കേസ് തീർപ്പാക്കുന്നതിന് ഒരു ചട്ടം വേണമെന്നും ചില നിയമവിദഗ്‍ധർ നിർദേശിക്കുന്നു. ഒരു എസ്ഒപിയില്ലെങ്കിൽ (SOP - Standard Operating Procedure) ബുദ്ധിമുട്ടാകും. ഇത് വർഷങ്ങൾ നീളും. 

ബിജെപിയുടെ തലവേദന

'അനധികൃത കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണ്', അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അമിത് ഷാ പറഞ്ഞതാണിത്. ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിർമ്മാണം, ഏകികൃത സിവിൽ നിയമം എന്നിവയ്ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. രണ്ടു കോടി കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നായിരുന്നു സർക്കാർ പാ‍ർലമെന്‍റിന് നേരത്തെ നൽകിയ കണക്ക്. 

എന്നാൽ അസം പൗരത്വ രജിസ്റ്ററിൽ ഒഴിവായത് 19 ലക്ഷം. ഇതിൽ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രം. പട്ടികയ്‍ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാർ പട്ടികയിൽ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ആരോപണം.

തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്. കൈ പൊള്ളിയിരിക്കുകയാണ് ബിജെപി. 

അസമിൽ ബിജെപി അധികാരത്തിൽ എത്തിയത് കുടിയേറ്റക്കാരോടുള്ള കോൺഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയിൽ നിന്ന് പുറത്തായവരിൽ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാർട്ടി വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോൺഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങൾ പുതിയ പശ്ചാത്തലത്തിൽ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താൻ അസംമാതൃക രജിസ്റ്റർ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാകുന്നു.  

click me!