മനസ്സാക്ഷി മരവിപ്പിച്ച കൂട്ടബലാത്സംഗം, ദേശവ്യാപക പ്രതിഷേധം .. കത്വ കൂട്ടബലാത്സംഗക്കേസ് നാൾവഴി

By Web TeamFirst Published Jun 10, 2019, 1:14 PM IST
Highlights

2018 ജനുവരി 10-ന് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ മയക്കു മരുന്ന് നൽകി മയക്കിക്കിടത്തി നാല് ദിവസം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യം കൃത്യമായി വാർത്തകൾ പോലും സംഭവത്തെക്കുറിച്ച് പുറത്തു വന്നിരുന്നില്ല. 

എട്ട് വയസ്സുമാത്രമുള്ള ഒരു നാടോടിബാലികയെ കൂട്ട ബലാത്സംഗത്തിനിരയാക്കുക, പിന്നീട് ഈ കുട്ടിയെ വിശ്വാസികൾ പ്രാർത്ഥിക്കാനെത്തുന്ന ക്ഷേത്രത്തിൽ മയക്കിക്കിടത്തുക, ഇതിന്‍റെ വിവരങ്ങൾ ആദ്യം പുറത്തുവരിക പോലും ചെയ്യാതിരിക്കുക, പിന്നീട് പ്രതിഷേധം ആളിക്കത്തിയപ്പോൾ അതിന്‍റെ പേരിൽ രാഷ്ട്രീയക്കാർ പരസ്പരം ചെളി വാരിയെറിയുക .. കത്വ കൂട്ടബലാത്സംഗക്കേസിന്‍റെ നാൾവഴികൾ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. കത്വ കോടതിയിൽ കേസിന്‍റെ കുറ്റപത്രം സമർപ്പിക്കാൻ പോലും കഴിയാതായപ്പോൾ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് കേസ് പഠാൻ കോട്ടിലെ അതിവേഗകോടതിയിലേക്ക് മാറ്റപ്പെട്ടത്. 114 സാക്ഷികളുള്ള കേസിൽ 275 തവണ വാദം കേട്ട്, ഒടുവിൽ ജില്ലാ സെഷൻസ് ജഡ്‍ജി തേജ്‍വീന്ദർ സിംഗ് ഇന്ന് വിധി പ്രസ്താവിക്കുകയാണ്. 

രാജ്യത്തെ നടുക്കിയ കേസിന്‍റെ നാൾവഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ...

ജനുവരി 10, 2018: ബകർവാൾ നാടോടിഗോത്രത്തിൽപ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള രസന ഗ്രാമത്തിൽ നിന്ന് കാണാതാകുന്നു. വീട്ടിലെ കുതിരകളെ മേയ്ക്കാൻ തൊട്ടടുത്തുള്ള തടാകത്തിന് അടുത്തേക്ക് പോയ ശേഷം പെൺകുട്ടിയെ ആരും കണ്ടിട്ടില്ലെന്നാണ് പരാതി. 

ജനുവരി 12, 2018: എട്ട് വയസ്സുകാരിയുടെ അച്ഛൻ കുട്ടിയെ കാണാനില്ലെന്ന് ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. കുട്ടി മേയ്ക്കാൻ കൊണ്ടുപോയ കുതിരകൾ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ കുട്ടിയെ കാണാനില്ല. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യപ്പെടുന്നു.

ജനുവരി 17, 2018: പെൺകുട്ടിയുടെ മൃതദേഹം വീടിന്‍റെ ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെ കണ്ടെത്തുന്നു. കത്വയിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കൊലപാതകത്തിന് മുമ്പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. 

ജനുവരി 18, 2018: കത്വ കൂട്ടബലാത്സംഗത്തിന്‍റെ വിവരങ്ങൾ പതുക്കെ ജമ്മു കശ്മീരിൽ നിന്ന് പുറത്തേക്ക് വരുന്നു. രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുന്നു. വിഷയം ജമ്മു കശ്മീർ നിയമസഭയിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നു. പിഡിപി - ബിജെപി സഖ്യസർക്കാരായിരുന്നു ജമ്മു കശ്മീരിൽ അധികാരത്തിലുണ്ടായിരുന്നത്. വിഷയം അടിയന്തരമായി പരിഗണിക്കാൻ തയ്യാറാകാതിരുന്നതിനാൽ പ്രതിപക്ഷപാർട്ടികൾ സഭ ബഹിഷ്കരിക്കുന്നു. 

ജനുവരി 22, 2018: കേസിൽ സംസ്ഥാനപൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. ഒടുവിൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിടുന്നു. 

ഫെബ്രുവരി 16, 2018: ഒരു തീവ്ര ഹിന്ദു സംഘടന ബലാത്സംഗക്കേസിലെ പ്രതികളെ അനുകൂലിച്ച് ജമ്മു കശ്മീരിൽ പ്രതിഷേധം നടത്തുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

മാർച്ച് 1, 2018: പ്രതികളെ അനുകൂലിച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘ‍ടന നടത്തിയ പ്രതിഷേധത്തിൽ ജമ്മു കശ്മീരിലെ രണ്ട് കാബിനറ്റ് മന്ത്രിമാർ പങ്കെടുക്കുന്നു - വനം വകുപ്പ് മന്ത്രി ചൗധരി ലാൽ സിംഗും വാണിജ്യമന്ത്രി ചന്ദർ പ്രകാശ് ഗംഗയും. കത്വ, ഹിരാനഗർ മണ്ഡലങ്ങളിലെ ബിജെപി എംഎൽഎമാരായ രാജീവ് ജസ്‍റോതിയ, കുൽദീപ് രാജ് എന്നിവരും റാലിയിലുണ്ടായിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രിമാരും എംഎൽഎമാരും യോഗത്തിൽ പ്രസംഗിക്കുന്നു. 

