പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടാണ് പ്രധാനം: ശശി തരൂര്‍

By Web TeamFirst Published Oct 7, 2022, 12:39 PM IST
Highlights

135 വര്‍ഷത്തെ ചരിത്രം പറഞ്ഞത് കൊണ്ട് മാത്രം നമ്മുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പകരം, നാളെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കണമെന്നും ശശി തരൂര്‍ പറയുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, തന്‍റെ സ്ഥാനാര്‍ത്ഥിത്വം രൂപപ്പെട്ടതെങ്ങനെയെന്നും അത് എന്തിന് വേണ്ടിയാണെന്നും മത്സരാര്‍ത്ഥികളിലൊരാളായ ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായി സംസാരിക്കുന്നു. 


തെരഞ്ഞടുപ്പുകള്‍ എങ്ങനെയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന് ശശി തരൂരിന് വ്യക്തമായ ധാരണയുണ്ട്. അതോടൊപ്പം കോണ്‍ഗ്രസിന്‍റെ പ്രധാന എതിരാളിയായ ബിജെപിയുടെ ശക്തിയെ കുറിച്ചും സംഘടനാ സംവിധാനത്തെ കുറിച്ചും അദ്ദേഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിന്‍റെ പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് ഹാഷ്ടാഗ് തന്നെ "Think Tomorrow, Think Tharoor" എന്നണ്. ചരിത്രം പറഞ്ഞിരുന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തിന് തടസം നേരിടുമെന്ന് വ്യക്തമാക്കുന്ന ശശി തരൂര്‍ നാളെയെ കുറിച്ചുള്ള തന്‍റെ ധാരണകളും പങ്കുവയ്ക്കുന്നു. കൂടാതെ 135 വര്‍ഷത്തെ ചരിത്രമുള്ള പാര്‍ട്ടിയില്‍ 22 വര്‍ഷത്തിന് ശേഷം ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ എങ്ങനെയാണ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം രൂപപ്പെട്ടതെന്നുമുള്ള കാര്യങ്ങള്‍ ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്... 

ഇന്ന് കോണ്‍ഗ്രസില്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നുണ്ടെന്ന് ഒരു പ്രതിനിധിക്ക് തോന്നുന്നുണ്ടെങ്കില്‍ അവര്‍ നിലവിലെ അവസ്ഥയ്ക്ക് വേണ്ടിയാകും വോട്ട് ചെയ്യുക. എങ്കിലും ഏറ്റവും അവസാനം മനസാക്ഷി വോട്ടാണ് പ്രധാനമെന്നും ശശി തരൂര്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ ഭാവിയെയാണ് തീരുമാനിക്കാന്‍ പോകുന്നത്. സ്വാഭാവികമായും ഓരോ വ്യക്തിക്കും അവരവരുടെതായ തീരുമാനങ്ങളെടുക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, മാറ്റം വരുത്തണമെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. അവര്‍ പറയുന്നത്, 2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 19 ശതമാനം വോട്ട് ലഭിച്ചു. 2019 ലും 19 ശതമാനം കിട്ടി. എന്നാല്‍, 2024 ലും കോണ്‍ഗ്രസിന് 19 ശതമാനം വോട്ടാണ് ലഭിക്കുന്നതെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. അത് പാര്‍ട്ടിയുടെ ഭാവിയെ തന്നെ പ്രശ്നത്തിലാക്കും. 

