'വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാം': യുഎപിഎ ബില്ല് രാജ്യസഭയിലും പാസ്സായി

By Web TeamFirst Published Aug 2, 2019, 2:20 PM IST
Highlights

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് എതിർപ്പുകളുയർത്തിയെങ്കിലും കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. മുസ്ലീം ലീഗുൾപ്പടെയുള്ള സഖ്യകക്ഷികൾ ബില്ലിനെ എതിർത്തപ്പോഴാണിത്. 

ദില്ലി: ഏതൊരു പൗരനെയും തെളിവുകളുടെ അടിസ്ഥാനത്തിൽ 'തീവ്രവാദി'യായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന യുഎപിഎ നിയമഭേദഗതി ബില്ല് രാജ്യസഭയും പാസ്സാക്കി. നേരത്തേ ബില്ല് ലോക്സഭ പാസ്സാക്കിയിരുന്നു. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസ്സാക്കിയത്. 147 പേർ ബില്ലിനെ അനുകൂലിച്ചു. 42 പേർ എതിർത്തു.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുന്നതിനെതിരെ 104 പേർ വോട്ട് ചെയ്തു. വിടണമെന്ന് 84 പേരും വോട്ട് ചെയ്തു. 

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് എതിർപ്പുകളുയർത്തിയെങ്കിലും കോൺഗ്രസ് ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. മുസ്ലീം ലീഗുൾപ്പടെയുള്ള സഖ്യകക്ഷികൾ ബില്ലിനെ എതിർത്തപ്പോഴാണിത്. 

ബില്ലിനെ എതിർത്ത് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം പറഞ്ഞതിങ്ങനെ: 'യുഎപിഎ നിയമത്തോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം ഹനിച്ച് കേന്ദ്രസർക്കാരിന് അമിത അധികാരം നൽകുന്ന ചട്ടങ്ങളോടാണ് ഞങ്ങൾ എതിർപ്പറിയിക്കുന്നത്. ഇതിനെതിരെ 'ഒരു കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിലേക്ക്' ഞങ്ങളെ പറഞ്ഞയക്കരുത് (സുപ്രീംകോടതി). ഇവിടെ നിന്ന് തന്നെ ഞങ്ങളുടെ എതിർപ്പ് നിങ്ങൾ കേട്ടേ മതിയാകൂ. സർക്കാർ വിശ്വസിക്കുന്നുവെന്ന് വച്ച്, ഒരാളെ 'തീവ്രവാദി'യാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ഹഫീസ് സയ്യീദിനെയും, ഭീമ കൊരേഗാവ് കേസിൽ പ്രതിയായ സാമൂഹ്യപ്രവ‍ർത്തകൻ ഗൗതം നവ്‍ലഖയെയും ഒറ്റ തട്ടിൽ വച്ച് തൂക്കാനാകുമോ?'

തീവ്രവാദക്കേസിൽ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ലക്ഷ്യം വച്ചായിരുന്നു ഭോപ്പാലിൽ അവരെ എതിർത്ത് മത്സരിച്ച കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ പ്രസ്താവന. ''യുഎപിഎ ചുമത്തപ്പെട്ട എൻഐഎ റജിസ്റ്റർ ചെയ്ത സ്ഫോടനക്കേസിൽ പ്രതിയായ ഒരാളെ പാർലമെന്‍റിലെത്തിച്ച പാർട്ടി, അവർക്ക് വേണ്ടി എന്ത് വ്യവസ്ഥകളാണ് ഈ ബില്ലിൽ വയ്ക്കുക?'', ദിഗ്‍വിജയ് സിംഗ് ചോദിച്ചു.

ഇത്തരമൊരു നിയമഭേദഗതിയിലൂടെ ഒരു വിഭാഗം ആളുകളെ മാത്രമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് മുസ്ലീം ലീഗ് എംപി അബ്ദുൾ വഹാബ് ആരോപിച്ചു. ഭരണകൂടത്തിനെതിരായ ഏത് നിയമവിരുദ്ധമായ നടപടിയെയും ശക്തമായി നേരിട്ടേ പറ്റൂ. എന്നാൽ, മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമഭേദഗതികളെ അനുകൂലിക്കാനാകില്ല. ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ ലക്ഷ്യമിടാൻ ഈ നിയമഭേദഗതി ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ദുരുപയോഗം തടയാനുള്ള നടപടികൾ വേണമെന്നും ഇത് പരിശോധിക്കാൻ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും വഹാബ് എംപി ആവശ്യപ്പെട്ടു. 

സഖ്യകക്ഷിയായ മുസ്ലീംലീഗും സിപിഎമ്മും ശക്തമായി എതിർത്ത നിയമഭേദഗതിയെ പക്ഷേ വോട്ടെടുപ്പ് വന്നപ്പോൾ കോൺഗ്രസ് അനുകൂലിക്കുകയായിരുന്നു. 

മനുഷ്യാവകാശങ്ങൾ ഹനിക്കില്ലെന്ന് അമിത് ഷാ

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നാല് തലങ്ങളിൽ വിശദമായി പരിശോധിച്ച ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഒരാളെ തീവ്രവാദിയായി പ്രഖ്യാപിക്കൂ എന്ന് വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ ഹനിക്കില്ലെന്ന് ഉറപ്പ് വരുത്തും. പാകിസ്ഥാൻ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കെല്ലാം ഒരാളെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നിയമങ്ങളുണ്ട്. ഇന്ത്യ മാത്രം അതെന്തിന് വേണ്ടെന്ന് വയ്ക്കണം? ഒരു സംഘടനയെ തീവ്രവാദബന്ധമുണ്ടെന്ന് കണ്ട് നിരോധിച്ചാൽ മറ്റൊരു പേരിൽ അത് വീണ്ടും തിരിച്ചെത്തും. സംഘടനകളെ നിരോധിച്ചിട്ട് കാര്യമില്ലെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. തുടർച്ചയായി തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തന്നെ വേണം - അമിത് ഷാ പറഞ്ഞു. 

click me!