മാർച്ച് 21, 2018: കേസിൽ എട്ട് പ്രതികൾ അറസ്റ്റിൽ. കുറ്റപത്രത്തിലെ വിവരങ്ങളിങ്ങനെ: മൂന്ന് പൊലീസുദ്യോഗസ്ഥരടക്കമാണ് അറസ്റ്റിലായതെന്ന് കേസിന്‍റെ ഗൗരവം കൂട്ടുന്നു. ഇതിൽ ഒരാൾ പെൺകുട്ടിയെ 'മരിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ബലാത്സംഗം' ചെയ്തെന്ന് പൊലീസ്. രണ്ട് പൊലീസുദ്യോഗസ്ഥർ തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റിലായത്. കേസ് ഒതുക്കിത്തീക്കാൻ ഈ പൊലീസുദ്യോഗസ്ഥർ ശ്രമിച്ചെന്നും ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതി കത്വയിലെ രസന ഗ്രാമത്തിലുള്ള പൂജാരി സാഞ്ചി റാമാണെന്ന് പൊലീസ് കണ്ടെത്തി. ബകർവാൾ നാടോടിഗോത്രത്തിലുള്ളവരെ ഗ്രാമത്തിൽ നിന്ന് ഓടിക്കാനാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്തത്. സാഞ്ചി റാം പൂജാരിയായ ക്ഷേത്രത്തിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സാഞ്ചി റാമിന്‍റെ പ്രായപൂർത്തിയാകാത്ത മരുമകനും ബകർവാൾ ഗോത്രത്തിലെ ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പകരം വീട്ടലായിരുന്നു ലക്ഷ്യം. പ്രായപൂർത്തിയാകാത്തയാൾ കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ക്ഷേത്രത്തിലെത്തിച്ചു. പർവേഷ് കുമാർ അഥവാ മന്നു എന്ന ഇയാളുടെ സുഹൃത്താണ് ഇതിന് കൂട്ടുനിന്നത്. കുട്ടിയെ മരുന്നുകൾ നൽകി മയക്കിക്കിടത്തി കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത മരുമകൻ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. സാഞ്ചി റാമിന്‍റെ മകൻ വിശാലിനെ മീററ്റിൽ നിന്ന് വിളിച്ചു വരുത്തി. ഇയാളും കുട്ടിയെ ബലാത്സംഗം ചെയ്തു. 

കേസിൽ സ്പെഷ്യൽ പൊലീസ് ഓഫീസറാ്യ ദീപക് ഖജുരിയയും കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് പൊലീസുദ്യോഗസ്ഥർ ആനന്ദ് ദത്തയും ഹെഡ് കോൺസ്റ്റബിൾ തിലക് രാജും കേസ് ഒതുക്കിത്തീർക്കാൻ സഹായിച്ചു. 

ഏപ്രിൽ 10, 2018: കത്വ കേസിലെ കുറ്റപത്രം തയ്യാറായി, ഇത് കത്വ കോടതിയിൽ ഫയൽ ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഒരു കൂട്ടം അഭിഭാഷകർ തടഞ്ഞു. തുടർന്ന് അർധരാത്രിയെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. 

ഏപ്രിൽ 11, 2018: രാജ്യത്തിന്‍റെ പലയിടങ്ങളിലും പ്രതിഷേധം ഇരമ്പുന്നു, ജമ്മു കശ്മീരിലും പ്രതിഷേധം ശക്തം. 

ഏപ്രിൽ 13, 2018: പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതിയും കേസിൽ ആശങ്ക രേഖപ്പെടുത്തുന്നു. പ്രതികൾക്ക് അനുകൂലമായി പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാരും രാജിവച്ച് ഒഴിഞ്ഞു. 

ഏപ്രിൽ 14, 2018: യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയ ഗുട്ടറസ് സംഭവത്തെ ശക്തമായി അപലപിച്ചു. കേസിൽ നീതി ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ നിർദേശിച്ചു. 

ഏപ്രിൽ 16, 2018: കേസിൽ കത്വ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങുന്നു.

ഏപ്രിൽ 18, 2018: കത്വയിൽ കൂട്ടബലാത്സംഗത്തിനിരയായ കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് ദില്ലി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിട്ടു. 

മെയ് 7, 2018: സംസ്ഥാനത്തിന് പുറത്തേക്ക് കേസ് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. പഞ്ചാബിലെ പഠാൻകോട്ടിലുള്ള അതിവേഗകോടതിയിലേക്ക് കേസ് വിചാരണ മാറ്റി. മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ വിചാരണയ‍ുടെ വിശദാംശങ്ങൾ ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂർണമായും ക്യാമറയിൽ ചിത്രീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 

ജൂൺ 3, 2019: ഒരു വർഷം കൊണ്ട് കേസിലെ വിചാരണ അതിവേഗം പൂർത്തിയാക്കി. 114 സാക്ഷികളെ വിസ്തരിച്ചു. 

click me!