ഇതോടൊപ്പം 2014 നും 2019 നും ഇടയില്‍ പാര്‍ട്ടിയില്‍ നിന്നും വളരെ ചെറിയ ശതമാനം കൊഴിഞ്ഞ് പോക്ക് മാത്രമാണുണ്ടായത്. എല്ലാവരും പാര്‍ട്ടിയോടൊപ്പം നിന്നു. എന്നാല്‍, 2019 ന് ശേഷം നമ്മുക്ക് പെട്ടെന്ന് എടുത്ത് പറയാവുന്ന എട്ട് - പത്ത് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിക്കഴിഞ്ഞു. 2024 ലും അതാകും കോണ്‍ഗ്രസിന്‍റെ ഭാവി എന്ന് പല പ്രവര്‍ത്തകര്‍ക്കും ഭയമുണ്ട്. നമ്മള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടില്ലെങ്കില്‍, പാര്‍ട്ടിക്ക് ബലം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എങ്ങനെയാണ് ബിജെപിയുടെ വലിയ തെരഞ്ഞെടുപ്പ് സംവിധാനത്തെ നമ്മുക്ക് എതിരിടാന്‍ സാധിക്കുകയെന്നും ശശി തരൂര്‍ ചോദിക്കുന്നു. ബിജെപി ഒരു വലിയ വെല്ലുവിളിയാണ്. സര്‍ക്കാറിന്‍റെ എല്ലാ സ്ഥാപനങ്ങളെയും ബിജെപി ശക്തമായി കൈകാര്യം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ അവരുടെ സംഘടനാ ശക്തി ഇന്ത്യ കണ്ടതാണ്. ഈയൊരു അവസ്ഥയില്‍ നമ്മള്‍ ശക്തമായി അവരെ എതിര്‍ത്തില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെയാണ് നമ്മുക്ക് വേണ്ടി വോട്ട് ചെയ്യുകയെന്നും ശശി തരൂര്‍ ചോദിക്കുന്നു. ചില നേതാക്കള്‍ നമ്മളെ വിട്ട് പോകുമ്പോള്‍ ജനങ്ങളെ നമ്മള്‍ പാര്‍ട്ടിയിലേക്ക് ഏങ്ങനെയാണ് തിരിച്ച് കൊണ്ട് വരിക? അതിന് നമ്മുടെ ഭാഗത്ത് നിന്നും ഒരു മാറ്റം കാണിച്ചാല്‍ മാത്രമേ നമ്മുക്ക് ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയൂ. ഇതൊക്കെ പറഞ്ഞാണ് ആളുകള്‍ എന്നോട് മത്സരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവർത്തക സമിതിയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള സാധ്യത ഉടലെടുത്തപ്പോള്‍ തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ഞാനൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ ഭയപ്പെടുകയല്ല വേണ്ടതെന്നും തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടുന്ന ലേഖനമായിരുന്നു. ഉദാഹരണമായി, ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2019 ല്‍ അവരുടെ ദയനീയാവസ്ഥയെ മാറ്റിയെടുക്കാനായി പാര്‍ട്ടിയില്‍ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 12 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. പല തലങ്ങളിലായി നടത്തിയ മത്സരങ്ങളിലൂടെ ഓരോ ഘട്ടത്തിലായി പലരും പുറത്താക്കപ്പെട്ടു. ഒടുവില്‍, ബോറിസ് ജോണ്‍സണ്‍ വിജയിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായി. ഇതിന് കാരണം, ഈ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ എല്ലാവരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇത് പാര്‍ട്ടിയെ ക്ഷയിപ്പിക്കുകയായിരുന്നില്ല. മറിച്ച് ശക്തിപ്പെടുത്തുന്ന പ്രക്രിയായിരുന്നു. അത് തന്നെയാണ് ഞാന്‍ ലേഖനത്തില്‍ പറയാന്‍ ശ്രമിച്ചതും. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന്. അത് തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും. 

ഈ ലേഖനം മലയാളത്തിലും ഹന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ മത്സരം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരാണ്, അതും എനിക്ക് തീരെ അടുപ്പമില്ലാത്തവര്‍ പോലും എന്നെ വിളിച്ചും മെസേജ് അയച്ചും പറഞ്ഞത്. ' നിങ്ങള്‍ തന്നെ മത്സരിക്കണമെന്നാണ്.' 'ഞാന്‍ എന്നെ കുറിച്ചല്ല എഴുതിയതെന്നും പാര്‍ട്ടിക്ക് ഗുണം ചെയ്യണമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് ഞാന്‍ അവര്‍ക്ക് നല്‍കിയ മറുപടി. എന്നാല്‍, ജനങ്ങള്‍ ആഗ്രിഹിക്കുന്നത് നിങ്ങള്‍ മത്സരിക്കണമെന്നാണെന്നും നമ്മുക്ക് ജനങ്ങള്‍ക്കിടയില്‍ താങ്കളുടെ മുഖം കാണിച്ച് കൊടുക്കണമെന്നും പാര്‍ട്ടിയില്‍ മാറ്റം വന്നെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രവര്‍ത്തകരെന്നോട് പറഞ്ഞു... പഴയത് പോലല്ല കാര്യങ്ങളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. എങ്കിലെ നമ്മുടെ പാര്‍ട്ടി നന്നാവുകയൊള്ളൂ. അവരുടെ ആ നിര്‍ബന്ധത്തില്‍ നിന്നാണ് ഞാന്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായത്. 'Yes, We Can'എന്നത് തന്നെയാണ്. കൂടാതെ നാളെയെ കുറിച്ച് ചിന്തിക്കണമെന്നതാണ് ഞങ്ങളുടെ മുദ്രാവക്യം തന്നെ. "Think Tomorrow, Think Tharoor" എന്നതാണ് സാമൂഹ്യമാധ്യമ ഹാഷ്ടാഗ്. നമ്മള്‍ നാളെയെ കുറിച്ച് ചിന്തിക്കണം. അല്ലാതെ ഇന്നലത്തെ ചരിത്രം ആവര്‍ത്തിച്ച് കൊണ്ടിരുന്നിട്ട് കാര്യമില്ല. 135 വര്‍ഷത്തെ വലിയ ചരിത്രമുണ്ട് കോണ്‍ഗ്രസിന്. പക്ഷേ ആ കാലത്തെ ഏത്രത്തോളം നീട്ടാന്‍ സാധിക്കുമെന്നതാണ് ചോദ്യമെന്നും ശശി തരൂര്‍ വ്യക്തമാക്കുന്നു. 

click me!