പൊന്‍പ്രഭയോടെ സൂര്യോദയം; സണ്‍റൈസേഴ്‌സിന് ഐപിഎല്‍ കിരീടം

By Web DeskFirst Published May 29, 2016, 12:52 PM IST
Highlights

ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ച സണ്‍റൈസേഴ്‌സ് എട്ടു റണ്‍സിനാണ് വിജയവും ഒപ്പം കിരീടവും കൈപ്പിടിയിലാക്കിയത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ആദ്യം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആര്‍സിബിയുടെ പോരാട്ടം 20 ഓവറില്‍ ഏഴിന് 200 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ ക്രിസ് ഗെയ്ല്‍(38 പന്തില്‍ 76), വിരാട് കൊഹ്‌ലി(35 പന്തില്‍ 54) എന്നിവര്‍ ആഞ്ഞടിച്ചപ്പോള്‍ ആര്‍സിബിയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരുന്നു. ഓപ്പണിങ്ങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.3 ഓവറില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ആര്‍സിബിയുടെ വിക്കറ്റുകള്‍ ഓരോന്നായി നഷ്‌ടപ്പെട്ടു. എബി ഡിവില്ലിയേഴ്‌സ്(അഞ്ച്), ഷെയ്ന്‍ വാട്ട്സണ്‍(11), എല്‍ രാഹുല്‍(11) എന്നിവര്‍ക്കൊന്നും പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. മലയാളി താരം സച്ചിന്‍ ബേബി പത്ത് പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബെന്‍ കട്ടിങ് രണ്ടു വിക്കറ്റെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ നന്നായി പന്തെറിഞ്ഞു. കൂടാതെ രണ്ടു റണ്ണൗട്ടുകളും ആര്‍സിബി ഇന്നിംഗ്സില്‍ നിര്‍ണായകമായി.

സ്‌കോര്‍- സണ്‍റൈസേഴ്‌സ്- 20 ഓവറില്‍ ഏഴിന് 208 & റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴിന് 200

മാന്‍ ഓഫ് ദ സീരീസ്- വിരാട് കൊഹ്‌ലി

മാന്‍ ഓഫ് ദ മാച്ച്- ബെന്‍ കട്ടിങ്

എമര്‍ജിങ് പ്ലേയര്‍- മുസ്‌താഫിസുര്‍ റഹ്മാന്‍

ഓറഞ്ച് ക്യാപ്പ്- വിരാട് കൊഹ്‌ലി

പര്‍പ്പിള്‍ ക്യാപ്പ്- ഭുവനേശ്വര്‍ കുമാര്‍

മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍- വിരാട് കൊഹ്‌ലി

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പതിവുപോലെ നായകന്‍ ഡേവിഡ് വാര്‍ണറുടെ ചിറകിലേറിയാണ് കുതിച്ചത്. 38 പന്തില്‍ 69 റണ്‍സെടുത്ത വാര്‍ണര്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറത്തി. ബെന്‍ കട്ടിങ് 39 റണ്‍സും യുവരാജ് സിങ് 38 റണ്‍സും നേടി. അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി മാറിയ ബെന്‍ കട്ടിങ് 15 പന്തില്‍ നാലു പടുകൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളും ഉള്‍പ്പടെയാണ് 39 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കു വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്നും ശ്രീനാഥ് അരവിന്ദ് രണ്ടും വിക്കറ്റുകള്‍ വീഴ്‌‌ത്തി. 

click me!