കടുവ മുഖം, മാറി വന്ന ഉടമസ്ഥർ, പ്രത്യേകതകൾ ഏറെ; അറിയാം ചീറ്റകളെ എത്തിച്ച ബോയിങ് 747-400 വിമാനത്തെക്കുറിച്ച്

By Web TeamFirst Published Sep 17, 2022, 7:17 PM IST
Highlights

2001ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങിയതാണ് ഈ ബോയിങ് 747-400 യാത്രാവിമാനം. ഇതിന് മേല്‍ പതിപ്പിച്ചിരിക്കുന്നത് സൈബീരിയന്‍ കടുവയുടെ ചിത്രമാണ്.

ദില്ലി: നമീബിയയില്‍ നിന്ന്  ചീറ്റപ്പുലികളെ എത്തിച്ചതോടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ചീറ്റകളെ കൊണ്ടുവന്ന കടുവാമുഖമുള്ള വിമാനം. ബോയിങ് 747-400 എന്ന ഈ ചാര്‍ട്ടേര്‍ഡ് വിമാനത്തിനും ഒരു ചരിത്രമുണ്ട്.

2001ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങിയതാണ് ഈ ബോയിങ് 747-400 യാത്രാവിമാനം. ഇതിന് മേല്‍ പതിപ്പിച്ചിരിക്കുന്നത് സൈബീരിയന്‍ കടുവയുടെ ചിത്രമാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്തിന് പുറത്ത് കടുവയുടെ മുഖം വരച്ചു ചേർത്തിരിക്കുന്നത്.  2012 ജൂണില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിൽ നിന്ന് വിമാനം ട്രാന്‍സ് ഏറോ എയര്‍ലൈന്‍സ് എന്ന റഷ്യന്‍ സ്വകാര്യ വിമാനക്കമ്പനി വാങ്ങി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്   ആറ് വര്‍ഷം വിമാനം പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് 2021 ല്‍ അമേരിക്കയിലെ ടി.വി.പി.എക്സ്. ട്രസ്റ്റ് സര്‍വീസസ് എന്ന കമ്പനി ഈ വിമാനം ഏറ്റെടുത്തു. അവരിൽ നിന്ന് ഈ വർഷം മാര്‍ച്ചിൽ മോള്‍ഡോവ ആസ്ഥാനമായി ചാര്‍ട്ടര്‍ സര്‍വീസും ചരക്കു സര്‍വീസും നടത്തുന്ന ടെറാ ഏവിയ, 21 കൊല്ലത്തിലേറെ പഴക്കമുള്ള ഈ വിമാനം വാങ്ങി. 

നമീബിയയിൽ നിന്ന് ​ഗ്വാളിയാറിലേക്ക് കടുവകളെ കൊണ്ടുവരാനായി  വിമാനത്തിനുള്ളില്‍  പ്രത്യേകം കാബിനുകള്‍ സജ്ജീകരിച്ചിരുന്നു. ഈ അള്‍ട്രാ ലോങ് റേഞ്ച് ജെറ്റ് വിമാനത്തിന് 16 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. നമീബിയയില്‍നിന്ന് പുറപ്പെട്ട വിമാനം  മധ്യപ്രദേശിലാണ് പിന്നെ ലാന്‍ഡ് ചെയ്തത്.  ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലെത്തിച്ചു.  എട്ട് ചീറ്റപ്പുലികളെ‌യാണ് ഇന്ന് കുനോ ദേശീയോദ്യാനത്തൽ തുറന്നുവിട്ടത്. 

അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് സംഘത്തിലുള്ളത്.  രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവരാണ്.  ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്.  ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും.  അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം  നാല് വയസ്.

Read Also: ചീറ്റകൾ എങ്ങനെയാണ് ഇന്ത്യയിൽ നിന്നും ഇല്ലാതായത്? ട്വീറ്റ് പങ്കുവെച്ച് പർവീൺ കസ്വാൻ ഐഎഫ്എസ്

സംഘത്തിലെ ആദ്യ പെൺ ചീറ്റയെ ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ്. അമ്മ മരിച്ച കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബർ മുതൽ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയൻ വ്യാപാരിയുടെ സ്വകാര്യ ഭൂമിയിൽ നിന്ന് 2022 ജൂലൈയിൽ പിടിച്ചതാണ് രണ്ടാമത്തെ പെൺ ചീറ്റയെ. മൂന്നാമത്തെ പെൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. നാലാം ചീറ്റയെ 2017-ൽ ഒരു കൃഷിയിടത്ത് നിന്നും അവശനിലയിൽ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു. 2019 ഫെബ്രുവരിയിൽ  വടക്ക് പടിഞ്ഞാറൻ നമീബിയയിൽ നിന്ന് പിടിച്ചതാണ് സംഘത്തിലെ അവസാനത്തെ ചീറ്റയെ. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. 

ഡോക്ടർമാരടക്കം വിദഗ്ധ സംഘം കൂടെ തന്നെയുണ്ട്. കൂനോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിട്ടിരിക്കുന്നത്. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Read Also: 'വർഷങ്ങളുടെ പരിശ്രമം', ചീറ്റകൾ ഇന്ത്യൻ മണ്ണിൽ, ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി

click me!